കൃഷിയും കൃഷിക്കാരനും
കൃഷിയും
ഒരു കൊച്ചു ഗ്രാമം. അവിടെ ഒരു ബ്രാഹ്മണന്‍ താമസിച്ചുപോന്നു. കൃഷിക്കാരന്റെ പേരു ഭരദ്വാജന്‍ എന്നായിരുന്നു. അത്തവണ നൂറുമേനി വിളഞ്ഞു. കൊയ്‌ത്തു കഴിഞ്ഞു. ഗ്രാമീണര്‍ അതീവസന്തുഷ്‌ടര്‍. സന്തോഷവാന്മാര്‍. അവര്‍ വിളവെടുപ്പ് ഉത്സവമാക്കി മാറ്റി. ആ സന്ദര്‍ഭത്തില്‍ ബുദ്ധന്‍ ഭിക്ഷ യാചിച്ച് ആ വഴി വന്നു.
ചിലര്‍ അദ്ദേഹത്തെ ആദരിച്ചു. ബുദ്ധനെ കണ്ടതോടെ ബ്രാഹ്മണനു ദേഷ്യം വന്നു. ഓരോ വേഷം കെട്ടി നടക്കുന്നു. അയാള്‍ മനസ്സില്‍ പിറുപിറുത്തു. പെട്ടെന്നു ബ്രാഹ്മണന്‍ പൊട്ടിത്തെറിച്ചു.
ഹേ, ഈ ഭിക്ഷ യാചിച്ചു നടക്കുന്നതിനെക്കാള്‍ നല്ലത് എന്തെങ്കിലും പണിക്കു പോയിക്കൂടേ നിങ്ങള്‍ക്ക്. നല്ല ആരോഗ്യവും ഉണ്ടല്ലൊ. ഞാന്‍ നിലം ഉഴുന്നു. വിത്തു വിതയ്‌ക്കുന്നു. അതു നന്നായി സംരക്ഷിക്കുന്നു. ഉണ്ണുന്നു. എത്രയോ കഷ്‌ടപ്പെട്ടിട്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്ന് അറിയാമോ? നിങ്ങളും ഇതുപോലെ പണിയെടുക്കൂ. അപ്പോള്‍ നിങ്ങള്‍ക്കും സുഭിക്ഷമായി കഴിയാനുള്ള വക അതില്‍ നിന്നും കിട്ടും.
ബുദ്ധന്‍ ചിരിച്ചുകൊണ്ടു ശാന്തനായി പറഞ്ഞു: ഞാനും ഉഴുകയും വിതയ്‌ക്കുകയും ചെയ്യുന്നു. ഉഴുതു വിതച്ചശേഷമാണു ഞാനും ഊണുകഴിക്കുന്നത്.
നിങ്ങള്‍ ഒരു കൃഷിക്കാരനാണെന്നോ? എങ്കില്‍ നിങ്ങളുടെ കലപ്പ എവിടെ? കാള എവിടെ? വിത്തെവിടെ? വയല്‍ എവിടെ? പരിഹാസത്തോടെ ബ്രാഹ്മണന്‍ ചോദിച്ചു.
മനസ്സാണ് എന്റെ കൃഷിയിടം. വിശ്വാസമാണു ഞാന്‍ വിതയ്‌ക്കുന്ന വിത്ത്. അതിനു ലഭിക്കുന്ന മഴയാണു സദ്‌കര്‍മങ്ങള്‍. എന്റെ കലപ്പ വിവേകവും വിനയവുമാണ്. ധര്‍മമാണ് എന്നെ നേര്‍വഴിക്കു നയിക്കുന്ന മൂക്കുകയര്‍. ആത്മാര്‍ത്ഥതയാണ് എന്റെ ചമ്മട്ടി. ഉത്സാഹമാണ് എന്റെ ഉഴവുകാള. ദുഷ്‌ടചിന്തകളാകുന്ന കളകളെ നശിപ്പിക്കാനാണ് ഈ ഉഴവുനടത്തുന്നത്. അതില്‍ നിന്നും അമൃതഫലം ലഭിക്കുന്നു. അതാണു നിര്‍വാണം- ബുദ്ധന്റെ വാക്കുകള്‍
ബ്രാഹ്മണന്റെ മനസ്സില്‍ കുളിര്‍മഴയായി മാറി. വല്ലാത്ത ഒരനൂഭൂതി ആ മനസ്സിലേക്ക് ഒഴുകിയെത്തി.
തന്റെ മനസ്സിലേക്കു സദ്‌ചിന്തയുടെ വിത്തുകള്‍ വിതച്ച ആ യോഗിയെ അയാള്‍ തിരിച്ചറിഞ്ഞു. ആദ്യം പരുഷമായി സംസാരിച്ചതില്‍ ബ്രാഹ്മണനു ദുഃഖം തോന്നി. അയാള്‍ ബുദ്ധന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha