വിവേകാനന്ദന്‍ തെളിച്ച വഴി
പ്രിയ കൂട്ടുകാരേ,
നാം പിറന്നുവീഴുന്ന നാടിന്റെ മഹത്വമാണു നമ്മുടെ മഹത്വം. ഓരോ നാടിനും അതിന്റേതായ സ്വന്തം ഭാഷയും വേഷവും സംസ്‌കാരവും ആചാരമര്യാദകളുമുണ്ട്. ഇവിടെ ജീവിക്കുമ്പോള്‍ നാം പിന്‍തുടരേണ്ടത് അതൊക്കെയാണ്. അതിനാണു `ഭാരതീയത' എന്നു പറയുന്നത്.
പക്ഷേ, ഇത്തരം ഒരു ഭാരതീയത ഇന്നു നമ്മുടെ നാട്ടില്‍ എത്ര പേര്‍ക്കുണ്ടാകും? ഭരണസാരഥികള്‍ പോലും ഇതൊക്കെ മറന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആഗോളീകരണത്തിന്റെ പേരുപറഞ്ഞു സ്വന്തം ഭാഷയെയും വേഷത്തെയും സംസ്‌കാരത്തെയും ആചാരമര്യാദകളെയും ചവിട്ടിത്താഴ്‌ത്താനാണ് ഇന്നു പലരും ശ്രമിക്കുന്നത്. ഇതു നാം ഭാരതാംബയോടു കാണിക്കുന്ന ഒരു ആത്മവഞ്ചനയാണ്.
ജനിച്ചുവളര്‍ന്ന നാടിന്റെ സംസ്‌കാരവും പൈതൃകവുമാണ് അയാളെ ഉത്തമ പൗരനാക്കിതീര്‍ക്കുന്നത്. എങ്കില്‍ മാത്രമേ ഏതൊരാള്‍ക്കും ഒരു നല്ല മനുഷ്യനായി ലോകത്തിന്റെ ഏതു കോണിലായാലും ജീവിക്കാന്‍ കഴിയൂ. നാടിനെയും സംസ്‌കാരത്തെയും ഉറക്കുമ്പോള്‍ ഒരാള്‍ക്കു നഷ്‌ടമാകുന്നതു സ്വത്വം തന്നെയാണ്. അതിനിട വരുത്താതെ നമ്മുടെ തനതു സംസ്‌കാരമൂല്യങ്ങള്‍ വരും തലമുറയിലേക്കു പകര്‍ന്നു നല്‌കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.
ഇക്കാര്യത്തില്‍ നാം മാതൃകയാക്കേണ്ട ധാരാളം മുന്‍ഗാമികള്‍ നമുക്കുണ്ട്. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടോളൂ. സ്വാമിജി അമേരിക്കയില്‍ പര്യടനം നടത്തുന്ന കാലമായിരുന്നു അത്.
ഒരു ദിവസം വൈകുന്നേരം അദ്ദേഹം അവിടെയുള്ള ഒരു പൂന്തോട്ടത്തില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഇംഗ്ലീഷ് വനിത അദ്ദേഹത്തിന്റെ അരികില്‍ വന്നു.
സ്വാമിജിയുടെ വേഷഭൂഷാദികള്‍ ശ്രദ്ധിച്ചുകൊണ്ട് ആ ഇംഗ്ലീഷുകാരി അദ്ദേഹത്തോടു പുച്ഛഭാവത്തില്‍ ചോദിച്ചു: ഞാനൊരു വിശേഷം ചോദിച്ചാല്‍ താങ്കള്‍ എന്നോടു ദേഷ്യപ്പെടില്ലല്ലൊ?
ഇല്ലില്ല; ഒരിക്കലുമില്ല. എന്തുവേണമെങ്കിലും ധൈര്യമായി ചോദിച്ചോളൂ -സ്വാമിജി ചിരിച്ചുകൊണ്ടു പറഞ്ഞു.
താങ്കള്‍ ഭാരതത്തില്‍ നിര്‍മിച്ച വസ്‌തുക്കള്‍ മാത്രം ഉപയോഗിക്കുന്ന ആളാണെന്നു നേരത്തേ പല പ്രസംഗങ്ങളിലും സൂചിപ്പിച്ചുവല്ലൊ. എന്നിട്ടും ഇപ്പോള്‍ താങ്കളുടെ കാലില്‍ കിടക്കുന്നതു വിദേശ നിര്‍മിത ഷൂസാണല്ലൊ. അതെന്താ?
അവരുടെ ചോദ്യത്തില്‍ പരിഹാസത്തിന്റെ കൂരമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്നു സ്വാമിജി മനസ്സിലാക്കി. അദ്ദേഹം മന്ദസ്‌മിതം കൈവിടാതെ പറഞ്ഞു:
സഹോദരീ, ഞാനിവിടെ എത്തിയപ്പോള്‍ ഇന്നാട്ടുകാര്‍ എനിക്കു സമ്മാനമായി നല്‌കിയ ഷൂസാണിത്. അവരുടെ സ്‌നേഹത്തിന്റെ ഉറവ ഇതിലുണ്ട്. അതുകൊണ്ടാണു ഞാനിതു ധരിക്കുന്നത്. പക്ഷേ, എപ്പോള്‍ ഞാന്‍ ഇവിടെ നിന്നു മടങ്ങുന്നുവോ, ആ നിമിഷം ഞാനിത് ഈ മണ്ണില്‍ ഉപേക്ഷിക്കും. പിന്നെ എനിക്ക് എന്റെ സ്വന്തം പാദരക്ഷകള്‍!
സ്വാമിജിയുടെ മറുപടി കേട്ട് ഇംഗ്ലീഷുകാരിയുടെ മുഖം വിവര്‍ണമായി. പിന്നെ ഒരക്ഷരം ഉരിയാടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. `ഭാരതീയതയെ താഴ്‌ത്തിക്കെട്ടാനുള്ള അവരുടെ ഗൂഢതന്ത്രം അതോടെ പൊളിഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ സ്വയം പരിഹാസപാത്രമായ ആ `മദാമ്മ' പെട്ടെന്നു തന്നെ അവിടന്നു മടങ്ങി,
സ്വാമിജിയുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? ഇവിടെയാണ് ഒരു യഥാര്‍ത്ഥ ഭാരതീയനെ നാം കണ്ടെത്തുന്നത്. മഹത്തായ ഭാരതീയ പൈതൃകം കാത്തുസൂക്ഷിക്കാന്‍ നാം എപ്പോഴും ഉണര്‍ന്നിരിക്കണം.
സസ്‌നേഹം
സിപ്പിയങ്കിള്‍
https://www.facebook.com/Malayalivartha