കൊച്ചുലിങ്കണ്‍ന്റെ നായസ്‌നേഹം
പ്രിയ കൂട്ടുകാരേ,
നായ്‌ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിശ്വസ്‌തതയുടെ പ്രതീകമായി നായ്‌ക്കള്‍ അറിയാന്‍ തുടങ്ങിയിട്ടും കാലമേറെയായി. ലോകപ്രസിദ്ധരായ പല സാഹിത്യകാരന്മാരും നായ്‌ക്കളെ കഥാപാത്രങ്ങളാക്കി വളരെ ശ്രദ്ധേയമായ കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലും നായ്‌ക്കളുടെ സാന്നിധ്യം കുറവല്ല.
തകഴിയുടെ `അവന്റെ സ്‌മരണകള്‍', കെ.ബാലകൃഷ്‌ണന്റെ `പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ എന്നീ നോവലുകള്‍ നായ്‌ക്കളെ കേന്ദ്രീകരിച്ചുള്ളവയാണ്. മഹാകവി ഉള്ളൂരിന്റെ `കാവല്‌ക്കാരന്‍' എന്ന കുട്ടിക്കവിത ഒരുകാലത്തു നമ്മുടെ പ്രൈമറി പാഠപുസ്‌തകങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.
``നമ്മുടെ വീടിനു കാവല്‌ക്കിടക്കും
നായൊരു നല്ല മൃഗം.
നമ്മെക്കാണുന്നളവതു കാട്ടും
നന്ദി മറക്കാമോ?'' -
എന്ന വരികള്‍ ഇന്നും പലരുടെയും ചുണ്ടിലുണ്ടാകും. കുറ്റവാളികളെ തേടിപ്പിടിക്കുന്ന പോലീസ് നായ്‌ക്കളും, അമ്പരപ്പിക്കുന്ന അഭ്യാസങ്ങള്‍ കാണിക്കുന്ന സര്‍ക്കസ് നായ്‌ക്കളും നമുക്കു സുപരിചിതരാണ്. ബുദ്ധിയുടെയും നിസ്വാര്‍ത്ഥമായ യജമാനസ്‌നേഹത്തിന്റെയും കാര്യത്തില്‍ നായയെക്കാള്‍ മുന്നില്‍ മറ്റൊരു വളര്‍ത്തുമൃഗവും ഇല്ലെന്നു തന്നെ പറയാം.
ചരിത്രത്തിലെ പല മഹാന്മാരും നായ്‌ക്കളെ വാത്സല്യപൂര്‍വം കണ്ടിരുന്നവരാണ്. കുഞ്ഞുങ്ങളുടെ കളിത്തോഴനായ ചാച്ചാജിയും നായ്‌ക്കളെ കൂടുതലായി സ്‌നേഹിച്ചിരുന്നു. ലോകനേതാക്കള്‍ പലരും തങ്ങളുടെ വളര്‍ത്തു നായയോടു പുലര്‍ത്തുന്ന സ്‌നേഹത്തില്‍ പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നവരാണ്.
ഒരിക്കല്‍ അമേരിക്കയിലെ ഒരു ഗ്രാമം മുഴുവന്‍ പകര്‍ച്ചവ്യാധി പിടിപെട്ടു. അതിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ആളുകള്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍, ഒരു പാവപ്പെട്ട കുടുംബത്തിന് അവിടെനിന്നു രക്ഷപ്പെടാന്‍ ഒരു പുഴ കടക്കേണ്ടതുണ്ടായിരുന്നു. വളരെ പണിപ്പെട്ട് ആ കുടുംബം പുഴ കടന്നു. പക്ഷേ, തങ്ങള്‍ ഓമനിച്ചുവളര്‍ത്തുന്ന വിശ്വസ്‌തനായ നായയെ കൂടെ കൊണ്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പേടിച്ച് ഉറക്കെ മോങ്ങിക്കൊണ്ട് ആ നായ പുഴയുടെ അക്കരെനിന്നു. സ്വന്തം യജമാനന്മാര്‍ കണ്‍വെട്ടത്തുനിന്നു പോയ് മറഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
പുഴ കടന്നുപോയ യജമാനന്മാരെ ഓര്‍ത്തുകൊണ്ടു പാവം നായ് ഉച്ചത്തില്‍ വീണ്ടും വീണ്ടും കുരയ്‌ക്കാന്‍ തുടങ്ങി. അവന്റെ യജമാനസ്‌നേഹം ആരുടെയും കരളലിയിക്കുന്നതായിരുന്നു. പക്ഷേ, അതിനെ കൂടെ കൊണ്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പട്ടിയുടെ കുര കേള്‍ക്കാത്ത മട്ടില്‍ ആ കുടുംബം അക്കരെയെത്തി. വീണ്ടും യാത്ര തുടരാനായി അവര്‍ ഒരു കാളവണ്ടിയില്‍ കയറി. അപ്പോഴും നായയുടെ ദയനീയമായ നിലവിളി ഉറക്കെ മുഴങ്ങിക്കൊണ്ടിരുന്നു. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മകന് ഈ അനീതി ക്ഷമിക്കാന്‍ കഴിഞ്ഞില്ല. തന്റെ പ്രിയങ്കരനായ കൂട്ടുകാരന്റെ ശബ്‌ദം അവനെ പിടിച്ചുനിറുത്തി.
ആ ചെറുപ്പക്കാരന്‍ കാളവണ്ടിയില്‍നിന്നു ചാടിയിറങ്ങി പുഴയുടെ മറുകരയിലേക്കു തിരിച്ചുനീന്തി. ഒട്ടുംതാമസിയാതെ സാഹസികനായ ആ കൊച്ചുമിടുക്കന്‍ നായയെയുംകൊണ്ടു നീന്തിത്തുടിച്ചു കാളവണ്ടിക്കരികിലെത്തി.
വീട്ടുകാരും കാണികളും കൗതുകത്തോടും അത്ഭുതത്തോടും കൂടി അവനെ നോക്കി. പില്‌ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഏബ്രഹാം ലിങ്കണായിരുന്നു ആ കൊച്ചുധീരന്‍! നായയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം നമുക്കും ഒരു നല്ല പാഠമാണ്; അല്ലേ?
സസ്‌നേഹം
സിപ്പിയങ്കിള്‍
https://www.facebook.com/Malayalivartha