തന്‍കാര്യം മുന്‍കാര്യം

കച്ചവടസംഘത്തിന്റെ ചുമടുംപേറി നടക്കുകയായിരുന്നു കഥനകന്‍ എന്ന ഒട്ടകം. എടുക്കാവുന്നതിലധികം ഭാരമായിരുന്നു അവന്റെ മുതുകത്തു വച്ചുകെട്ടിയിരുന്നത്. കുറെ മുന്നോട്ടു പോയപ്പോള്‍ ഭാരം താങ്ങാനാവാതെ അവന്‍ തളര്‍ന്നുവീണു. അവന് എഴുന്നേല്‌ക്കാനായില്ല. അതുകൊണ്ടു കച്ചവടക്കാര്‍ കഥനകനെ വഴിയില്‍ ഉപേക്ഷിച്ചിട്ടു പോയി.
തന്റെ മുതുകത്തെ ഭാരമെല്ലാം നീങ്ങി കുറെനേരം വിശ്രമിച്ചപ്പോള്‍ കഥനകന്റെ ക്ഷീണവും തളര്‍ച്ചയുമെല്ലാം നീങ്ങി. അവന്‍ എഴുന്നേറ്റു നടന്നുതുടങ്ങി. നടന്നു നടന്ന് അവനൊരു കാട്ടില്‍ എത്തി.
ആ കാടു വാണിരുന്നതു മദോത്‌കടന്‍ എന്ന സിംഹമായിരുന്നു. രാജ്യഭരണത്തില്‍ ഉപദേശിക്കാന്‍ സിംഹത്താനു മൂന്നു മന്ത്രിമാരുണ്ടായിരുന്നു. ഒരു കടുവ, ഒരു കുറുക്കന്‍, ഒരു കാക്ക.
ഒരു ദിവസം മദോത്‌കടനും മന്ത്രിമാരും കൂടി നാടുകാണാനിറങ്ങി. അങ്ങനെ ചുറ്റിനടക്കുന്നതിനിടയില്‍ മദോത്‌കടന്‍ ഒരു വിചിത്രജീവിയെക്കണ്ടു. നീണ്ട കഴുത്തും, ചെറിയ തലയും പെട്ടകം പോലെ വയറും പുറത്തു വലിയൊരു മുഴയും നീണ്ടുമെലിഞ്ഞ കാലും. അങ്ങനെയൊരു ജീവിയെ മദോത്‌കടന്‍ ആദ്യം കാണുകയാണ്. സിംഹത്താനു ചെറിയൊരു ഭയം തോന്നിയെങ്കിലും അതൊന്നും അവന്‍ ഭാവിച്ചില്ല. അവന്‍ മന്ത്രിമാരോടു പറഞ്ഞു:
അതെന്തു ജീവി? ഇതുപോലൊന്നിനെ മുന്‍പെങ്ങും നമ്മുടെ കാട്ടില്‍ കണ്ടിട്ടില്ലല്ലോ?
കാക്കയാണു മറുപടി നല്‌കിയത്. പ്രഭോ, ഇവനാണ് ഒട്ടകം. തനി നാടന്‍.
ശരി, അവനെ നമ്മുടെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുവരൂ എന്നു പറഞ്ഞ് മദോത്‌കടന്‍ കൊട്ടാരത്തിലേക്കു മടങ്ങി.
കാക്കച്ചാര്‍ ഒട്ടകത്തെ അനുനയിപ്പിച്ചു സിംഹത്താന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. ഒട്ടകത്തിന്റെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ മദോത്‌കടന് ഒട്ടകത്തോട് അനുകമ്പയായി. അവന്‍ പറഞ്ഞു: എടാ കഥനകാ, നീയിനി നാട്ടിലേക്കൊന്നും പേകേണ്ട. അവിടെച്ചെന്നു ചുമടെടുത്തു കഷ്‌ടപ്പെടുകയും വേണ്ട. നീ ഇവിടെ നമ്മുടെ കൂടെ കൂടിക്കോളൂ. ഈ കാട്ടിലെ നല്ല മരതക കൂമ്പുകള്‍ പോലുള്ള പുല്ലു തിന്നു കഴിഞ്ഞോളൂ.
അന്നുമുതല്‍ ഒട്ടകവും മദോത്‌കടന്റെ അന്തേവാസിയായി.
അങ്ങനെയിരിക്കെ മദോത്‌ക്കടനും വലിയൊരു കാട്ടാനയും തമ്മിലൊരു പോരു നടന്നു. പോരില്‍ കാട്ടാനയുടെ കുത്തേറ്റു മദോത്‌ക്കടന്‍ വീണുപോയി. കഷ്‌ടിച്ചു ജീവന്‍ തിരിച്ചു കിട്ടിയെന്നു മാത്രം. കിടന്ന കിടപ്പുതന്നെ.
വിശപ്പു സഹിക്കാതായപ്പോള്‍ സിംഹം മന്ത്രിമാരോടു പറഞ്ഞു: എനിക്ക് ഓടിച്ചാടി ഇരപിടിക്കാനൊന്നും വയ്യ. നിങ്ങള്‍ പോയി ഏതെങ്കിലുമൊരു ജന്തുവിനെ പറഞ്ഞുപറ്റിച്ച് ഇവിടെ കൊണ്ടുവരൂ. ഇവിടെ എത്തിച്ചാല്‍പിന്നെ ഞാന്‍ അവനെ തട്ടാം;
പുലിയും കുറുക്കനും കാക്കയും ഒട്ടകവും കൂടി ഉടനെ ഇറങ്ങി. കാടു മുഴുവന്‍ ചുറ്റിത്തിരിഞ്ഞു. ഒരു ജന്തുവിനെയും അവര്‍ക്കു കിട്ടിയില്ല.
അവര്‍ നിരാശരായി തിരിച്ചുനടന്നു. അതിനിടയില്‍ കുറുക്കന്‍ കാക്കയോടു മന്ത്രിച്ചു: എടോ, കാക്കേ; നമ്മളിങ്ങനെ നടന്നു കഷ്‌ടപ്പെടേണ്ട വല്ല കാര്യവുമുണ്ടോ? ഇവനുണ്ടല്ലോ, ഈ കഥനകന്‍. ഇവനെ വകവരുത്താം. കുറെ ദിവസത്തേക്ക് ഇവന്റെ ഇറച്ചി ധാരാളം മതി.
കാക്കയ്‌ക്കു സംശയമായി.
അതെങ്ങനെ? മദോത്‌ക്കടന്‍ ഇവന് അഭയം കൊടുത്തിരിക്കയല്ലേ? അവനെ തിരുമനസ്സു വധിക്കുമോ?
എടോ കാക്കേ, അതൊക്കെ ഞാന്‍ ഒപ്പിച്ചോളാം പണി. പ്രഭുവിനെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റൂ.
കുറുക്കന്‍ വേഗം മദോത്‌ക്കടന്റെ അടുത്തേക്കോടി. അവന്‍ പറഞ്ഞു: പ്രഭോ, ഞങ്ങള്‍ കാടുമുഴുവന്‍ തിരഞ്ഞു. ഒറ്റൊരുത്തനെയും കിട്ടിയില്ല. അങ്ങ് എത്ര ദിവസമായി പട്ടിണി കിടക്കുന്നു. ഞങ്ങള്‍ക്കും വിശപ്പു സഹിക്കാതായി. മറ്റൊരു വഴിയും കാണാത്തതുകൊണ്ട് പറയുകയാണ്. അങ്ങു കഥനകനെ കൊല്ലണം. അങ്ങേയ്‌ക്കു പഥ്യാഹാരവുമായി. ഞങ്ങളുടെ വിശപ്പും അടങ്ങും.
സിംഹത്താനു കോപം വന്നു. അവന്‍ പറഞ്ഞു: എടാ നീചാ; എടാ പാപീ. ഞാന്‍ അഭയം നല്‌കിയവനെ ഞാന്‍ കൊല്ലണമെന്നോ? എല്ലാ ദാനത്തിലും വലുതാണ് അഭയദാനം. മേലില്‍ ഇതുപോലെന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം നിന്റെ കഥ ഞാന്‍ കഴിക്കും.
കുറുക്കന്‍ പിന്നെ അവിടെ നിന്നില്ല. അവന്‍ പുലിയുടെയും കാക്കയുടെയും ഒട്ടകത്തിന്റെയും അടുത്തെത്തി പറഞ്ഞു: കൂട്ടരേ, നമ്മുടെ പ്രഭു വളരെ അപകടനിലയിലാണ്. ആഹാരം പോലുമില്ലാതെ കിടന്നകിടപ്പ്. അദ്ദേഹത്തിനെന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെയൊക്കെ ആരാണു സംരക്ഷിക്കുക? അദ്ദേഹത്തിനു ഭക്ഷണമായി നമ്മുടെ ശരീരം തന്നെ കൊടുക്കണം. അതാണു നമ്മുടെ കടമ.
അവരെല്ലാവരും മദോത്‌ക്കടന്റെ ചുറ്റും കൂടി ദുഃഖം നടിച്ചിരുപ്പായി. ഇതിനകം കുറുക്കനും കാക്കയും കൂടി ഒരു ഗൂഢപദ്ധതി തയ്യാറാക്കിയിരുന്നു. അതനുസരിച്ചു കാക്ക പറഞ്ഞു: ഇരകളൊന്നും പിടികിട്ടിയില്ല. അങ്ങ് എന്നെ തിന്നുകൊള്ളുക. വിശപ്പ് അല്‌പമൊന്നടങ്ങട്ടെ.
ഇതുകേട്ട് കുറുക്കന്‍ പറഞ്ഞു: എടോ കാക്കേ; നിന്റെ ദേഹത്തുള്ള കാല്‍കഴഞ്ച് ഇറച്ചി എന്തിനുപോരും? കൊന്നെന്നു പേരും. അതുകൊണ്ടു തിരുമേനി എന്നെക്കൊന്നു ഭക്ഷിച്ചാലും.
ഇതുകേട്ടു കടുവ മുന്നിലേക്കു നീങ്ങി മദോത്‌ക്കടനെ വണങ്ങിയിട്ടു പറഞ്ഞു: തിരുമേനി ഇവരേക്കാളും മെച്ചമാണ് എന്റെ ഇറച്ചി. തൂക്കവും കൂടുതലുണ്ട്. അങ്ങ് എന്നെ വധിക്കണം; എന്നെത്തിന്നു വിശപ്പടക്കണം.
ഇതൊക്കെ കഥനകനും കേള്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ചിന്തിച്ചു. എല്ലാവരും തങ്ങളെത്തിന്നു വിശപ്പടക്കിക്കൊള്ളാനാണ് ആവശ്യപ്പെടുന്നത്. പക്ഷേ, സിംഹത്താന്‍ ആരെയും വധിക്കുന്നുമില്ല. താനും മോശമാവാന്‍ പാടില്ല എന്നുറച്ചു കഥനകന്‍ മുന്നോട്ടുവന്നു പറഞ്ഞു: തിരുമേനീ ഈ കാട്ടില്‍ അങ്ങാണ് എനിക്ക് അഭയം തന്നത്. എന്റെ ജീവനും, എന്റെ ഈ തടിയുമെല്ലാം അങ്ങേക്കവകാശപ്പെട്ടതാണ്. അങ്ങ് എന്നെക്കൊന്നു തിന്നണം.
കഥനകന്‍ പറഞ്ഞുതീര്‍ന്നില്ല; പുലിയും കുറുക്കനും ഒട്ടകത്തിന്റെ മേല്‍ ചാടിവീണു. അവനെ മാന്തിക്കീറി. അങ്ങനെ മദോത്‌ക്കടനും മന്ത്രിമാരും വിശപ്പടക്കി.
ഉപദേശകന്‍ അധമരായാല്‍ ആശ്രിതര്‍ക്കു രാജാവിന്റെ സംരക്ഷണം ലഭിക്കില്ല. ഇതാണു സാരം.
https://www.facebook.com/Malayalivartha