അനിലമോളെത്തേടി

തെരുവിലൂടെ പാഞ്ഞുപോയ ആ നീല നിറത്തിലുള്ള കാറില്‍ കണ്ടത് തന്റെ കുഞ്ഞുപെങ്ങള്‍ അനിലമോളെയാണോ? ബിജു ചിന്താകുഴപ്പത്തിലായി.
ആ കാറിന്റെ നമ്പര്‍പോലും ഒന്നു ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ് അതു കടന്നു പോയത്. പിന്നെ നീലനിറത്തിലുള്ള ഏതു മാരുതിക്കാറുകാണുമ്പോഴും അവന്‍ ശ്രദ്ധിക്കും. അതിലെങ്ങാനും തന്റെ അനിലമോളുണ്ടോ?
നിരാശ മാത്രമായിരുന്നു ഫലം. അതോടൊപ്പം വിശപ്പിന്റെ വിളി ഇരട്ടിച്ചു. പൈപ്പുവെള്ളം കൊണ്ടു മാത്രം വിശപ്പടക്കാനാവാത്ത അവസ്ഥ.
ബിജു വീണ്ടും ബസ്‌സ്റ്റാന്റിനെ ആശ്രയിച്ചു. വിശപ്പടക്കാനുള്ള മാര്‍ഗം തേടി.
പക്ഷേ, കനത്തഭാരം തലയിലേറ്റുവാനുള്ള ആരോഗ്യമില്ലാത്ത അവനു ചുമടു കിട്ടുക എളുപ്പമല്ലായിരുന്നു. പിന്നീടു ചെറിയഭാരവും കൈയില്‍ പിടിച്ചുകൊണ്ടുപോയ ഒന്നു രണ്ടു പേരോട് അവന്‍ യാചിച്ചു ചുമടു വാങ്ങി. അല്‌പം ആഹാരത്തിനുള്ള വക ആ ചുമടെടുപ്പില്‍ നിന്നും ലഭിച്ചു.
രാത്രി കടത്തിണ്ണകളില്‍ കിടന്നുറങ്ങി.
പകല്‍ അനിലമോള്‍ക്കുവേണ്ടിയുള്ള അന്വേഷണം. പിന്നെ ചുമടെടുത്ത് വിശപ്പടക്കി.
യാന്ത്രികമായി ജീവിതം മുന്നോട്ടു നീങ്ങുമ്പോഴും മനസ്സു തന്റെ കൊച്ചനുജത്തിക്കുവേണ്ടി കേഴുകയായിരുന്നു.
ഒടുവില്‍ അവളെ കണ്ടെത്താമെന്ന ആശ അസ്‌തമിച്ചു.
ഒരു ദിവസം ചുമടെടുത്തിട്ടു മരത്തണലില്‍ ഇരുന്നു വിശ്രമിക്കുമ്പോള്‍ തലേക്കെട്ടുകാരനായ ഒരു മധ്യവയസ്‌കന്‍ അവനെ സമീപിച്ചു.
എടാ കൊച്ചനെ വല്ലപ്പോഴുമൊരിക്കലൊരു ചുമടുകിട്ടിയതുകൊണ്ട് എന്തു പ്രയോജനം? നിനക്കു താത്‌പര്യമുണ്ടെങ്കില്‍ എന്റെ കൂടെ വാ. ഞാന്‍ നിനക്കു സ്ഥിരം പണി വാങ്ങിത്തരാം. മാസം മാസം ശമ്പളം കിട്ടുന്ന പണി. അയാള്‍ പറഞ്ഞു.
അവനു താത്‌പര്യം തോന്നി.
എവിടെയാണു ചേട്ടാ, എന്തു പണിയാ?
വേറെയും പത്തുപന്ത്രണ്ടു പയ്യന്മാരുണ്ട്. നിനക്കു താത്‌പര്യമുണ്ടെങ്കില്‍ നാളെ രാത്രി പത്തുമണിക്കുള്ള മധുര ഷട്ടിലില്‍ പോരൂ. ശിവകാശിയിലെ പടക്ക ഫാക്‌ടറിയില്‍ ഒന്നാന്തരം ജോലി വാങ്ങിത്തരാം.
അവന്‍ ഒരു നിമിഷം ആലോചിച്ചു. വല്ലപ്പോഴുമൊരിക്കല്‍ ഒരു ചുമടു ലഭിക്കുന്നതിനെക്കാള്‍ ഭേദമാണ് ഒരു സ്ഥിരം ജോലി.
ബിജു സമ്മതം മൂളി.
പിറ്റേന്നു രാത്രിയില്‍ ഒമ്പതുമണിയായപ്പോള്‍ തന്നെ ഉറ്റവരോ ഉടയവരോ ഇല്ലാത്ത പത്തു പയ്യന്മാര്‍ ബഷീര്‍ അണ്ണനെന്നു പേരുള്ള ആ മനുഷ്യന്റെ ചുറ്റുംകൂടി.
പത്തുമണിക്കു മധുരവഴി മദ്രാസ് എഗ്‌മൂറിലേക്കുള്ള തീവണ്ടിയില്‍ കയറി അവര്‍ യാത്രയായി.
ഒരു ചൂളംവിളിയോടെ തീവണ്ടി മുന്നോട്ടു കുതിക്കുമ്പോള്‍ ഒരു പുതിയ ജീവിതം തളിരിടുമെന്നുള്ള പ്രതീക്ഷയായിരുന്നു അവര്‍ക്കെല്ലാവര്‍ക്കും.
സ്വപ്‌നങ്ങള്‍ കണ്ട് അവര്‍ മയങ്ങി.
ഉറക്കമുണരുമ്പോള്‍ ശിവകാശിയിലെ വരണ്ടമണ്ണില്‍ കാലുകുത്താന്‍ നേരമായി.
ഒരു ആട്ടിന്‍ പറ്റത്തെ എന്നവണ്ണം ബഷീറണ്ണന്‍ അവരെ പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ടു നയിച്ചു.
പിന്നെ രണ്ട് ഓട്ടോ റിക്ഷാകളിലായി പടക്കഫാക്‌ടറിയിലേക്ക്.
ആനന്ദ് ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിനു മുന്നിലെത്തിയപ്പോള്‍ വണ്ടികള്‍ രണ്ടും നിന്നു.
ബഷീറണ്ണന്‍ അവരുടെ സ്ഥിരം ഏജന്റായിരുന്നു.
കുട്ടികളെ വിലപേശിവിറ്റിട്ട് അയാള്‍ അപ്പോള്‍ തന്നെ സ്ഥലംവിട്ടു.
കാലിത്തൊഴുത്തുപോലെയുള്ള ഒരു വീട്. അതിനുള്ളില്‍ പത്തുമുപ്പതു കുട്ടികള്‍. രാത്രിയില്‍ പരിമിതമായ സ്ഥലത്ത് അവര്‍ നിരനിരയായി കിടന്നുങ്ങും. ഒന്നു തിരിഞ്ഞു കിടക്കാന്‍പോലും ഇടമില്ല.
വെളുപ്പിനെ അഞ്ചുമണിക്ക് ഒരു തമിഴന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തും. അഞ്ചരക്ക് ഒരു റൊട്ടി കഷണവും കട്ടന്‍ചായയും. അതു വയറ്റിലാക്കിക്കൊണ്ട് നേരേ ഫാക്‌ടറിയിലേക്ക് ചിലപ്പോള്‍ തീപ്പെട്ടികമ്പനിയില്‍. മറ്റു ചിലപ്പോള്‍ പടക്കഫാക്‌ടറിയില്‍. ഒരു നിമിഷംപോലും വിശ്രമം ലഭിക്കാത്ത ജോലി. അതു രാത്രി പത്തുമണിവരെ തുടരും. ഇടയ്‌ക്കു രണ്ടോ മൂന്നോ തവണ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് അരമണിക്കൂര്‍ വീതം ഇടവേളകിട്ടുന്നത്.
https://www.facebook.com/Malayalivartha