മണ്ടന്‍മാര്‍ ജീവനെടുക്കും
ഒരു രാജാവ് ഒരു കുരങ്ങനെ ഓമനിച്ചു വളര്‍ത്തിയിരുന്നു. എപ്പോഴും എവിടെയും രാജാവിനൊപ്പം ഈ കുരങ്ങനുമുണ്ടാകും. കുരങ്ങന്‍ വെറുതെയങ്ങനെ ഒപ്പം കൂടുകയായിരുന്നില്ല. അവന്റെ കയ്യിലൊരു വിശറി ഉണ്ടായിരുന്നു. രാജാവു ദര്‍ബാറില്‍ ഇരിക്കുമ്പോഴും ഭക്ഷണസമയത്തും പള്ളിമെത്തയിലുമെല്ലാം കുരങ്ങന്‍ വിശറികൊണ്ടു വീശിക്കൊണ്ടിരിക്കും.
ഒരു ദിവസം രാജാവ് ഉച്ചയൂണും കഴിഞ്ഞു മെത്തയില്‍ വിശ്രമിക്കുകയായിരുന്നു. കുരങ്ങന്‍ വിശറികൊണ്ട് അദ്ദേഹത്തെ വീശിക്കൊണ്ടു മെത്തയുടെ അരുകിലും നിന്നു.
അപ്പോഴതാ ഒരീച്ച പറന്നുവന്നു രാജാവിന്റെ നെഞ്ചില്‍ ഇരുന്നു. കുരങ്ങന്‍ ശക്തിയായി വീശി ഈച്ചയെ ഓടിച്ചു. കാറ്റു തട്ടുമ്പോള്‍ ഈച്ച ഇളകിപ്പറന്നു വീണ്ടും നെഞ്ചില്‍തന്നെ വന്നിരിക്കും. എത്ര ഓടിച്ചിട്ടും ഈച്ച പോകുന്നില്ല. അതു രാജാവിന്റെ നെഞ്ചില്‍തന്നെ വീണ്ടും വന്നിരിക്കും.
കുരങ്ങനു വാശിയായി. എന്നാല്‍ ഈച്ചയെ വകവരുത്തണം. അവന്‍ രാജാവിന്റെ അരയില്‍ നിന്നും വാള്‍ ഊരിയെടുത്തു. ഇനിയും വന്നാല്‍ ഈച്ചയെ വെട്ടിനുറുക്കണം. അവന്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ചു വെട്ടാന്‍ ഓങ്ങിനില്‌പായി.
അതാ ഈച്ച വീണ്ടും വന്നിരിക്കുന്നു; രാജാവിന്റെ നെഞ്ചില്‍. കൊടുത്തു, ഓങ്ങിയൊരു വെട്ട്. ഈച്ച പെട്ടെന്നു ഒഴിഞ്ഞുമാറി. വെട്ടുകൊണ്ടതു രാജാവിന്റെ നെഞ്ചില്‍.
നെഞ്ചില്‍ ആഴത്തില്‍ വെട്ടേറ്റാല്‍ മനുഷ്യന്റെ ഗതി എന്താവും? കാലപുരിക്കു പോകുക തന്നെ!
മണ്ടന്മാരായ പരിചാരകര്‍ ജീവനുതന്നെ ആപത്താകും എന്നു പറയുന്നത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha