പുസ്തകം : സര്‍വ്വം ശിഥിലമാകുന്നു.
ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ് ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്തമായ നോവലാണ് സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) ചിന്നു അച്ചബെയുടെ 21 പുസ്തകങ്ങളുടെ പരമ്പരയില്‍ പെടുന്ന ഒന്നാണ് ഇത്. നോവല്‍ എന്നതിനേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളുടെ പുസ്തകമായി അതിനെ വിശേഷിപ്പിക്കാനാണ് വായനക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുക. ഒരാഫ്രിക്കക്കാരന്‍ ആഫ്രിക്കയെക്കുറിച്ച് ആഫ്രിക്കക്കാര്‍ക്കും ലോകത്തിനും വേണ്ടി എഴുതിയ പുസ്തകമാണ് ഇത്.അന്‍പതോളം ഭാഷകളില്‍ പുസ്തകത്തിന്റെ പരിഭാഷ പുറത്തിറങ്ങിയിട്ടുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ് ഈ നോവലിന്റെ പശ്ചാത്തലം. സമകാലീന ആഫ്രിക്കന്‍ സാഹിത്യത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കുന്ന നൈജീരിയക്കാരനായ ഇദ്ദേഹത്തിന്റെ ഈ നോവല്‍ നൈജീരിയയിലെ പ്രാകൃത വര്‍ഗ്ഗക്കാരുടെ ജീവിത ശൈലിയെയും അവരുടെ പരമ്പരാഗത വിശ്വാസങ്ങളെയും കുറിച്ചാണ് പറയുന്നത്.
വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണ ജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ് നോവലിന്റെ ആദ്യഭാഗത്ത് വരുന്നത്. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത് ക്രിസ്തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്‌കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക് നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദ ജീവിതത്തിന് താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ് ഈ നോവലിന്റെ കഥാതന്തു.
നോവലിലെ നായകനായ ഒക്കന്‍ക്വോയുടെയും അദ്ദേഹത്തിന്റെ ഭാര്യമാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള ഈ കഥയിലെ കഥാപാത്രങ്ങള്‍ സങ്കല്പികമാണ് എന്ന് ഈ കൃതിയുടെ മുഖവുരയില്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതം മാതൃകയാക്കി നൈജര്‍ താഴ്വരയില്‍ നടന്ന സംഭവങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. ഒരു പാട് വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള ഈ ഗോത്രം തികഞ്ഞ മാനുഷിക മൂല്യങ്ങളും രാജ്യസ്‌നേഹവും മുറുകെ പിടിക്കുന്നവരാണ്. ഇതിലെ നായകനായ ഒക്കന്‍ക്വോ ഒരവസരത്തില്‍ പറയുന്ന വാക്കുകള്‍ 'ഉന്നം പിഴയ്ക്കാതെ വെടി വെക്കാന്‍ മനുഷ്യന്‍ പഠിച്ചപ്പോള്‍ , മരക്കൊമ്പിലിരിക്കാതെ പറക്കാന്‍ ഞാന്‍ ശീലിച്ചു' എന്നാണ് ഇനെക്ക പക്ഷി പറയുന്നത്''.അതിജീവനത്തെ പറ്റി ഇതിലും നല്ല ഒരു ചിത്രം വരച്ചുകാട്ടാന്‍ ആകുമോ?
ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാന്‍!. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്. അങ്ങനെയാണ് ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്.
1930ല്‍ നൈജീരിയയില്‍ ജനിച്ച ചിന്നു അച്ചാബേ ആഫ്രിക്കന്‍ സംസ്‌കാരത്തിലാകൃഷ്ടനാവുകയും കൂടുതല്‍ പഠിക്കുകയും എഴുത്തിലിവതരിപ്പിക്കുകയും ചെയ്തു. നോ ലോംഗര്‍ അറ്റ് ഈസ്,ആറോ ഓഫ് ഗോള്‍ഡ്, എ മാന്‍ ഓഫ് ദി പീപ്പിള്‍, ആന്‍ന്തില്‍സ് ഓഫ് ദി സാവന്ന എന്നിവയും അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്.
https://www.facebook.com/Malayalivartha