പെഡ്രോ പരാമോ
മെക്‌സിക്കന്‍ എഴുത്തുകാരനായ ഹുവാന്‍ റൂള്‍ഫോയുടെ ഏക നോവലാണ് 'പെഡ്രോ പരമോ'.
'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ' നോവല്‍സാഹിത്യത്തിന് പുനര്‍ജന്‍മമേകിയ വിശിഷ്ടകൃതികളില്‍ ഒന്നാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന് നൊബേല്‍ സമ്മാനം നല്‍കിയതിലൂടെ നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകം അദ്ഭുതത്തോടെ നോക്കിനിന്നു. ആധുനിക സ്പാനിഷ് അമേരിക്കന്‍ നോവലിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകള്‍ ഹുവാന്‍ റുള്‍ഫോ, കാര്‍ലോസ് ഫുവേന്തെസ് എന്നിവരുടെതാണ്. ഹുവാന്‍ റുള്‍ഫോയുടെ ' പെഡ്രോ പരാമ' ലാറ്റിന്‍അമേരിക്കന്‍ സാഹിത്യത്തിലെ അമൂല്യരചനയായി വിലയിരുത്തപ്പെടുന്നു. മാനവികത വറ്റിയ തരിശുനിലങ്ങളാണ് റുള്‍ ഫോയുടെ കൃതികളുടെ ഭൂമിക. മഴകാണാത്ത താഴ്വാരങ്ങളും കരിമ്പാറകള്‍ എഴുന്നുനിന്ന കുന്നിന്‍പുറങ്ങളും അങ്ങിങ്ങു ഉപേക്ഷിക്കപ്പെട്ടതായി കാണപ്പെട്ട ഒറ്റപ്പെട്ട വീടുകളും ജനവാസമൊഴിഞ്ഞ ഗ്രാമങ്ങളും, നട്ടുച്ചയ്ക്ക് തീക്കാറ്റ് വീശിക്കടന്നുപോയ മൈതാനങ്ങളും ഇരുണ്ട തെരുവുകളും പ്രേതങ്ങളുടെ ഒച്ചമാത്രം കേള്‍ക്കുന്ന ചന്തകളും സമയം നഷ്ടപ്പെട്ട ശ്മശാനങ്ങളും റുള്‍ഫോയുടെ കൃതിയെ മരുഭൂമിയുടെ സങ്കീര്‍ത്തനമാക്കിമാറ്റി.
ഹുവാന്‍ പ്രേസിയാദോ എന്ന യുവാവ് തന്റെ പിതാവായ പെഡ്രോ പരാമോയെ തേടി കൊമാല എന്ന ഗ്രാമത്തിലേക്ക് വരുന്നതോടെയാണ് നോവല്‍ തുടങ്ങുന്നത്. മരിച്ചുപോയ അമ്മയുടെ നിര്‍ദ്ദേശ മനുസരിച്ചാണ് അയാള്‍ വരുന്നത്. അമ്മയുടെ ഓര്‍മയില്‍, പച്ചപുതച്ചു നില്‍ക്കുന്ന സൌഭാഗ്യം തകഞ്ഞ ഗ്രാമമാണ് കൊമാല. എന്നാല്‍ അവന്‍ കാണുന്നത് ചുട്ടുപഴുത്ത മരുഭൂമിപോലൊരു പാഴ്‌നിലമാണ്. അവന് കൊമാലയിലെക്കുള്ള വഴികാണിച്ചുകൊടുത്ത അബുന്‍ ദിയോവിന്റെ ഭാഷയില്‍ കൊമാല 'നരകത്തിന്റെ തണുത്ത വായ' യാണ്.
എന്തെന്നാല്‍ കൊമാല മരിച്ച ഗ്രാമമാണ്. അവിടെ ആരും ജീവിച്ചിരിപ്പില്ല. പെഡ്രോ പരാമോയും പണ്ടേ മരിച്ചുപോയി. ഗ്രാമത്തിലെത്തി കുറെകഴിയുമ്പോഴേ പ്രേസിയെദോ ഇത് മനസ്സിലാക്കുന്നുള്ളൂ. വഴികാട്ടി അബുന്‍ദിയോവും, രാത്രി താമസിക്കാന്‍ സത്രത്തില്‍ മുറികൊടുത്ത എദൂവിഹെസും, അവിടെനിന്ന് കൊമാലയിലെ വിചിത്രസ്ഥലങ്ങളിലേക്ക് അവനെ ആനയിച്ച ദാമിയാന സിസ്‌നേറോസും എന്നല്ല താന്‍ കണ്ടുമുട്ടാനിടയായ എല്ലാവരും തന്നെ മരിച്ചവരാണ്. അവിചാരിതമായി പ്രത്യക്ഷപ്പെടുകയും അതുപോലെ മറഞ്ഞുപോകുകയും ചെയ്ത കഥാപാത്രങ്ങളൊക്കെ സത്യത്തില്‍ പ്രേതാത്മാക്കളായിരുന്നു.
കൊമാല എന്ന ആ ഗ്രാമംമുഴുവനും പണ്ടെന്നോ മരിച്ചുപോയവരുടെ ശബ്ദങ്ങളുടെ മാറ്റൊലിയാണ്.കൊമാലയിലെത്തി അധികം കഴിയുന്നതിനുമുമ്പ് പ്രേസിയാദോയും മരിക്കുന്നു. മക്കളില്ലാതെ മൃതിയടഞ്ഞ ഡൊറോത്തിയുടെ ശവക്കുഴിയാണ് അവന്‍ പങ്കിടുന്നത്. അവിടെക്കിടന്ന് അവന്‍ മറ്റുശവക്കുഴികളില്‍ അടക്കംചെയ്യപ്പെട്ടവരുടെ ഭാഷണം ശ്രവിക്കുന്നു. ഡൊറോത്തിയുമായി സംഭാഷണവുംചെയ്യുന്നു. അങ്ങനെ കൊമാലയുടെ പഴയ ചരിത്രം ചുരുള്‍ നിവരുകയാണ്.
കൊമാലയുടെ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആള്‍രൂപം പെഡ്രോപരാമോ ആണ്. വീട്ടാനാവാത്ത കടംമാത്രം പൈതൃകമായി ലഭിച്ച പെഡ്രോ ബുദ്ധിചാതുര്യം കൊണ്ടും കയ്യൂക്കുകൊണ്ടും പ്രതാപിയായിത്തീരുന്നതും ഒരിടപ്രഭുവിനെപ്പോലെ കൊമാലയും പരിസരപ്രദേശങ്ങളും അടക്കിവാഴുകയും ചെയ്യുന്നതാണ് പ്രധാന ഇതിവൃത്തം.
ഏകാധിപതികളുടെ കിരാതവാഴ്ച ലാറ്റിന്‍അമേരിക്കന്‍ നോവലുകളുടെ ഒരു പ്രധാന പ്രമേയമാണ്.എന്നാല്‍ റിയലിസ്റ്റുകൃതികളില്‍ കാണുന്ന കേവലം നരാധമനായ ഒരു കഥാപാത്രമല്ല പെഡ്രോ. കൊമാലയിലെ ദരിദ്രമനുഷ്യരുടെ രക്ഷാപുരുഷന്‍ ആണയാള്‍. പെദ്രോയുടെ മരണശേഷം പട്ടിണികിടന്ന് അവശരായ ജനങ്ങള്‍ ഗ്രാമംവിട്ടു പലായനം ചെയ്യുകയാണ്.
മെക്‌സിക്കോവിലെ അരനൂറ്റാണ്ടു മുന്‍പത്തെ ഗ്രാമീണജീവിതമാണ് റുള്‍ഫോയുടെ കൃതിയിലെ കേന്ദ്രം. പഴങ്കഥകളുടെയും ഗ്രാമീണജനങ്ങളില്‍ വേരുറച്ച വിശ്വാസങ്ങളുടെയും നൂലുകള്‍ പാവി യഥാര്‍ഥ ലോകത്തിനുമപ്പുറമുള്ള ഒരനുഭവമണ്ഡലം നെയ്‌തെടുക്കുകയാണ് ഈ കൃതി ചെയ്യുന്നത്. കൊമാലയില്‍ മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ല. നിശബ്ദതയുടെ പുസ്തകമാണ് പെദ്രോപരാമോ. ഭാഷണങ്ങളിലും സ്വപ്നാടനങ്ങളിലും നിറയുന്ന നിശബ്ദതയിലൂടെ ഈ കൃതി വായനക്കാരനെ പരലോകങ്ങളിലേക്ക് ആനയിക്കുന്നു.
കാലത്തിന്റെ തുടര്‍ച്ചയില്ലായ്മയിലൂടെ മരിച്ചവരുടെ കാലത്തെ വരച്ചു കാട്ടുകയാണ് റുള്‍ഫോ.
മാര്‍ക്കെസിന്റെ 'മെക്കെന്‍ദോ' പോലെ റുള്‍ഫോയുടെ 'കൊമാലയും' ഒരു സങ്കല്പദേശം മാത്രമാണ്. ഏകാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞതും വിജനമായിത്തീര്‍ന്നതുമായ അനേകം ഗ്രാമങ്ങളിലൊന്നു മാത്രമായിരിക്കാം കൊമാല. മെക്‌സിക്കോവിലെ പ്രശസ്തനായ കവി ഒക്ടോവിയോ പാസ് എഴുതി. ' ഞങ്ങളുടെ ഭൌതികമായ ചുറ്റുപാടുകളെ സംബന്ധിച്ച ഒരു പ്രതീകം നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ഒരേയൊരു എഴുത്തുകാരന്‍ ഹുവാന്‍ റുള്‍ഫോ മാത്രമാണ്. തന്റെ സ്വകാര്യ വ്യാമോഹങ്ങള്‍ക്ക് കല്ലിലും പൊടിയിലും മരുഭൂമിയിലെ മണലിലും അദ്ദേഹം ആകാരം കൊടുക്കുന്നു. റുള്‍ഫോയുടെ ഈ ലോകത്തെക്കുറിച്ചുള്ള ദര്‍ശനം യഥാര്‍ഥത്തില്‍ പരലോകത്തെക്കുറിച്ചുള്ളതാണ്.'
ഈ നോവലിന്റെ വായന വിഹ്വലതയുടെയും മിത്തിന്റെയും ലോകത്തില്‍ മുഴുകാനുള്ള അവസരം നല്‍കുന്നു, അതോടൊപ്പം അതിലെ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങാനും. നമ്മുടെ സംവേദന മുകുളങ്ങളെ ആര്‍ദ്രമാക്കുന്ന ഈ കൃതിയുടെ മനോഹര പരിഭാഷ നിര്‍വഹിച്ചത് നോവലിസ്റ്റ് വിലാസിനിയാണ്.
https://www.facebook.com/Malayalivartha