ഡോ.ഫ്രാന്‍സ് ഫാനോയുടെ 'ഭൂമിയിലെ പതിതര്‍'
ലോകമെങ്ങുമുള്ള മര്‍ദ്ദിതന്‍റെ കറുത്ത മാനിഫെസ്റ്റോ എന്ന തല വാചകത്തോടെയാണ് ഡോ.ഫ്രാന്‍സ് ഫാനോയുടെ 'ഭൂമിയിലെ പതിതര്‍' (Wretched of Earth )എന്ന കൃതി പുറത്തുവന്നത്. വിമോചനം സ്വപ്നം കാണുന്നവരും, സ്വാത്രന്ത്യവും സമത്വവും ആഗ്രഹിക്കുന്നവരും നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം എന്ന് 1961 ല്‍ സാര്‍ത്രെ ഉറക്കെപ്പറഞ്ഞ പുസ്തകം. അള്‍ജീരിയയുടെ വിമോചന നായകരില്‍ ഒരാളായ ഫ്രാന്‍സ് ഫാനോ ആവശ്യപ്പെടുന്ന ഏറ്റവും മിതമായ ആവശ്യം മര്‍ദ്ദിതരുടെ മോചനമാണ്.അപകോളനീകരണപ്രസ്ഥാനത്തിന്റെ ബൈബിൾഎന്നാണ് ഭൂമിയിലെ പതിതർ എന്ന വിഖ്യാത ഗ്രന്ഥം അറിയപ്പെടുന്നത്.
'ബ്ലാക്ക് സ്കിന്‍, വൈറ്റ് മാസ്ക് ' എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ ഫാനോ നീഗ്രോ വംശജനെന്ന നിലയിലും മന:ശ്ശാസ്ത്രജ്ഞന്‍ എന്ന നിലയിലും നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ പുസ്തകം. ഫ്രഞ്ച് -അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും വിമതര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് ഫാനോ,അധികാരികളുടെ കണ്ണിലെ കരടായി മാറി. ആ അനുഭവങ്ങളില്‍ നിന്നാണ് A dying Colonialism പോലുള്ള പുസ്തകങ്ങള്‍ രചിക്കുന്നത്. പരിഭാഷയ്ക്ക് എളുപ്പം വഴങ്ങാത്ത വിധം കാവ്യാത്മകവും കലാപോന്മുഖവുമാണ് ഫാനോയുടെ ഈ പുസ്തകം. ഒരലസവായന ആവശ്യപ്പെടും വിധമല്ല ഇതിന്‍റെ ഉള്ളടക്കം.
ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതില്‍ അപരിചിതമായതെന്തോ ഉണ്ടെന്നു ഉറപ്പാണ്. ഇവിടെ ചോദ്യം എറിയുന്നത് മറ്റാരുമല്ല , ജീന്‍ പോള്‍ സാര്‍ത്ര് ആണ്. പുസ്തകം 'ഭൂമിയിലെ പതിതരും'. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ അക്രമത്തിന്‍റെ ( അക്രമോത്സുകതയുടെയും) സൈദ്ധാന്തിക വിശകലനവും ഘോഷവുമാണ് ഈ കൃതി.
ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന അള്‍ജീരിയയില്‍ 1954 ലാണ് വിമോചന സമരം തുടങ്ങുന്നത്. നീണ്ട എട്ടു വര്ഷം. അള്‍ജീരിയയുടെ വിജയം സാധ്യമായ വിപ്ലവത്തില്‍ എല്ലാതരത്തിലുമുള്ള പോരാട്ടങ്ങളും ജനം നടത്തി. ഫ്രാന്‍സ് സര്‍വ മാര്‍ഗത്തിലുമുള്ള തിരിച്ചടികളും .
ഗറില്ലാ യുദ്ധം, ജനങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരത ,പീഡനം, പരസ്യവും രഹസ്യവുമായ കലാപങ്ങള്‍, പ്രതിവിപ്ലവങ്ങള്‍,മരണം, പലായനം എന്നിങ്ങനെ ഒരു വിപ്ലവത്തില്‍ സാധ്യമായത് എന്തും അള്‍ജീരിയയുടെ പോരാട്ടത്തില്‍ അടങ്ങിയിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ വര്‍ണവെറിയുടെ പ്രശ്നവും മുഖ്യസ്ഥാനത്തുണ്ടായിരുന്നു. യഥാര്‍ഥ വിപ്ലവ പാഠശാലയില്‍ നേരിട്ടു നിന്നാണ് ഫാനോ വിപ്ലവത്തെപ്പറ്റി പഠിച്ചത്. ലോകമെമ്പാടുമുള്ള മര്‍ദ്ദിതര്‍ക്കായി സമാഹരിച്ചതാണ് ഈ പുസ്തകം.
ഈ പുസ്തകത്തെപ്പറ്റി നിരൂപകനായ കെ.പി.അപ്പന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അദ്ദേഹം എഴുതി : ' ഫാനോ ചിന്തിക്കുമ്പോള്‍ അത് പാഠശാല വിഷയമല്ല. അത് വാമൊഴി ചരിത്രത്തിന്‍റെ ലാളിത്യം പോലെ അവതരിക്കുന്നു. എന്നാലത് ജ്വലിക്കുന്നു. മൌലികത കൊണ്ട് വെട്ടിത്തിളങ്ങുന്നു. വിപ്ലവകരമായ അക്രമത്തില്‍ സ്വതന്ത്രമനുഷ്യന്‍ രൂപം കൊള്ളുന്നു എന്ന് ഫാനോ വിശ്വസിച്ചു.അത് സ്വാതന്ത്ര്യവും, അതിനാല്‍ തത്വചിന്താപരവുമാണ്. കലാപം വ്യക്തിയുടെ ബോധത്തെ പിളര്‍ന്നു കടന്നുചെല്ലുന്ന ആശയമാണ്. അതിന്‍റെ വേരുകള്‍ വിമോചനയുദ്ധത്തിലാണ്. ഇക്കാരണത്താല്‍ അക്രമം ചരിത്രപരമാണ്. ഇതെല്ലാം വിപ്ലവകാരിയുടെ ചരിത്രമനസ്സില്‍ നിന്ന് ഫാനോ കണ്ടെത്തിയ ആശയങ്ങളാണ്.'
ഈ പുസ്തകത്തിന്‍റെ വായന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നത് അതിന്‍റെ സമകാലികവും സാര്‍വലൌകികവുമായ പ്രസക്തി കൊണ്ടാണ്.
https://www.facebook.com/Malayalivartha