പ്രളയത്തിന് മുന്‍പ്
ലീയനാര്‍ഡോ ഡീകാപ്രിയോയുടെ പുതിയ ചിത്രമാണ് പ്രളയത്തിന് മുന്‍പ് (Before the Flood). ഇത് ഒരു ഹോളിവുഡ‍് ഫാന്‍റസിയോ, മനംമയക്കുന്ന കാഴ്ചയോ അല്ല. യാഥാര്‍ത്ഥ്യങ്ങളാണ്. ഷിഷര്‍ സ്റ്റീവന്‍സ് എന്ന സംവിധായകന്‍ ഡീകാപ്രിയോ എന്ന ഹോളിവുഡിലെ ഏറ്റവും വലിയ സിനിമതാരത്തെ മുന്‍നിര്‍ത്തി നടത്തുന്ന യാത്രയാണ് പ്രളയത്തിന് മുന്‍പ് എന്ന യാത്ര.
ദ് റെവനന്റ് എന്ന ഹോളിവുഡ് ചിത്രത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് ഡീകാപ്രിയോ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം സംസാരിച്ചത് 'പൊളിറ്റിക്ക്സ് ഓഫ് ഗ്രീഡിനെതിരെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നതായിരുന്നു.
'കാലാവസ്ഥാ വ്യതിയാനം യാഥാര്‍ത്ഥ്യമാണ്, അത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്, നമ്മുടെ മുഴുവന്‍ വംശവും നേരിട്ട് കൊണ്ടിരിക്കുന്ന കൊടിയ ഭീഷണിയാണിത്, ഇനി വെച്ച് താമസിപ്പിക്കാതെ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് ഇത് അവസാനിപ്പിക്കുകയാണ് വേണ്ടത്' - ഇതായിരുന്നു ഓസ്‌കര്‍ സ്വീകരിച്ചുകൊണ്ട് ഡീകാപ്രിയോ പറഞ്ഞത്. ഇതിന്റെ തുടർച്ചയാണ് ഈ ഡോക്യുമെന്ററി
ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൂതനായി തിരഞ്ഞെടുക്കപ്പെടുന്ന ഡീകാപ്രിയോയില്‍ നിന്നും 2 വര്‍ഷത്തിന് ശേഷം ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുന്ന ഡീകാപ്രിയോ വരെ ഒരു യാത്ര.
ആ യാത്രയില്‍ നാം ഇന്ന് താമസിക്കുന്ന ഭൂമി എത്രവലിയ അപകടത്തിലാണ് വന്നു പെട്ടിരിക്കുന്നത് എന്ന് കാണിച്ചു തരുന്നു ഈ ചിത്രം. ആഗോളതാപനം, കാലവസ്ഥ വ്യതിയാനം എന്നിവ ഒരു മിത്ത് അല്ല അത് യാഥാര്‍ത്ഥ്യമാണെന്ന് കാണുന്നവനെ കുത്തിനോവിപ്പിക്കും രീതിയില്‍ വീണ്ടും വീണ്ടും ഈ ഡോക്യൂമെന്‍ററി ഓര്‍മ്മിപ്പിക്കുന്നു.
വെറുതെ ഡോക്യുമെന്ററിയില്‍ വന്ന് പോകുന്ന ഒരാളായിട്ടല്ല ഡീകാപ്രിയോ ഇതിലുള്ളത്. ഡോക്യുമെന്ററിയുടെ ഏതാണ്ട് എല്ലാ സീനുകളിലും ഡീകാപ്രിയോയെ കാണാം. കല്‍ക്കരിപ്പാടങ്ങള്‍, എണ്ണപ്പാടങ്ങള്‍, ഹിമപിണ്ഡങ്ങള്‍, പാമോയില്‍ ഉല്‍പ്പാദനത്തിനായി കോര്‍പ്പറേറ്റുകള്‍ കത്തിച്ചുകളയുന്ന ഇന്‍ഡൊനേഷ്യന്‍ കാടുകള്‍ തുടങ്ങി കാലാവസ്ഥാ വ്യതിയാനം ഭീഷണി ഉയര്‍ത്തുന്ന ഒട്ടുമിക്ക പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാനം ന്യൂഡല്‍ഹിയിലും അദ്ദേഹം ഡോക്യുമെന്ററിയുടെ ഭാഗമായി എത്തിയിരുന്നു. താരതമ്യേന ജനസംഖ്യ കൂടിയുള്ള ഇന്ത്യയും ചൈനയും എങ്ങനെ കാര്‍ബണ്‍ എമിഷനെ നേരിടുന്നുവെന്നതിന്റെ വ്യക്തമായ വിശദീകരണവുമുണ്ട് ഇതില്‍.
ആഗോളതാപനം എന്നത് ശാസ്ത്രലോകം ഇന്നത്തെ വെല്ലുവിളിയായി കാണുന്നു എന്നിട്ടും എന്താണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക അത് കാര്യമായി എടുക്കാത്തത്, ഇത്തരം ഒരു അന്വേഷണമാണ് ഡീകാപ്രിയോയിലൂടെ ആദ്യം നടത്തുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ നടത്തുന്ന മാരകമായ കൈകടത്തല്‍ യാതോരു മറയും ഇല്ലാതെ തുറന്നുകാട്ടുന്നുണ്ട് ചിത്രം. ആഗോളതാപനത്തിന്‍റെ ശാസ്ത്രീയമായ തെളിവുകളെ പണവും, അധികാരവും ഉപയോഗിച്ച് എങ്ങനെ പൂഴ്ത്തിവയ്ക്കുന്നു എന്ന് കൃത്യമായി വെളിപ്പെടുത്തുന്നു. മിയമി എന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ ബീച്ച് ഒരോ വര്‍ഷവും നാശത്തെ മുന്നില്‍ കാണുന്നു. എന്നീട്ടും എന്താണ് അധികാരികള്‍ അനങ്ങാത്തത് എന്ന ചോദ്യത്തിന് ഡീകാപ്രിയോയ്ക്ക് ലഭിക്കുന്ന ഉത്തരങ്ങള്‍ രാഷ്ട്രീയം എന്നതാണ്.
അമേരിക്ക ഒരു അധികാര കൈമാറ്റത്തില്‍ എത്തുമ്പോൾ , കൃത്യമായ പരിസ്ഥിതി രാഷ്ട്രീയം മുന്നോട്ട് വയ്ക്കാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം. എന്നിരിക്കിലും അമേരിക്കന്‍ പ്രതിനിധി സഭപോലും ഫോസില്‍ ഇന്ധന ഭീമന്‍മാര്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്ന തെളിവുകള്‍ നിരത്തുന്നുണ്ട് ചിത്രം. ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയോട് ഒരു ചോദ്യം ഡീകാപ്രിയോ ചോദിക്കുന്നുണ്ട്..
അങ്ങയ്ക്ക് ആശങ്കയുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു, എന്നാല്‍ ശാസ്ത്രം ഇത്രത്തോളം തെളിവ് നിരത്തിയിട്ടും എന്താണ് ഒരു കാര്യവും നടക്കാത്തത്?
ഇത് ശാസ്ത്രീയമായതോ, മറ്റെന്തെങ്കിലും അല്ല ഇത് രാജ്യസുരക്ഷ പ്രശ്നമാണ്...
ഇത്തരം ഒരു ഒഴിവ് കഴിവ് മറുപടിയിലൂടെ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ഉത്തരമില്ലാതെ രക്ഷപ്പെടുന്നത് ഈ ചിത്രം കാണിച്ച് തരും
ഇത്തരം അമേരിക്കന്‍ കാഴ്ചകള്‍ അല്ല ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്, പകരം അത് സംസാരിക്കുന്ന ആഗോള ജനതയുടെ പ്രശ്നങ്ങളാണ്.
കാലാവസ്ഥ വ്യതിയാനം ഒരു സത്യമാണ്.കാലവസ്ഥ വിദഗ്ധര്‍, പരിസ്ഥിതി ശാസ്ത്രകാരന്മാര്‍, സാധാരണക്കാര്‍, രാഷ്ട്രതലവന്മാര്‍ ഇങ്ങനെ നീളുന്നു ഈ ഡോക്യുമെന്‍ററിയില്‍ എത്തുന്നവരുടെ നിര. ഐസ് പാളികള്‍ ഒലിച്ച് പോകുന്ന ആര്‍ട്ടിക്ക് മഞ്ഞുമലകളില്‍ നിന്നാണ് ഡീകാപ്രിയോയുടെ യാത്ര ആരംഭിക്കുന്നത്. തദ്ദേശ വാസികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ചിത്രത്തില്‍, ദുരന്തമായ പല കാഴ്ചകളും കാണിക്കുന്നു. പിന്നീട് ചൈനയില്‍ എത്തുന്നു.. സ്വന്തമായി ശ്വാസവായു പോലും ലഭിക്കാത്ത ചൈനയുടെ അവസ്ഥയില്‍ പരമ്പരാഗത ഊര്‍ജ രീതികള്‍ വരുത്തുന്ന മാറ്റങ്ങളും ഇവിടെ നമ്മെ കാണിക്കുന്നു.
ഇന്ത്യയിലാണ് അടുത്ത കാഴ്ചകള്‍ ലോകത്തിലെ കാര്‍ബണ്‍ എമിഷന്‍ നിരക്ക് കുറവുള്ള രാജ്യമാണ് ഇന്ത്യ. പക്ഷെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ദുരിതബാധിതരില്‍ ഒന്നാണ് ഇന്ത്യ എന്ന് രേഖപ്പെടുത്തുന്നുണ്ട് ഡീകാപ്രിയോയുടെ യാത്ര. സമുദ്രം എപ്പോഴും വിഴുങ്ങാവുന്ന കിരിബാത്തി എന്ന ദ്വീപ് രാജ്യത്തിന്‍റെ പ്രസിഡന്‍റ് സംസാരിക്കുന്നു ഒരു ഭാഗത്ത്, ആരുടെയോ ചെയ്തിയില്‍ സ്വന്തം രാജ്യം നഷ്ടപ്പെടുന്നയാളുടെ നിസ്സഹായതയുണ്ട് ആ കണ്ണുകളില്‍. ആഗോള കുത്തക ഭക്ഷ്യകമ്പനികൾ കത്തിവയ്ക്കുന്ന സുമാത്രന്‍ കാടുകള്‍..എണ്ണഖനികള്‍, മരണം വരിക്കുന്ന പവിഴപുറ്റ്, കടലിന്‍റെ ആവാസ വ്യവസ്ഥ, വറുതിയിലേക്ക് വലിച്ചെറിയപ്പെടുന്ന കടലിനെ ഉപജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന 100 കോടി ജനങ്ങള്‍ എല്ലാം നൽകുന്ന തിരിച്ചറിവ് വലുതാണ്.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കാര്‍ബന്‍ എമിഷനും കുറയ്ക്കാനുള്ള പാരീസ് ഉടമ്പടിയുടെ ഉല്‍പത്തിയും, അത് അംഗീകരിക്കപ്പെടുന്നതും ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നു. എന്നാല്‍ പാരീസ് ഉടമ്പടിയുടെ പൊള്ളയായ വശങ്ങളും ശക്തമായി ആവിഷ്കരിക്കുന്നു ഡോക്യുമെന്‍ററി.
പാരീസ് ഉടമ്പടിയുടെ നിരാശയ്ക്ക് ഒപ്പം തന്നെ, കാര്‍ബണ്‍ ടാക്സ് പോലുള്ള മാര്‍ഗങ്ങളുടെ നടപ്പാക്കലിനെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട് ചിത്രം. പക്ഷെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ബിസിനസ് താല്‍പ്പര്യങ്ങളെ കൃത്യമായി തുറന്ന് കാട്ടുവാനും സമയം കണ്ടെത്തുന്നു. ഇന്ന് പിന്തുടരുന്ന ഭക്ഷണക്രമം പോലും നമ്മുടെ അന്തരീക്ഷത്തെ ബാധിക്കും എന്ന് അടിവരയിടുന്ന ചില രംഗങ്ങളും പ്രളയത്തിന് മുന്‍പില്‍ സംവിധായകന്‍ ശാസ്ത്രീയമായി വിവരിക്കുന്നു. ഒപ്പം പരമ്പരാഗത ഇതര ഊര്‍ജ സ്രോതസുകളുടെ ലഭ്യതയും അത് നടപ്പിലാക്കിയ മാര്‍ഗ്ഗങ്ങളും കാണിച്ച് ഒരു മാറ്റം സാധിക്കും എന്നതാണ് പ്രതീക്ഷയായി ഷിഷര്‍ സ്റ്റീവന്‍സ് ഡീകാപ്രിയോ എന്ന ഹോളിവുഡ് സ്റ്റാറിനെ മുന്നില്‍ നിര്‍ത്തി പറയുന്നത്.
ലോകത്തിലെ ഏതോരു കോണിലും മൊഴിമാറ്റത്തോടെ കാണിക്കേണ്ട പരിസ്ഥിതി ചിത്രമാണ് ഇത്. ഒക്ടോബര്‍ 30ന് നാഷണല്‍ ജോഗ്രഫിക്ക് ചാനല്‍ യൂട്യൂബില്‍ ഈ ഡോക്യുമെന്‍ററി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം 96 ലക്ഷം കാഴ്ചക്കാര്‍ ഇത് കണ്ടു കഴിഞ്ഞു.
ഡോക്യുമെന്ററി ഇവിടെ കാണാം
https://www.facebook.com/Malayalivartha