ഒരുകാലത്തെ പ്രതാപനഗരങ്ങൾ..ഇന്നത് പ്രേത നഗരങ്ങൾ... ഇവയുടെ നാശത്തിന്റെ കാരണം എന്ത്..ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ
ജോർദാനിലെ പെട്രയും, കംബോഡിയയിലെ അങ്കോർ വാട്ടും, പെറുവിലെ മച്ചു പിച്ചുവുമെല്ലാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളാണ്. ഒരിക്കൽ ഒരു വലിയ സംസ്കാരത്തിൻ്റെ പാതയിൽ തലയുയർത്തി നിന്ന ഇതിഹാസ പ്രദേശങ്ങളായിരുന്നു ഇവ. ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ ആണ് ഇവയൊക്കെ. ഇപ്പോൾ ഇവ പ്രേത നഗരങ്ങളാണ്. നിഗുഢതകൾ ഏറെ നിറഞ്ഞ ഇരുണ്ട പ്രദേശങ്ങൾ. പക്ഷേ, അവ മാത്രമല്ല കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിട്ടുള്ള നഗരങ്ങൾ ഇന്നും ബാക്കിപത്രമായി നിലനിൽക്കുന്നുണ്ട്. ഭൂപടത്തിൽ അവ മാഞ്ഞുപോയെങ്കിലും, അതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും കഴിഞ്ഞുപോയ കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു.
ജപ്പാനിലെ ഹാഷിമ ദ്വീപാണ് ഇവയിലൊന്ന്. നാഗസാക്കിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 16 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായിരുന്നു. നാഷണൽ ജിയോഗ്രഫിക്കിൻ്റെ കണക്കനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അയ്യായിരത്തിലധികം പേര് ഈ ദ്വീപിൽ വസിച്ചിരുന്നു. കടലിനടിയിലെ കൽക്കരി ഖനനം ചെയ്യാനായി മിത്സുബിഷി കോർപ്പറേഷനാണ് ഈ നഗരത്തെ വികസിപ്പിച്ചെടുത്തത്. 1974 വരെ ഇത് വളരെ തിരക്കേറിയ പ്രദേശമായിരുന്നു . കൽക്കരിയെ മറികടന്ന്, ലോകത്തിലെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി പെട്രോളിയം മാറിത്തുടങ്ങിയപ്പോൾ നഗരത്തിൻ്റെ നാശവും ആരംഭിക്കുകയായിരുന്നു. തുടർന്ന് നഗരവാസികളെല്ലാം അവിടം വിടാൻ ആരംഭിച്ചു. അവസാനം ദ്വീപ് സ്ഥിരമായി അടച്ചു പൂട്ടേണ്ട സ്ഥിയിലെത്തി. 2012 ജെയിംസ് ബോണ്ട് ചിത്രമായ “സ്കൈഫാൾ” പശ്ചാത്തലമായത് ഈ അനാഥ നഗരമായിരുന്നു.
ഇറാഖിലെ ഉർ ആണ് ലോകത്തിലെ മറ്റൊരു ഭയാനക നഗരം. 3800 ബി.സിയിൽ സ്ഥാപിതമായ ഉർ ഒരു കാലത്ത് സുമേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും ജനസംഖ്യയുള്ളതുമായ പ്രദേശമായിരുന്നു. കനാനിലേക്കു പോയ അബ്രഹാമിൻ്റെ വസതിയായി ഈ നഗരത്തെ ബൈബിളിൽ പരാമർശിക്കപ്പെടുന്നുമുണ്ട്. അവശിഷ്ട്ടങ്ങൾ മാത്രമായി ഒരുകാലത്ത് 80,000 പേർ താമസിച്ചിരുന്ന ഈ നഗരം ഇന്നും അവശേഷിക്കുന്നു.
പെറുവിലെ ചാൻ ചാൻ ആണ് മറ്റൊരു ഉപേക്ഷിക്കപ്പെട്ട നഗരം. അറുനൂറ് വർഷം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ മഹാനഗരമായിരുന്നു ഇത്. സങ്കീർണ്ണമായ രൂപകൽപ്പനകളോടെ നിർമ്മിച്ച ഈ സ്ഥലം ചിമോ നാഗരികതയുടെ തലസ്ഥാനമായിരുന്നു. എ ഡി 850 മുതൽ 1470 വരെ നീണ്ടുനിന്ന ചാൻ ചാൻ, പുതുയുഗത്തിലെ ആദ്യത്തെ യഥാർത്ഥ എഞ്ചിനീയറിംഗ് സൊസൈറ്റിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് കാലാവസ്ഥ വ്യതിയാനവും, മഴയും കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ അത്ഭുത നിർമ്മിതികൾ നാശത്തിൻ്റെ വക്കിലെത്തി നിൽക്കുകയാണ്.
നമീബ് മരുഭൂമിയുടെ നടുവിലായി സ്ഥിതിചെയ്യുന്ന കോൾമാൻസ്‌കോപ്പ് ആണ് മറ്റൊരു പ്രേത നഗരം. വജ്രങ്ങൾ കണ്ടെത്തിയതിനുശേഷം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് ഈ നഗരം നിർമ്മിക്കപ്പെടുന്നത്. തുടർന്ന് കോൾമാൻസ്‌കോപ്പ് ലോകത്തിലെ 10% വജ്രങ്ങളും ഉത്പാദിപ്പിക്കുന്ന നഗരമായി മാറി. ഈ നഗരത്തിന്റെ തെക്ക് ഭാഗത്ത് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ സാധിക്കുന്ന വജ്രങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ലോകശ്രദ്ധ അവിടേക്ക് തിരിയാൻ കാരണമായി മാറി . 1956 ആയപ്പോഴേക്കും നഗരം പൂർണമായി വിജനമായി തീർന്നു.
ഉക്രെയ്നിലെ പ്രിപ്യറ്റ് ആണ് മറ്റൊന്ന്. 1986 -ലെ ചെർണോബിൽ ആണവ സ്ഫോടനത്തിൽ ആണ് പ്രീപ്യാത്ത് പട്ടണം നശിച്ചത്. ചെർണോബിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ നാലാം നമ്പർ ആണവ റിയാക്ടറിൽ നടന്ന ഒരു ആണവ അപകടമാണ് ഈ നഗരത്തിന്റെ നാശത്തിന് കാരണം. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തമായി ആണ് ഇത് കണക്കാക്കപ്പെടുന്നത്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഈ നഗരം ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
https://www.facebook.com/Malayalivartha