യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം
യുക്രൈയിന് നേരെയുള്ള റഷ്യന്‍ ആക്രമണം കൂടുതല്‍ ശക്തമാകുന്നതിനിടെ ശക്തമായ പ്രതിരോധം തന്നെയാണ് യുക്രയ്ൻ ഒരുക്കുന്നത്. റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈലായ കിന്‍ഷലിനെ വെടിവച്ച് വീഴ്ത്തിയിരിക്കുകയാണ് യുക്രെയിന്‍. ഇതാദ്യമായാണ് കിന്‍ഷലിനെ യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനം വീഴ്ത്തുന്നത്. യു.എസ് നല്‍കിയ പേട്രിയറ്റ് എയര്‍ ഡിഫന്‍സ് സംവിധാനമുപയോഗിച്ചാണ് കിന്‍ഷലിനെ യുക്രയ് വെടിവെച്ചിട്ടത്
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കീവിന് നേരെ കിന്‍ഷൽ പാഞ്ഞെത്തുകയായിരുന്നു..അത്യാധുനിക ഹൈപ്പർസോണിക് മിസൈലാണ് ‘കിൻഷൽ ..കിൻഷൽ എന്ന വാക്കിനു കഠാര എന്നാണർഥം. ശബ്ദത്തേക്കാൾ പത്തു മടങ്ങ് വേഗത്തിൽ സഞ്ചരിക്കാനാകുന്ന മിസൈലിന് ഏതു വ്യോമപ്രതിരോധ സംവിധാനത്തെയും തകർക്കാനാകുമെന്നു പുടിൻ അവകാശപ്പെട്ടിരുന്നത്. കര, കടൽ, വായു തലങ്ങളിൽ നിന്ന് തൊടുക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ.
മണിക്കൂറില്‍ 4,900 മുതല്‍ 12,350 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകുന്ന കിന്‍ഷല്‍ യൂറോപ്യന്‍ റഡാറുകള്‍ക്ക് എളുപ്പത്തില്‍ പിടികൊടുക്കാത്ത തരം മിസൈലാണ്. ഏതു കാലാവസ്ഥയിലും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതാണ് മിസൈലിന്റെ ഏറ്റവും വലിയ ശക്തി. അമേരിക്കയെയും നാറ്റോ ശക്തികളെയും നിലയ്ക്കുനിർത്താൻ ലക്ഷ്യമിട്ടാണ് കിൻഷൽ മിസൈൽ റഷ്യ അവരുടെ ആയുധ ശേഖരത്തിൽ ഉൾപ്പെയുത്തിയത് . എന്നാൽ ഇപ്പോൾ അമേരിക്കയുടെ പേട്രിയറ്റ് എയര്‍ ഡിഫന്‍സ് സംവിധാനാം യുക്രൈനിൽ കിൻഷലൈൻ വെടിവച്ചിട്ടത് റഷ്യയ്ക്ക് കനത്ത ആഘാതം ആണ് ഉണ്ടാക്കിയിട്ടുള്ളത്
അമേരിക്ക അടുത്തിടെയാണ് പേട്രിയറ്റ് മിസൈല്‍ സംവിധാനം യുക്രെയിനിലെത്തിച്ചത്. 8 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള കിന്‍ഷലിന് ഏകദേശം 4,300 കിലോഗ്രാം ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 59,000 അടി ഉയരത്തില്‍ വച്ച് മിഗ് - 31 യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ പാകത്തിനാണ് കിന്‍ഷലിന്റെ രൂപകല്പന. അതേ സമയം, കിന്‍ഷലിന്റെ കഴിവുകള്‍ റഷ്യ പെരുപ്പിച്ച് കാട്ടുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം.
1,200 മൈല്‍ പ്രഹര പരിധിയുള്ള കിന്‍ഷലിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കീവിലെ ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചെന്നാണ് വിവരം. 15 മാസമായി തുടരുന്ന പോരാട്ടത്തിനിടെ അപൂര്‍വമായാണ് റഷ്യ കിന്‍ഷല്‍ പോലുള്ള വിലകൂടിയ ആയുധങ്ങള്‍ പ്രയോഗിച്ചിട്ടുള്ളത്. ഇതുവരെ ഒരു ഡസനോളം കിന്‍ഷല്‍ മിസൈലുകള്‍ യുക്രെയിനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് കരുതുന്നു.
കാലിബര്‍ ക്രൂസ് മിസൈലുകളെയാണ് റഷ്യ വ്യോമാക്രമണങ്ങള്‍ക്ക് കൂടുതലും തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇവാനോ - ഫ്രാന്‍കിവ്സ്ക് മേഖലയിലാണ് ആദ്യമായി റഷ്യ കിന്‍ഷലിനെ ഉപയോഗിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 9ന് ആറ് കിന്‍ഷലുകളടക്കം 84 മിസൈലുകള്‍ യുക്രെയിനിലുടനീളം റഷ്യ പ്രയോഗിച്ചിരുന്നു.
ഇതിനിടെ തെക്കന്‍ യുക്രെയിനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ അടക്കമുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് റഷ്യ. ഇവിടെ യുക്രെയിന്റെ ഭാഗത്ത് നിന്ന് ഷെല്ലാക്രമണം കൂടിയതാണ് ഒഴിപ്പിക്കലിന് കാരണമെന്നാണ് റഷ്യയുടെ വിശദീകരണം. കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ഒഴിപ്പിക്കല്‍ താത്കാലികമാണെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു.
സെപൊറീഷ്യ ആണവനിലയം സ്ഥിതി ചെയ്യുന്ന എനര്‍ഹോഡര്‍ പട്ടണത്തിലും ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യയ്ക്ക് ചുറ്റും മാസങ്ങളായി കടുത്ത ആക്രമണം തുടരുന്നത് അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. മേഖലയിലെ നോവ കഖോവ്‌ക ഡാമില്‍ ആണവനിലയത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിക്കും വിധം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
തെക്കന്‍ യുക്രെയിനിൽ തിരിച്ചടികള്‍ നേരിട്ടതിന് പിന്നാലെ പുട്ടിന്റെ അടുത്ത അനുയായികള്‍ പ്രഹര തീവ്രത കുറഞ്ഞ ആണവായുധം പ്രയോഗിക്കണമെന്ന് പോലും ആവശ്യമുന്നയിച്ചിരുന്നു. റഷ്യയുടെ കൈവശം നിര്‍മ്മാണത്തിലുള്ളതും അല്ലാത്തതുമായ ഉഗ്രകോപികളായ ആണവായുധങ്ങള്‍ ഉണ്ട്. ബെല്‍ഗൊറോഡ് അന്തര്‍വാഹിനി, പൊസിഡോണ്‍ ടോര്‍പിഡോ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണമാണ്.
ഇതില്‍ അതിമാരകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ആണവായുധമാണ് ‘ ബ്യൂറെവെസ്നിക് “. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ക്രൂസ് മിസൈലാണിത്. ‘ പറക്കും ചെര്‍ണോബില്‍ ” എന്നാണ് ബ്യൂറെവെസ്നിക് അറിയപ്പെടുന്നത്. സ്കൈഫോള്‍ എന്നും പേരുണ്ട്. ബ്യൂറെവെസ്നികിനെ സംബന്ധിച്ച വളരെ പരിമിതമായ അറിവേ പുറംലോകത്തിനുള്ളൂ.
2018ല്‍ ക്രെംലിനില്‍ നടത്തിയ പ്രസംഗത്തിനിടെ വ്ലാഡിമിര്‍ പുട്ടിൻ കിന്‍ഷല്‍ ഹൈപ്പര്‍സോണിക് മിസൈലിനെക്കുറിച്ച് പറഞ്ഞിരുന്നു .. അതാണ് ഇപ്പോൾ യുക്രൈനിൽ പ്രയോഗിക്കുന്നത് . അന്ന് തന്നെ , സാര്‍മത് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍, അവന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍, പോസിഡോണ്‍ ടോര്‍പ്പിഡോ ( അണ്ടര്‍വാട്ടര്‍ അണ്‍മാനഡ് വെഹിക്കിള്‍ ), സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈല്‍ എന്നിവയെ കുറിച്ചും പുടിൻ പറഞ്ഞിരുന്നു.. ഇപ്പോൾ യുക്രൈനിൽ നിന്നും കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിലാണ് ലോകം.
https://www.facebook.com/Malayalivartha