രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള രാജ്യങ്ങള്‍
ചെലവേറുമെന്നു കരുതി വിദേശ യാത്ര വേണ്ടെന്നു വെക്കേണ്ട കാര്യമില്ല. രൂപയെക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സികളുള്ള ചില രാജ്യങ്ങളെ അറിയാം.
ഇന്തോനേഷ്യ
ദ്വീപുകളുടെ നാടാണ് ഇന്തോനേഷ്യ. ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും .ഇന്ത്യക്കാര്‍ക്ക് ഇവിടെ 'ഫ്രീ വിസ ഓണ്‍ അറൈവല്‍ ' ലഭിക്കും
35 ലക്ഷം ജനങ്ങള്‍ ഉള്ള ബാലി ദ്വീപാണ് ഇന്തോനേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് സെന്റര്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള രാജ്യമായ ഇന്തോനെഷ്യയിലെ ഈ കുഞ്ഞു ദ്വീപില്‍ 85% ആള്‍ക്കാരും ഹിന്ദു മതക്കാരാണ്.
ആചാരങ്ങളിലും, കെട്ടിട നിര്‍മ്മിതിയിലും കേരളത്തിലെ ക്ഷേത്രങ്ങളുമായി സാമ്യം പുലര്‍ത്തുന്നവയാണ് ഇവിടുത്തെ അമ്പലങ്ങളും. ചില അമ്പലങ്ങള്‍ കണ്ടാല്‍ ഇത് നമ്മുടെ നാട്ടിലല്ലേ എന്നു വരെ സംശയിച്ച് പോകും. അമ്പലങ്ങളില്‍ ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്.
ബാറ്റ് കേവ് ടെമ്പിള്‍, കര്‍ത്താ ഗോസ ,പുരാ ഉളുവാതു ക്ഷേത്രം എന്നിങ്ങനെ കാഴ്ചകളുടെ വന്‍ശേഖരം ഇന്തോനേഷ്യയില്‍ ഉണ്ട്.
1 ഇന്ത്യന്‍ രൂപ = 198.88 ഇന്തോനേഷ്യന്‍ റുപയ്യ
വിയറ്റ്‌നാം
1959 ഏപ്രില്‍ മാസത്തില്‍ തുടങ്ങി 1975 വരെ നീണ്ടുനിന്ന ഒന്നായിരുന്നു വിയറ്റ്‌നാം യുദ്ധം. വളരെ പണ്ടുകാലം മുതല്‍ തന്നെ വൈദേശിക കടന്നുകയറ്റങ്ങള്‍ ഒരുപാടനുഭവിച്ചിട്ടുള്ള ഒരു ജനതയായിരുന്നു വിയറ്റ്‌നാമിലേത്. ചൈനാക്കാര്‍, മംഗോളിയക്കാര്‍, ജപ്പാന്‍ കാര്‍, ഫ്രഞ്ചുകാര്‍ എന്നിവരൊക്കെയും വിയറ്റ്‌നാമില്‍ അധിനിവേശം നടത്തിയവരായിരുന്നു. അതുകൊണ്ടു തന്നെ തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് വിയറ്റ് നാമിലേത് .ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്‍ഷിക്കും . കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍ .യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്‍ഷണങ്ങള്‍ .
1 ഇന്ത്യന്‍ രൂപ=336 .74 വിയറ്റ്‌നാമീസ് ദോംഗ്
കമ്പോഡിയ
തെക്കുകിഴക്കനേഷ്യയില്‍ തായ്‌ലന്റിനും വിയറ്റ്‌നാമിനുമിടയിലായി സ്ഥിതിചെയ്യുന്ന രാജ്യമാണ് കമ്പോഡിയ. നോം പെന്നാണ് തലസ്ഥാനം.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള, പുരാതന നാഗരിക സംസ്‌കാരം ഇപ്പോഴും നിലനിന്നുപോരുന്ന പ്രദേശമാണ് കമ്പോഡിയയിലെ അങ്കോര്‍. നാനൂറ് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായി വ്യാപിച്ചുകിടക്കുന്ന അങ്കോര്‍ വാട്ട് എന്ന വലിയ ശിലാനിര്‍മ്മിത ക്ഷേത്രത്തിന്റെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. പൗരസ്ത്യ വാസ്തു വിദ്യയുടെയും തച്ചുശാസ്ത്രത്തിന്റെയും ശില്‍പകലയുടെയുമൊക്കെ പ്രൗഢി വിളിച്ചോതുന്നതാണ് അങ്കോര്‍ വാറ്റ് എന്ന ഈ ആരാധന കേന്ദ്രം
ഐതിഹ്യപ്രകാരം അങ്കോര്‍വാറ്റിലെ പ്രധാന ഗോപുരം മേരു പര്‍വതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് (മേരു പര്‍വം പ്രപഞ്ച മസ്യത്ത് എന്ന് ഐതിഹ്യം). മേരുവിന്റെ ശാഖകള്‍ എന്നപോലെ അങ്കോര്‍ വാറ്റിന്റെ മറ്റ് അഞ്ച് ഗോപുരങ്ങള്‍ കാണാം. അതിന്റെ പുറംഭിത്തി ഭൂമിയുടെ വക്കിനെയും അതിന്റെ ചുറ്റിയുള്ള കനാല്‍ മഹാസമുദ്രങ്ങളേയും ആണ് സാക്ഷ്യപ്പെടുന്നത് എന്നും വ്യാഖ്യാനിച്ചിരിക്കുന്നു. ഒട്ടനവധി പ്രശസ്തര്‍ ഇതിന്റെ നിര്‍മാണ ചാതുര്യം കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് ലോകപ്രശസ്തനായ ആര്‍ക്കിടെക്റ്റ് ഫ്രാങ്ക് വിന്‍സെന്റ് പറഞ്ഞത് ഇത് ഒരേ സമയം മനോഹരവും പ്രണയദായകവും പ്രൗഢവും ആകര്‍ഷകവുമാണെന്നാണ്.ആദ്യകാലങ്ങളില്‍ അവിടുത്തെ ആരാധനാക്രമം ഹിന്ദുമത പ്രകാരമായിരുന്നു. എട്ടുകൈകളുള്ള നിവര്‍ന്നു നില്‍ക്കുന്ന വിഷ്ണുവായിരുന്നു മുഖ്യ പ്രതിമ. ഗ്യാലറികളിലെ ചില ഭിത്തികളില്‍ സംസ്‌കൃതത്തിലുള്ള ആ ലേഖനവും കാണാം. അഞ്ഞൂറേക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ മഹദ്‌സൗധത്തില്‍ കടക്കുന്നവരെ സ്വാഗതം ചെയ്യുന്നത് 1500 അപ്‌സര കന്യകകളുടെ മനോഹര ശില്‍പങ്ങളാണ്.ചരിത്രം നേരിട്ടു കണ്ടറിയുവാനും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാനും പുരാതന പൗരസത്യ കലാരൂപങ്ങള്‍ അറിയുവാനാഗ്രഹിക്കുന്നവരും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് അങ്കോര്‍ വാറ്റ്
ഇവിടത്തെ രാജകൊട്ടാരം ,ദേശീയ മ്യുസിയം , പൌരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് മറ്റു പ്രധാന ആകര്‍ഷണങ്ങള്‍ .
1 ഇന്ത്യന്‍ രൂപ =60.59 കമ്പോഡിയന്‍ റിയെല്‍
ശ്രീലങ്ക
രാവണന്റെ സ്വര്‍ണ നഗരി, ആഢ്യനായ കുബേരന്റെ ധനിക സാമ്രാജ്യം, മലയാളികള്‍ ജോലി തേടി പോയിരുന്ന സിലോണ്‍ എന്ന 'പഴയ ഗള്‍ഫ്'
തലസ്ഥാന നഗരിയായ കൊളമ്പോ, ബുദ്ധദേവന്റെ ദന്തം സ്ഥിതി ചെയ്യുന്ന കാന്‍ഡി എന്ന പഴയ തല സ്ഥാനം, പിന്നവാല ആന സങ്കേതം, പ്രസിദ്ധമായ സിലോണ്‍ ചായയുടെ ഉറവിടമായ നുവാര ഈലിയ, ചരിത്രവും പഴയ സംസ്‌കാരവും ഉറങ്ങുന്ന സിഗിരിയ, അനുരാധപുര, ഗാല്ല എന്ന കോട്ട നഗരി, പിന്നെ മനോഹരമായ അനേകം ബീച്ചുകള്‍ എന്നിവയാണ് പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍.ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയുമാണ് ഇന്ത്യക്കാരെ ശ്രീലങ്കയോടടുപ്പിക്കുന്നത്.
1 ഇന്ത്യന്‍ രൂപ= 2.20 ശ്രീലങ്കന്‍ രൂപ
നേപ്പാള്‍
ലോകത്തിലെ പൈതൃക നഗരങ്ങളില്‍ ഒന്നായ നേപ്പാള്‍ നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും പുരാതന സ്മാരകങ്ങളുംകൊണ്ട് അനുഗൃഹീതമായിരുന്നു.ഷെര്‍പകളും എവറെസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും ഉള്ള നേപ്പാള്‍ മികച്ചൊരു വിനോദയാത്രാ കേന്ദ്രമായിരുന്നു. എന്നാല്‍ കണ്ണിന് കുളിര്‍മ നല്‍കിയ കാഴ്ചകളൊക്കെ ഭൂകമ്പം വിഴുങ്ങിയിരിക്കുന്നു. ചരിത്ര സ്മാരകങ്ങളും പൈതൃക സ്വത്തും ഉള്‍പ്പടെയുള്ള നിറക്കാഴ്ചകളാണ് ഭൂകമ്പം തുടച്ചുമാറ്റിയത് .
1 ഇന്ത്യന്‍ രൂപ =1.60 നേപാളി രൂപ
ഐസ് ലാന്‍ഡ്
ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ഈ ദ്വീപ് . അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. ' വടക്കന്‍ വെളിച്ചങ്ങള്‍ ' അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസം വര്‍ണനാതീതം തന്നെ.
1 ഇന്ത്യന്‍ രൂപ =1.87 ഐസ്ലാന്‍ഡിക് ക്രോണ
ഹംഗറി
നേപാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്.
റോമന്‍ തുര്‍കിഷ് സംസ്‌കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്‌കാരം.ഇവിടത്തെ കോട്ടകളും പാര്‍ക്കുകളും തീര്ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
1 ഇന്ത്യന്‍ രൂപ = 4.10 ഹംഗേറിയന്‍ ഫോറിന്റ്
ജപ്പാന്‍
ചെറി പൂക്കള്‍ പൂത്തുലയുന്ന ഉദയ സൂര്യന്റെ നാടായ ജപ്പാന്‍... ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബരചുംബികളുമായി സാങ്കേതികത്വത്തിന്റെ മകുടോദാഹരണമായ രാജ്യം. ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നായ ജപ്പാന്‍ സ്വന്തമായ സംസ്‌ക്കാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്നു.
1 ഇന്ത്യന്‍ രൂപ =1.65 ജാപ്പനീസ് യെന്‍
https://www.facebook.com/Malayalivartha