യുകോണ്‍ പുഴ കടന്ന് ഡവ്സണില്‍ ചെന്നാൽ
ബ്രിട്ടീഷ് കോളംബിയയിലെ തീരപ്രദേശ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിച്ച്, യുകോണും, അലാസ്കയും കടന്ന് ബെറിംഗ് കടലില്‍ ചെന്നവസാനിക്കുന്ന യുകോണ്‍ നദി കാനഡയുടെ വടക്കുപടിഞ്ഞാറേ ടെറിട്ടറിയായ യുകോണിലേയും തൊട്ടപ്പുറത്തെ അലാസ്കയിലേയും ഏറ്റവും നീളംകൂടിയ പുഴയാണ്.വേനലില്‍ 24 മണിക്കൂറും ഫെറിയുടെ സേവനം യുക്കോൺ നദിയിൽ ലഭ്യമാണ്. ഫെറിയെടുത്ത് ഡവ്സണ്‍ നഗരത്തിലേക്ക് പോകാം .ക്ലോണ്ടിക് സുവര്‍ണ്ണ കാലം മുതല്‍ 1950 വരെ വേനല്‍ക്കാലത്ത് ഏറ്റവും തിരക്കേറിയ ജലഗതാഗത മാര്‍ഗ്ഗമായിരുന്നു യുകോണ്‍ നദി.
വടക്കേ അമേരിക്കയില്‍ മൂന്നാം സ്ഥാനവും യുകോണിന് തന്നെ .3185 കി.മി നീളമുള്ള പുഴയുടെ 1149 കി.മി ഭാഗം കാനഡയിലാണ്.യുകോണ്‍ എന്ന വാക്കിന്റെ അർഥം തന്നെ 'വലിയ നദി ' എന്നാണ്.
ഹിമയുഗത്തില്‍ പോലും യുകോണ്‍ നദിയില്‍ വെള്ളമുണ്ടായിരുന്നുവെത്രേ.യുകോണ്‍ നദിയിലാണ് സാല്‍മണുകള്‍ മുട്ടയിടാനെത്തുന്നത്. സാല്‍മണ്‍ മത്സ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിളനിലമാണ് ഈ പുഴ. ഇതിലൂടെ കടന്നുപോകുന്നവരില്‍ പ്രധാനിയായ ചിനൂക് സാല്‍മണാണ് ഗുണമേന്മയില്‍ മുന്തിയത്. സാല്‍മണ്‍ സംരക്ഷണത്തിനായി യുകോണും അലാസ്കയും ഒപ്പിട്ട ഒരന്താരാഷ്ട്ര കരാര്‍ നിലവിലുണ്ട്.
യുകോണിന്‍റെയും അലാസ്കയുടെയും മണ്ണിൽ ഒളിച്ചിരിക്കുന്ന നിധി ആര്‍ക്കും എടുക്കാമെന്നൊക്കെയുള്ള വാര്‍ത്തകൾ ഒരുകാലത്ത് ആളുകളെ ഇങ്ങോട്ട് കൂട്ടത്തോടെ ആകര്‍ഷിച്ചു.
ആവിക്കപ്പലില്‍ യുകോൺ നദിയിലൂടെ ഡവ്സണ്‍ നഗരത്തിലെത്തുകയെന്നത് ചിലവേറിയതിനാല്‍ പലരെയും സംബന്ധിച്ച് അങ്ങിനെയൊരു യാത്ര സാധ്യമല്ലായിരുന്നു. അതിനാല്‍ ഉള്ളതെല്ലാം വിറ്റ് കുടിയേറ്റക്കാര്‍ കാല്‍നടയായിട്ടാണ് ഡവ്സണിലെത്താൻ ശ്രമിച്ചത്.
കാടും, മലയും വന്യജീവികളും, തണുപ്പും, മഞ്ഞും ഒന്നും ഈ കുടിയേറ്റത്തെ ബാധിച്ചില്ല. “പുവര്‍ മാന്‍സ് ട്രെയില്‍” എന്ന് പേരിട്ട സ്കാഗ് വേ ട്രെയിലും ദ്യേയ ട്രെയിലും ആളുകളെയും കുതിരകളെയും കൊണ്ട് നിറഞ്ഞു. ചെങ്കുത്തായ മലനിരകൾ വെറുതെ കയറി പോവുകയായിരുന്നില്ല, ഓരോരുത്തരും നൂറ് പൗണ്ടിലധികം തൂക്കം വരുന്ന സാധനങ്ങള്‍ പുറത്ത് ഏറ്റുകയും ചെയ്തിരുന്നു.
ഖനനതൊഴിലാളികളുടെ ഭാര്യമാര്‍, കുടുംബം കൂടെയില്ലാതെ വന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്തും, തുണി അലക്കി കൊടുത്തും ജീവിത മാര്‍ഗം കണ്ടെത്തിയവര്‍, ഡാന്‍സ് ബാറിലെ പെണ്‍കുട്ടികള്‍, നേഴ്സുമാര്‍ അങ്ങിനെ കുറെ ജന്മങ്ങളുടെ വിയര്‍പ്പും, കണ്ണീരും, സ്വപ്നങ്ങളും അലിഞ്ഞുചേര്‍ന്നതാണ് യുകോണിലേയും അലാസ്കയിലേയും മണ്ണ്. ക്ലോണ്ടിക് ഗോള്‍ഡ് റഷ് കാലത്തെ അനുഭവങ്ങള്‍ അക്ഷരങ്ങളാക്കിയവരില്‍ “ദി കോള്‍ ഓഫ് ദി വൈല്‍ഡ്” എഴുതിയ ജാക്ക് ലണ്ടനും ഉള്‍പ്പെടുന്നു. സ്വര്‍ണ്ണം അരിച്ചെടുത്ത് പണക്കാരനാകാന്‍ കൊതിച്ചു കാലിഫോര്‍ണിയയില്‍ നിന്ന് യുകോണിലെത്തിയ ജാക്കിന് ക്ലോണ്ടിക് യാത്ര മറ്റുള്ളവരെ പോലെ തന്നെ ദുരിത പൂര്‍ണ്ണമായിരുന്നു. തണുപ്പില്‍ പല്ലുകള്‍ കൊഴിഞ്ഞ് പോവുകയും മറ്റ് രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്തതല്ലാതെ യുകോണ്‍ ജാക്കിനൊന്നും നല്‍കിയില്ല. പട്ടിണിയും പരിവട്ടവുമായി തിരിച്ചു കാലിഫോര്‍ണിയയില്‍ എത്തിയ ജാക്ക് ക്ലോണ്ടിക് അനുഭവ കഥകളെഴുതി പ്രശസ്തനായി. “കോള്‍ ഓഫ് ദി വൈല്‍ഡും, വൈറ്റ് ഫാന്ഗു"മാണ് ഇതില്‍ ഏറെ വായിക്കപ്പെട്ടത്
ക്ലോണ്ടിക് പുഴയുടെ പോഷക നദിയായ ബോണാന്‍സാ ക്രീക്കില്‍ 1896ല്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ അങ്ങോട്ട് പാലായനം തുടങ്ങി.ബോണാന്‍സാ ക്രീക്കിനടുത്തുള്ള ചതുപ്പ് പ്രദേശമായിരുന്ന ഡവ്സണില്‍ അന്ന് വെറും 2000 ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഗോത്രവംശരും പിന്നെ കനേഡിയന്‍ നിയമ പാലകരായ മൌണ്ടീസും. ഇവരുടെ ഈ കൊച്ച് സ്വര്‍ഗ്ഗത്തിലേക്കാണ് സ്വര്‍ണ്ണഖനിക്കാരുടെ വരവ്. രണ്ടു വര്ഷം കൊണ്ട് ഡവ്സണിലെ ജനസംഖ്യ 30,000 മുതല്‍ 40,000 വരെയായി. യുകോണിന്‍റെ തലസ്ഥാനവും ഡവ്സണായി. വാങ്കുവറിനേക്കാളും തിരക്കുള്ള നഗരം! പുറത്ത് നിന്ന് വരുന്നവര്‍ ഡവ്സണിനെ വടക്കിലെ പാരീസെന്ന് വിശേഷിപ്പിച്ചു. പുതിയ ആളുകളോടൊപ്പം പുതിയ സംസ്കാരങ്ങളും, ശീലങ്ങളും, സാധനങ്ങളും ഡവ്സണില്‍ കപ്പലിറങ്ങി. അതോടെ അവിടെയുണ്ടായിരുന്ന ഗോത്രവംശരില്‍ ചിലരൊക്കെ നാട് വിട്ട് പോവുകയും ചെയ്തു.
1899 ല്‍ അലാസ്ക്കയിലെ കേപ് നോമില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ വാര്‍ത്ത ഡവ്സണിലെത്തിയതോടെയാണ് വടക്കിലെ പാരീസിന്‍റെ സുവര്‍ണ്ണ കാലത്തിന്‍റെ അസ്തമനം തുടങ്ങിയത്. രണ്ട് വര്‍ഷത്തെ തിക്കും തിരക്കും പെട്ടെന്ന് അസ്തമിച്ചു. ഇന്ന് ഡവ്സണിലെ ജനസംഖ്യ 2000ത്തില്‍ താഴെയാണ്. ആവിക്കപ്പലുകളും, ബോട്ടുകളും, ചങ്ങാടങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന യുകോണ്‍ പുഴയും ഇപ്പോള്‍ ശാന്തമാണ്.
ആവിക്കപ്പലുകളിലും, തോണികളിലും, ചങ്ങാടങ്ങളിലും, അവരെക്കാള്‍ ഭാരമുള്ള സ്വപ്നങ്ങളുമായി എത്രയോപേര്‍ ഈ പുഴ കടന്നിരിക്കാം. ഇന്നും ഇവിടേയ്ക്ക് കനകം തിരഞ്ഞു വരുന്നവരുണ്ടാവുമോ?
https://www.facebook.com/Malayalivartha