ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ, മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്.
ദുബൈ ഗ്ലോബൽ വില്ലേജിൽ ഇപ്പോൾ മുഴങ്ങുന്നത് ആഫ്രിക്കൻ വന്യതാളം. ഭീമൻ ചെണ്ടയിൽ തടിയൻ കോലുകൊണ്ട് ആഞ്ഞൊന്നു തട്ടിയാൽ ഏഴടിയിൽ കൂടുതൽ പൊക്കമുള്ള കെനിയൻ സുന്ദരന്മാർ ആഫ്രിക്കൻ ‘ടെക്‌നിക്കു'കളുമായി അലറിപ്പാഞ്ഞു വരും ..
ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ കെനിയൻ കാട്ടുകഥകളിലൂടെ മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്. വിവാഹം, കൊയ്‌ത്ത്, ജനനം, മരണം എന്നിവയൊക്കെ പാട്ടിന്റെ ശീലുകളിലൂടെ ഒഴുകിയെത്തും .
നൃത്തവും സംഗീതവുമാണ് ആഫ്രിക്കക്കാരുടെ ജീവൻ.പണ്ട് വിശേഷങ്ങൾ അറിയിക്കുന്നത് പോലും വാദ്യോപകരണങ്ങളിലൂടെ ആയിരുന്നത്രേ.വാദ്യോപകരണങ്ങളുടെ ശബ്‌ദം മൈലുകളോളം അകലെ കേൾക്കാനാകും. എന്താണു സംഭവമെന്ന് അടുത്ത ഗ്രാമങ്ങളിലുള്ളവർക്കു പിടികിട്ടുകയും അവർ കൂട്ടത്തോടെ എത്തുകയും ചെയ്യും. കാലം മാറിയെങ്കിലും ഇന്നും ഈ ശീലങ്ങളിൽ മാറ്റമില്ലെന്ന് മൂപ്പൻ മബ്‌റൂക്കും സംഘവും സാക്ഷ്യപ്പെടുത്തുന്നു.
കെനിയയിൽ ഇപ്പോൾ നാൽപതിലേറെ ഗോത്രങ്ങൾ ഉണ്ട്. ഗോണ്ട, സെങ്കനിയ, ക്രിംഗാഗോ, മൻസേലെ എന്നിങ്ങനെ ആഫ്രിക്കൻ മേഖലയിൽ ഡാൻസുകൾ പലവിധമാണ്. ബുംബൂബു, ജെംപ, കാംപ, മൊഷോൺഡോ, മിഷിരിമ, സുള്ളി എന്നിവയാണു പ്രധാന ചെണ്ടകൾ. മുട്ടിയാൽ ഇടിമുഴക്കം ഉയരുന്ന കിടിലൻ ചെണ്ടകളാണിവ. ഇതിനൊപ്പം ഒറ്റക്കമ്പിയുള്ള വയലിൻ ഷിരിരിയും എട്ടു കമ്പികളുള്ള ഞാറ്റീറ്റിയും കൂടി ചേരുന്നതോടെ താളമേളങ്ങളുടെയും നൃത്തച്ചുവടുകളുടെയും പെരുമഴയായി.
വിവാഹം, കൊയ്‌ത്തുൽസവം എന്നിവയുമായി ബന്ധപ്പെട്ട നൃത്തമാണു ചക്കാച്ച. അരക്കെട്ട് ഇളക്കിയുള്ള ഈ നൃത്തത്തിന് അറേബ്യൻ ചുവടുകളോട് ഏറെ സാമ്യമുണ്ട്. കെനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ നാടുകളിൽ ഗോത്രങ്ങൾ ഏറെയാണെങ്കിലും മസായികൾക്കാണു തലയെടുപ്പ്. ഉയരത്തിലും മസിലുകളിലും സൗന്ദര്യത്തിലും ധൈര്യത്തിലും ഒരുപിടി മുന്നിലാണിവരെന്നു പറയുന്നു. മറ്റുവിഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കാലികൾക്കൊപ്പമാണു താമസം. പാലും പാലുൽപന്നങ്ങളും മാത്രമല്ല, പശുവിന്റെയും എരുമയുടെയും ചോരയും ഇവർക്കു പഥ്യം. ചോരകുടിയും നൃത്തവും തമ്മിൽ ബന്ധമുണ്ടെന്നു മൂപ്പൻ പറയുന്നു. ചോരകുടിച്ചശേഷം വെറുതെയിരിക്കാൻ പാടില്ലത്രേ. വയറ്റിൽചെന്നു കട്ടപിടിച്ചാൽ പ്രശ്‌നമാണ്. അതുകൊണ്ടു ചാടുകയും ഓടുകയും മറിയുകയുമൊക്കെ വേണം. ഇതു മൂന്നും ഡാൻസിൽ ഉള്ളതിനാൽ അതാണു സൗകര്യം.
ഗ്ലോബൽ വില്ലേജിൽ ഇത് ഏഴാംതവണയാണു മബ്‌റൂകും സംഘവും എത്തുന്നത്. ആഫ്രിക്കൻ നൃത്തം അഭ്യസിച്ചാൽ ആധുനിക ലോകത്തെ അസുഖങ്ങളൊന്നും ബാധിക്കില്ലെന്നും ഇവർ പറയുന്നു. ശരീരത്തിൽ ‘കംപ്ലീറ്റ്’ മസിലുകൾ ആയിരിക്കും. മസിലുള്ള ശരീരത്തിൽ രോഗങ്ങൾ വരില്ലല്ലോ.
ഗിരിയാമ ഗോത്രത്തിലെയാണെങ്കിലും മറ്റൊരു ഗോത്രമായ മസായി വസ്ത്രധാരമാണ് ഇവിടെ മൂപ്പനും ശിഷ്യർക്കും ..കാരണം സിംപിൾ..ഗിരിയാമ ഗോത്രക്കാർ അരയ്‌ക്കു മുകളിൽ വസ്‌ത്രം ധരിക്കാറില്ല. ആണുങ്ങളാണെങ്കിൽ താഴേക്കും കാര്യമായിട്ടൊന്നുമുണ്ടാകില്ലത്രേ.. ഈ വേഷം ഇനി ആധുനിക പരിഷ്ക്കാരികളും അനുകരിച്ചാലോ?
വീഡിയോ കാണാം
https://www.facebook.com/Malayalivartha