സൂര്യനെ പ്രതിഫലിപ്പിക്കുന്ന ഗോപുരം ചൈനയിൽ
പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ നിർമിച്ച് ലോകാദ്ഭുതങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഒന്നാണ് സൂര്യനെ പ്രതിഫലിപ്പിക്കുന്ന ഈ ഗോപുരം! ഈ ഗോപുരത്തിന്റെ പേരാണ് പോർസലെയ്ൻ ടവർ. അതിശയം തോന്നുന്നുണ്ടോ? എന്നാൽ അതിശയിക്കേണ്ട കാര്യമില്ല ഈ ഗോപുരത്തിന് ഒരുപാട് ചരിത്രങ്ങൾ പറയാനുണ്ടാകും. മിങ് രാജവംശത്തിലെ യുങ് ലി ചക്രവർത്തിയുടെ കാലത്താണ് പോർസലെയ്ൻ ടവർ നിർമിച്ചത്. തലസ്ഥാനമായ നാൻജിങ്
പട്ടണത്തിൽ യാങ്റ്റ്സി നടിയുടെ തീരത്തായിരുന്നു ഇത് നിർമിച്ചത്.
79 മീറ്റർ ഉയരം. 30 മീറ്റർ വിസ്തൃതിയുമുള്ള എട്ടു വശങ്ങളോടുകൂടിയ ഒരു കൂറ്റൻ ഗോപുരമാണ് പോർസലെയ്ൻ ടവർ. ഒൻപതുനിലയുള്ള ഈ ഗോപുരത്തിന്റെ നടുവിൽ ഒരു ചുറ്റുഗോവണിയുണ്ട്. ഇതുവഴി മുകളിലേക്ക് കയറാൻ സാധിക്കും. ഏറ്റവും ഉയരത്തിൽ മേൽക്കൂരയുടെ മുകളിലായി സ്വർണം കൊണ്ടുള്ള ഒരു ഗോളവും വച്ചിട്ടുണ്ട്.
സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ കഴിവുള്ള വെളുത്ത പോർസലെയ്ൻ ടൈലുകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഗോപുരം പകൽ മുഴുവൻ സൂര്യപ്രകാശത്താൽ വെട്ടിത്തിളങ്ങും. രാത്രിയായാൽ 140 ബൾബുകളുണ്ട് ടവറിനെ പ്രകാശ പൂരിതമാക്കാൻ. മധ്യകാലഘട്ടത്തിലെ ലോകാദ്ഭുതങ്ങളിലൊന്നായി ഈ ഗോപുരത്തെ കണക്കാക്കപ്പെടുന്നു.
രണ്ടു തവണ ഈ ഗോപുരം തകർന്നുവെങ്കിലും ഈ അഭിമാനസ്തംഭം ചൈനയിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പുനർജനിച്ചു. വാങ്ജിയാൻലിൻ എന്ന ചൈനീസ് ബിസിനസുകാരൻ പുതിയൊരു പോർസലെയ്ൻ ടവർ നിർമിക്കാനുള്ള പണം സംഭാവന നൽകുകയായിരുന്നു. 5.6 കോടി അമേരിക്കൻ ഡോളറാണ് നിർമാണച്ചെലവ്. അങ്ങനെ പഴയ ടവർ നിന്നിരുന്ന അതേസ്ഥലത്ത് 2015 ഡിസംബറിൽ പുതിയ ഗോപുരം സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.
https://www.facebook.com/Malayalivartha