മലമുകളിലെ ഫയര്‍ ഫാള്‍ അഥവാ ‘തീ’ വെള്ളച്ചാട്ടം
തീ വെള്ളച്ചാട്ടം, എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്നു അല്ലെ? തീയും വെള്ളവും ഒരുമിച്ചോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഈ തീ വെള്ളച്ചാട്ടം യുഎസിലെ യോസ്മൈറ്റ് ദേശീയ പാര്‍ക്കിലാണ് കാണാനാകുക. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയതും പ്രശസ്തവുമായ വെള്ളച്ചാട്ടമാണ് ഹോര്‍സ് ടെയില്‍ അഥവാ കുതിര വാല്‍ വെള്ളച്ചാട്ടം. കുതിരയുടെ വാല്‍ പോലെയുള്ള രൂപമാണ് വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിക്കാന്‍ കാരണം. ഈ വെള്ളച്ചാട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അതായത് ഫെബ്രുവരിയില്‍ ചില ദിവസങ്ങളില്‍ മാത്രം ഒരു പ്രത്യേക പ്രതിഭാസം ഈ വെള്ളച്ചാട്ടത്തിൽ ദൃശ്യമാകും. ഈ പ്രതിഭാസമാണ് വെള്ളച്ചാട്ടത്തിനു ഈ പേര് സമ്മാനിച്ചത്.
ഒരു മലയുടെ അറ്റത്താണ് കുതിര വാല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്തിന്‍റെ അവസാനമായതിനാല്‍ അത്ര ശക്തമല്ലാത്ത സൂര്യരശ്മികളാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മലയുടെ മുകളിൽ പതിക്കുക. ഇതിനു ചുറ്റുമുള്ള പാറയ്ക്ക് തവിട്ട് കലര്‍ന്ന ചുവപ്പ് നിറമാണ്. ഈ പാറക്കെട്ടുകളില്‍ തട്ടി സൂര്യപ്രകാശം വെള്ളച്ചാട്ടത്തിലേക്കു പ്രതിഫലിക്കുമ്പോഴാണ് തീയുടേതിന്സമാനമായ ഓറഞ്ചു നിറം വെള്ളച്ചാട്ടത്തിനു കൈവരിക. ദൂരെ നിന്നുനോക്കിയാൽ കത്തുന്ന തീ താഴേക്ക് പതിക്കുന്നത് പോലെ കാണപ്പെടും.
സൂര്യൻ ചില പ്രത്യേക കോണുകളിൽ നിൽക്കുമ്പോൾ മാത്രമാണ് ഈ പ്രതിഭാസം ദൃശ്യമാകുക. സന്ധ്യാസമയത്തു മാത്രമാണ് ലാവയുടെ അതേ നിറത്തിലും ഭാവത്തിലും ഈ വെള്ളച്ചാട്ടം കാണാനാകുക. ഫയര്‍ ഫാള്‍ എന്നാണ് ഈ പ്രതിഭാസത്തെ പ്രദേശവാസികൾ വിളിക്കുന്നത്. മലയുടെ മുകളിലെ മഞ്ഞുരുകിയാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്.
ഏപ്രില്‍ അവസാനം മഞ്ഞുരുകി തീരുന്നതോടെ വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കും അവസാനിക്കും. പിന്നെ അടുത്ത വര്ഷം ഫെബ്രുവരി വരെ കാത്തിരിക്കണം ഈ വെള്ളച്ചാട്ടം കാണണമെങ്കിൽ. എന്തായാലും ഈ കാഴ്ച വളരെ അപൂർവവും അസുലഭവുമാണെന്ന കാര്യം തീർച്ച.
https://www.facebook.com/Malayalivartha