ആരെയും ആകർഷിക്കാൻ പോന്ന കണ്ണാടിപോലൊരു കൊട്ടാരം
ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായല്ലോ ഹൈദരാബാദ്. ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ് ഇത്. മാത്രവുമല്ല ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന അനവധി നിരവധി സംഭവങ്ങൾ ഇവിടുണ്ട്. അത്തരത്തിൽ ആരെയും ആകർഷിക്കാൻ പോന്ന ഒന്നാണ് ഫലക്‌നുമ കൊട്ടാരം. ഹൈദരാബാദിലെ ഏറ്റവും മനോഹരമായ കൊട്ടാരങ്ങളില്‍ ഒന്നായ ഫലക്‌നുമ കൊട്ടാരം 32 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ഹൈദരാബാദിന്റെ ഹൃദയത്തിലുള്ള കൊട്ടാരത്തെ നമുക്ക് കൂടുതല്‍ അടുത്തറിയാം.
'ആകാശത്തെപ്പോലെ' അല്ലെങ്കില്‍ 'ആകാശത്തിന്റെ കണ്ണാടി'എന്നാണ് ഫലക്‌നുമ എന്ന ഉര്‍ദു വാക്കിന്റെ അര്‍ഥം. ഒരിക്കല്‍ ഇവിടെയെത്തിയാല്‍ ഇതു സത്യമാണെന്ന് മനസ്സിലാകും. തേളിന്റെ ആകൃതിയിൽ വില്യം വാര്‍ഡ് മാരറ്റ് എന്നയാളാണ് കൊട്ടാരം രൂപകല്പന ചെയ്തത്. സര്‍ വികര്‍ 1898 വരെ ഈ കൊട്ടാരം സ്വകാര്യ വസതിയായി ഉപയോഗിച്ചിരുന്നു. പിന്നീട് കൊട്ടാരം ഹൈദരാബാദിന്റെ ആറാമത്തെ നിസാമിനു കൈമാറി. 2000 വരെ നിസാം കുടുംബത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന കൊട്ടാരത്തില്‍ ജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.
ഒറ്റ നോട്ടത്തില്‍ നഗരം മുഴുവന്‍ കാണാന്‍ കഴിയുന്ന രീതിയിൽ ആണ് ഈ കൊട്ടാരം രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദായിരുന്നു ഫലക്‌നുമയിലെ അവസാനത്തെ അതിഥി. പിന്നീട് താജ് ഗ്രൂപ്പിനു ഹോട്ടല്‍ കൈമാറി.
കൊട്ടാരത്തിലെ തീന്‍മേശ ലോകമെങ്ങും പ്രശസ്തമാണ്. 108 അടി നീളമുള്ള തീന്‍മേശയില്‍ ഒരേസമയം നൂറ്റിയൊന്നു പേര്‍ക്ക് ഭക്ഷണം കഴിക്കാം. ഖുര്‍ ആനിന്റെ ഇന്ത്യയിലുള്ള മികച്ച പതിപ്പുകളിലൊന്ന് സൂക്ഷിച്ചിരിക്കുന്നത് ഫലക്‌നുമ കൊട്ടാരത്തിലാണ്. അമൂല്യമായ ചിത്രങ്ങളും ശില്പങ്ങളും എഴുത്തുകളും കൊട്ടാരത്തിന്റെ പ്രത്യേകതയാണ്.
60 അത്യാഡംബര മുറികളും വിശാലമായ 22 ഹാളുകളും കൊട്ടാരത്തിലുണ്ട്. അപൂര്‍വ്വങ്ങളായ ഫര്‍ണിച്ചറുകളും ആഡംബരത്തിനു മാറ്റു കൂട്ടുന്നു. 2010ല്‍ താജ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പുനരുദ്ധാരണത്തിനു ശേഷം കൊട്ടാരം ഹോട്ടലായി തുറന്നു.
https://www.facebook.com/Malayalivartha