രക്തം വീണ് കുതിര്‍ന്ന ജാലിയന്‍ വാലാബാഗിലേക്ക് ഒരു യാത്ര
താജ്‌മഹലിന്റെ നാടായ ആഗ്രയില്‍ നിന്ന് രാജസ്ഥാനിലെ ജയ്‌പൂരിലേക്കും അവിടെനിന്ന് ഒരു രാത്രിയുടെ ഇടവേളയില്‍ ന്യൂഡല്‍ഹിയിലേക്കുമുളള നീണ്ട ബസ് യാത്രയുടെ കടുത്ത ക്ഷീണത്തോടെയാണ് ഡല്‍ഹി ഹസ്‌റത്ത് നിസാമുദ്ദീന്‍ റയില്‍വേ സ്റ്റേഷനിലെത്തിയത്. സമയം വൈകിട്ട് 6.30 കഴിഞ്ഞു. 12903 നമ്പര്‍ മുംബൈ അമൃത്സര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിലെ സെക്കന്റ് ക്ലാസ് കോച്ചില്‍ കയറുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ഇനി സ്വസ്ഥമായി ഇരുന്ന് വേഗം ഉറങ്ങാം.
പക്ഷേ, ടിക്കറ്റ് പ്രകാരമുള്ള സീറ്റിലത്തെിയപ്പോള്‍ പഞ്ചാബി കുടുംബം കൈയേറിയിരിക്കുന്നു. കുട്ടികളുള്‍പ്പെടുന്ന സംഘം സീറ്റില്‍ ഒന്ന് ഇരിക്കാന്‍ പോലും സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ, ഞങ്ങളുടെ സംഘത്തിലെ ചിലര്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയതിലൂടെ ഒഴിവുവന്ന സീറ്റില്‍ ഇടം പിടിച്ചു. ട്രെയിന്‍ കൃത്യസമയത്ത് നീങ്ങി. പഞ്ചാബ് തലസ്ഥാനമായ അമൃത്സറിലെ ജാലിയന്‍വാലാബാഗും സുവര്‍ണ ക്ഷേത്രവും പിന്നെ, ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗയുമാണ് ലക്ഷ്യം. കേരള സര്‍ക്കാറിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും കണ്ണൂര്‍ പ്രസ് ക്ളബും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ പഠന യാത്രയാണ് ഉത്തരേന്ത്യന്‍ യാത്രക്ക് അവസരം നല്‍കിയത്.
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദും മീററ്റും മുസഫര്‍നഗറും പിന്നിട്ട ട്രെയിന്‍ പുലര്‍ച്ചെ 2.50ന് പഞ്ചാബിലെ ലുധിയാനയിലത്തെി. 515 കിലോമീറ്റര്‍ പിന്നിട്ട് രാവിലെ ആറുമണിയോടെ അമൃത്സര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി. പ്രഭാത ഭക്ഷണം കഴിഞ്ഞയുടന്‍ ജാലിയന്‍വാലാബാഗിലേക്ക്. സ്കൂളിലും കോളജിലും പാഠപുസ്തകങ്ങളില്‍ പഠിച്ച ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം നേരില്‍കാണാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ചരിത്ര വിദ്യാര്‍ഥിയെന്ന നിലയില്‍ മന:പാഠമാക്കിയ വരികള്‍ ഓര്‍ത്തു. ചുറ്റുപാടും കെട്ടിടങ്ങള്‍കൊണ്ട് വലയംചെയ്ത ജാലിയന്‍വാലാബാഗ് മൈതാനത്തേക്ക് ഇടുങ്ങിയ കവാടത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് വന്‍ തിരക്ക്. ഇരുഭാഗത്തുനിന്നും ഉന്തും തള്ളും. ഒഴുകിവന്ന തിരമാല പോലെ ആ തിരക്ക് ഇല്ലാതായ ആശ്വാസത്തില്‍ അകത്തത്തെി.
ജാലിയന്‍വാലാബാഗ് മൈതാനത്തിന്‍െറ ഒരു മൂലയിലുള്ള കിണറിന് സമീപം നിന്നപ്പോള്‍, ശ്വാസംമുട്ടിയും വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റിട്ട് ചികിത്സ ലഭിക്കാതെയും ഈ കിണറ്റില്‍ മരിച്ചവരുടെ ദയനീയ ചിത്രങ്ങള്‍ മുന്നില്‍ തെളിഞ്ഞു. അന്നും ഇതുപോലെ ഞായറാഴ്ചയായിരുന്നു. 1919 ഏപ്രില്‍ 13. ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ‘റൗലറ്റ് ആക്ടി’നെതിരെ പ്രതിഷേധിക്കാനാണ് 15,000ത്തിനും 20,000ത്തിനും ഇടയില്‍ ഇന്ത്യക്കാന്‍ ഈ മൈതാനത്ത് ഒത്തുകൂടിയത്. പഞ്ചാബിലെ വൈശാഖി ദിവസം കൂടിയായതിനാല്‍ വൈശാഖി തീര്‍ഥാടകരില്‍ നല്ളൊരു ശതമാനം പ്രതിഷേധയോഗ സ്ഥലത്തുമത്തെി.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട സാഹചര്യം. പ്രത്യേകിച്ച് പഞ്ചാബില്‍ ഈ സമയത്തുണ്ടായ ചില സംഭവങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെരെ ജനരോഷം ആളിക്കത്തിച്ചു. ഏപ്രില്‍ 11ന് ഇംഗ്ളീഷ് മിഷനറി മാഴ്സെല ഷെര്‍വുഡിനെ പ്രതിഷേധക്കാര്‍ മര്‍ദിച്ചു. മറ്റു ചില ഇന്ത്യക്കാര്‍ ഇടപെട്ട് ഈ വനിതയെ രക്ഷിച്ചെങ്കിലും ഇന്ത്യക്കാരെ ശിക്ഷിക്കാന്‍ തീരുമാനിച്ച ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയര്‍, ഈ സംഭവം നടന്ന തെരുവിലൂടെ പോകുന്ന ഇന്ത്യക്കാര്‍ മുട്ടില്‍ ഇഴയണമെന്ന് ഉത്തരവിടുകയും ഇത് നടപ്പാക്കാന്‍ പട്ടാളക്കാരെ നിയമിക്കുകയും ചെയ്തു. മനുഷ്യത്വരഹിത നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ പഞ്ചാബ് കലുഷിതമായി. നാലില്‍ കൂടുല്‍ പേര്‍ കൂട്ടം കൂടുന്നത് നിരോധിച്ചത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളുമായി ഏപ്രില്‍ 13ന് പട്ടാള നിയമം നടപ്പാക്കി.
ഇന്ത്യയിലെ മറ്റു ചരിത്ര സ്മാരകങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ജാലിയന്‍വാലാബാഗിലത്തെുമ്പോള്‍ അനുഭവപ്പെടുന്നത്. രാവിലെ തിരക്ക് കാരണം വേണ്ടവിധത്തില്‍ കാണാന്‍ സാധിച്ചില്ളെന്ന് തോന്നിയതിനാല്‍ കഷ്ടിച്ച് അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ വീണ്ടും അവിടെയത്തെി. ദുരന്തം വന്നത്തെിയ ഇടുങ്ങിയ വഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഇതിന്‍െറ ഒരുവശത്തെ ചുമരില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ കണ്ടു-‘നിരപരാധികളായ ഇന്ത്യന്‍ ജനക്കൂട്ടത്തിനു നേരെ വെടിവെക്കാന്‍ ജനറല്‍ ഡയര്‍ തന്‍െറ പട്ടാളക്കാരുമായി വന്നത് ഈ വഴിയിലൂടെയാണ്’. ഇംഗ്ളീഷ്, ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിലുള്ള ഫലകത്തിന് സമീപം നിന്നപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.
ഉച്ചക്കുശേഷം ഞങ്ങള്‍ ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗയിലേക്ക് തിരിച്ചു. ഇന്ത്യയുടെയും പാകിസ്താന്‍െറയും ദേശീയ പതാകകള്‍ താഴ്ത്തുന്ന ചടങ്ങ് കഴിഞ്ഞ് രാത്രി വീണ്ടും അമൃത്സറിലത്തെി.
12904 നമ്പര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലില്‍ റിസര്‍വേഷനുണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥ. ജനറല്‍ ടിക്കറ്റുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഇടിച്ചുകയറിയവരുടെ വന്‍ തിരക്ക്. അങ്ങോട്ടും ഇങ്ങോട്ടും നടന്ന ടി.ടി.ഇ ആരുടെയും ടിക്കറ്റ് ചോദിച്ചില്ല. ഫലം റിസര്‍വേഷനുള്ളവര്‍ പുറത്ത്; മറ്റുള്ളവര്‍ അകത്ത്. അപ്പോഴാണ് കേരളത്തിലെ ട്രെയിന്‍ ടിക്കറ്റ് പരിശോധകരുടെ പെരുമാറ്റത്തെക്കുറിച്ച് ഓര്‍ത്തത്. ബഹളത്തില്‍ ഉറക്കം നഷ്ടപ്പെട്ട് സമയം തള്ളിനീക്കുമ്പോഴും പലതവണ മുടങ്ങിയ ഉത്തരേന്ത്യന്‍ യാത്ര സാധ്യമായതിന്‍െറ സന്തോഷത്തില്‍ നാളത്തെ ഡല്‍ഹി കാഴ്ചകള്‍ മനസ്സില്‍ സങ്കല്‍പിച്ച് പുറത്തേക്ക് നോക്കിയിരുന്നു.
https://www.facebook.com/Malayalivartha