ഗോഹട്ടിയിലെ മന്ത്രവാദികളുടെ നാട്ടില്
കുട്ടിക്കാലത്ത് കേട്ട നിറംപിടിപ്പിച്ച കഥകളില് ഒടിയനും, ചാത്തനും, മറുതയും, കൂടോത്രവുമെല്ലാം ഉണ്ടായിരുന്നു. മന്ത്രവാദങ്ങളും മന്ത്രവാദിയുമൊക്ക കുട്ടികളെ പേടിപ്പിക്കുന്ന മുത്തശ്ശി കഥകളിൽ മാത്രമല്ല. ഇവയൊക്കെ ഇന്നും നിലനിന്നു പോരുന്നു. അത്തരത്തിൽ മന്ത്രവാദത്തിനു പ്രസിദ്ധമായ ഒരിടമാണ് മായോങ്ങ് എന്ന ഗ്രാമം. ഗോഹട്ടിയില് നിന്നും ഏകദേശം നാല്പ്പത് കിലോമീറ്റര് അകലെയാണ് മായോങ്ങ്. കിഴക്കിന്റെ വെളിച്ചം എന്നര്ത്ഥമുള്ള പ്രഗ്ജ്യോതിഷ്പൂര് എന്നാണ് നൂറ്റാണ്ടുകള്ക്കു മുന്പ് ഗോഹട്ടി അറിയപെട്ടിരുന്നത്. കൃഷിയിടങ്ങളും കണ്ണെത്താദൂരത്തോളമുള്ള വയലുകളും ഒക്കെ കണ്ടാൽ നമുക് തോന്നും നമ്മൾ കേരളത്തിൽ തന്നെയാണോയെന്നു. കേരളത്തിനു ഗോഹട്ടിയുടെ വിദൂരച്ഛായയുണ്ട് എന്ന് തോന്നിപ്പിക്കുന്ന തരം കൃഷിയിടങ്ങളാണവിടെ കാണുന്നത്.
ഒരു ഗ്രാമം മുഴുവന് ആഭിചാരക്രിയകള് ചെയ്യുന്നു, മാന്ത്രിക-താന്ത്രിക വിദ്യകൊണ്ട് അവിശ്വസനീയമായ പലതും ചെയ്യുന്നു എന്നൊക്കെ പറഞ്ഞാൽ അത് മയോങ്ങിനെ കുറിച്ചാണെങ്കിൽ അതിൽ അതിശയോക്തി ഇല്ല. ഒരു കാലത്തു ദേശാന്തരങ്ങളില് പ്രശസ്തിയാര്ജ്ജിച്ച, താന്ത്രിക-മാന്ത്രിക വിദ്യകള് കൊണ്ട് പ്രകൃതിയെ പോലും നിശ്ചലമാക്കാന് കഴിവുണ്ടായിരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. എന്നാൽ പുതു തലമുറക്ക് അത്തരം സിദ്ധികൾ ഒന്നും തന്നെ ഇല്ല. ഇന്നവർ താന്ത്രികവിദ്യ എന്നൊന്നും പറയാറില്ല. ബ്ലാക്ക് മാജിക്ക് എന്നാണ് പുതു തലമുറ അതിനെ വിളിക്കുന്നത്.
പൗരാണിക കാലഘട്ടത്തില് ഭീമന്റെയും-ഹിഡുംബിയുടെയും മകനായ ഘടോല്ക്കചന്റെ രാജ്യമായിരുന്നു മായോങ്ങ് എന്നാണു ഐതിഹ്യം. കൗരവരെ തന്റെ മായികകഴിവ് കൊണ്ട് നേരിട്ടതു കൊണ്ടാണ് മായോങ്ങ് ജനത മന്ത്ര-തന്ത്രങ്ങളില് കഴിവുള്ളവരായി എന്നാണ് കരുതുന്നത്. മായോങ്ങ് എന്ന പേരിനു പിന്നില് പ്രചരിക്കുന്ന കഥകളില് ഒന്ന് മാന്ത്രിക-താന്ത്രിക വിദ്യകള് സ്വായത്തമാക്കിയവരുടെ നാടെന്ന അര്ത്ഥത്തില് മായ എന്ന വാക്കില് നിന്നാണ് എന്നാണ്.
ദുര്ഗാദേവിയുടെ അന്പത്തി ഒന്ന് ശക്തിപീഠങ്ങളില് ഒന്നാണ് കാമാഖ്യാ ക്ഷേത്രം. താന്ത്രികാചാരത്തിന്റെ കേന്ദ്രം കൂടിയാണ് കാമാഖ്യ ക്ഷേത്രം. ചുവന്ന പൂക്കളും, ചുവന്ന ചാന്തുമാണ് ഇവിടെ പൂജക്ക് ഉപയോഗിക്കുന്നത്. മന്ത്ര തന്ത്രങ്ങളുടെ കയ്യെഴുത്തു പ്രതി ഇവിടുത്തെ ആർകിടെയോളോജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നിറഞ്ഞൊഴുകാറുള്ള ബ്രഹ്മപുത്രയെ തടഞ്ഞു നിര്ത്തിയാണ് താന്ത്രികവിദ്യ അഭ്യസിച്ചവര് ഞങ്ങളുടെ പൂര്വികരെ താന്ത്രിക വിദ്യയിലേക്കു ആകര്ഷിച്ചത് എന്നാണ് ഐതിഹ്യം. പക്ഷേ വൈഷണവമതത്തിന് മായോങ്ങില് പ്രാധാന്യം ലഭിച്ചപ്പോള് താന്ത്രിക-മാന്ത്രിക വിദ്യകള്ക്ക് ശ്രദ്ധകിട്ടാതെയായി.
അസുഖങ്ങള് ഭേദപെടുത്തല്, വിഷം തീണ്ടുന്നവരെ രക്ഷപെടുത്തല് തുടങ്ങി ഏറെക്കുറെ ഇന്നത്തെ ഡോക്ടര്മാര് ചെയ്യുന്നതെല്ലാം ഇവര് മാന്ത്രിക വിദ്യയിലൂടെ ചെയ്തിരുന്നു. സ്വയ രക്ഷയ്കായും ഇവർ മന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിനു മാത്രമല്ല മല്ശ്രാം മന്ത്ര ഉപയോഗിച്ച് നൂറുമടങ്ങ് ശക്തിനേടാം, യുറന് മന്ത്ര ഉപയോഗിച്ച് വേഗത വര്ദ്ധിപ്പിക്കാം, പറക്കാന് വരെ സാധിക്കും. ലുക്കി മന്ത്ര ഉപയോഗിച്ച് അപ്രത്യക്ഷരാകാം. എന്നാൽ തലമുറ തലമുറയായി കൈമാറിവന്ന വിദ്യകള് പിന്നീടുള്ള തലമുറ വേണ്ടവിധം പഠിക്കാതെ, ആചാരങ്ങള് പാലിക്കാതെ കൈവിട്ടുകളഞ്ഞു.
https://www.facebook.com/Malayalivartha