രാത്രിയും നീന്തിത്തുടിക്കാം അങ്ങ്ദുബായിയിൽ
കടലും കടലിലെ കുളിയുമെല്ലാം ആരിലും നല്ല മൂഡ് ഉണ്ടാക്കിയെടുക്കാൻ പോന്നവയാണ്. മനസിലെ ടെൻഷൻ ഒക്കെ കളഞ്ഞു റിലാക്സ് ആകാൻ എന്നും പറ്റിയത് കടൽ തീരങ്ങൾ തന്നെയാണ്. ബുർജുൽ അറബിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി ഉമ്മുസുഖീം ബിച്ച് ഒന്നിലാണ് ദുബൈ നഗരസഭ പുതിയ സംവിധാനം കൊണ്ടുവന്നത്. ഇനി മുതൽ ഉമ്മു സുഖീം ബീച്ചിൽ രാത്രി കാലങ്ങളിലും നീന്തിത്തുടിച്ചു ഉല്ലസിയ്ക്കാൻ അവസരം.
കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഉൗർജമുപയോഗപ്പെടുത്തി പരിസ്ഥിതി സൗഹാർദപരമായാണ് കടലോരത്ത് രാത്രി നീന്താനുള്ള സൗകര്യങ്ങളൊരുക്കിയത്. ദുബൈ നഗരവാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സന്തോഷകരവുമായ രാത്രി നീന്തൽ സാധ്യമാക്കുക വഴി എമിറേറ്റിനെ സ്മാർട്ട് നഗരമാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനത്തിന് ആക്കം കൂട്ടുകയാണെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.
സൂര്യാസ്തമനം കഴിഞ്ഞാൽ സ്വയം പ്രകാശിക്കുന്ന സ്മാർട്ട് പോളുകളാണ് നീന്തൽ മേഖലയിലെ ഒരു പ്രത്യേകത. 12 മീറ്ററാണു സ്മാർട് വൈദ്യുതി തൂണുകളുടെ ഉയരം. ഇവയിൽ നിന്ന് 120 മീറ്റർ നീളത്തിലും 50 മീറ്റർ ആഴത്തിലും പ്രകാശമെത്തും. സൂര്യപ്രകാശം ഇല്ലാതാകുമ്പോൾ തനിയെ പ്രകാശിക്കാൻ സെൻസറുകളുമുണ്ട്. കടൽ പ്രക്ഷുബ്ധമായാൽ സഞ്ചാരികൾക്കുള്ള മുന്നറിയിപ്പും ഇതിൽ ഘടിപ്പിച്ച സെൻസർ വഴി ലഭ്യമാകുമെന്ന് പരിസ്ഥിതി വകുപ്പ് ഡയറക്ടർ ആലിയ അബ്ദു റഹീം അൽ ഹർമൂദി പറഞ്ഞു.
ഓരോ വൈദ്യുതി തൂണിനും 1.5 കിലോവാട്ട് വൈദ്യുതി ഒരു ദിവസം ഉൽപാദിപ്പിക്കാനാകും. തീരസാഹചര്യങ്ങൾക്കിണങ്ങുന്ന ഫൈബർ കൊണ്ടാണു ഇവ നിർമിച്ചിരിക്കുന്നത്. കടലുമായി ബന്ധപ്പെട്ട മുന്നറിയിപ്പും അപകട സൂചനയായി ബീച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന കൊടികളുടെ നിറവും സ്‌ക്രീനിലറിയാം. വേനൽ കാലത്ത് പകൽ നേരങ്ങളിൽ ചൂട് കൂടുതലാകയാൽ രാത്രി നീന്തലിന് സൗകര്യമൊരുക്കണമെന്ന നിരവധി പേരുടെ ആഗ്രഹം പരിഗണിച്ചാണ് ഇൗ ഉദ്യമം. സന്ദർശകരുടെ സുരക്ഷയെ കരുതി രാത്രി നീന്തൽ നേരത്തെ അനുവദിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളുമായി രക്ഷാസേനയും രാത്രിയിൽ ബീച്ചിലുണ്ടാകും. ജനങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഭാവി നടപടികളെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha