ആഘോഷരാവുകൾക്ക് നിറം പകർന്ന് തായ്‌ലൻഡ്
ഇന്ത്യക്കാര്‍ അവധിക്കാലം ചെലവഴിക്കാന്‍ വിദേശരാജ്യങ്ങളില്‍പോകുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായി മാറിയ തായ്‌ലന്‍ഡിലേക്ക് സഞ്ചാരികൾ ഒഴുകിഎത്തുന്നതിനു പ്രധാന കാരണം അവിടെയുള്ള സ്വാതത്ര്യം തന്നെയാണ്. പല കാര്യങ്ങളിലും കേരളത്തിനോടു സാമ്യമുള്ള തായ്‌ലൻഡ് സഞ്ചാരികളുടെ പറുദീസാ തന്നെയാണ്. തായ് ബഹ്താണ് കറൻസി. നമ്മുടെ രൂപയുടെ ഏകദേശം ഇരട്ടിമൂല്യമുണ്ട് ബഹ്തിന്.
ഏഷ്യന്‍ ടൂറിസത്തിന്റെ ആകാശകാഴ്‌ചയില്‍ ബാങ്കോക്ക് നഗരവും ഫുക്കറ്റ് ദ്വീപ സമൂഹവും തുറക്കുന്നത് അത്യപൂര്‍വ്വ വിസ്‌മയമാണ്. അവധിക്കാല യാത്രക്ക് മലയാളികള്‍ രൂപയുമായി 'തായ് ബാത്' എക്‌സ്ചേഞ്ച് ചെയ്യുന്നത് ഇരുപതുശതമാനത്തോളം വര്‍ധിച്ചതായി മണി എക്‌സ്ചേഞ്ച് ഏജന്‍സികള്‍ വ്യക്‌തമാക്കുന്നു.
സെക്‌സ് ടൂറിസത്തിനു പേരുകേട്ട 'പട്ടായ'യ്‌ക്ക് പോകാന്‍ പോക്കറ്റ് മണി സ്വരുക്കൂട്ടുന്ന സിനിമാക്കഥയിലെ കൂട്ടുകാര്‍ മാത്രമല്ല ഇന്ന് തായ്‌ലന്റിനെ ലക്ഷ്യമിടുന്നത്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന മറ്റൊരു തുറന്ന ലോകം തായ്‌ലന്റിലുണ്ട്. കുടുംബസഹിതം ചെന്നിറങ്ങാവുന്ന ടൂറിസ്‌റ്റ് കേന്ദ്രമായി തായ്‌ലന്റ് മാറിക്കഴിഞ്ഞതായി തായ്‌ലന്റ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്‌തമാക്കുന്നു.
മലനിരകള്‍ നിറഞ്ഞ ദ്വീപുകളും തൊട്ടുചേര്‍ന്ന സമുദ്രവും അവയ്‌ക്കു മധ്യേ തീരെ ചെറിയ കരഭൂമിയും തായ്‌ലന്റിന്റെ മാത്രം പ്രത്യേകതയാണ്. പൈതൃക ടൂറിസത്തിന് ലോകത്ത് എട്ടാംസ്‌ഥാനത്താണ് ഈ രാജ്യം. സാഹസിക യാത്രികര്‍ക്ക് പ്രിയങ്കരമായ ആന്‍ഡമാന്‍ കടലിലെ ദ്വീപുകള്‍ തായ്‌ലന്റിന്റെ ടൂറിസ്‌റ്റ് നിക്ഷേപമാണ്. മുപ്പതോളം ബീച്ചുകള്‍, പത്തോളം ജനസാന്നിധ്യം കുറഞ്ഞ സീക്രട്ട് ബീച്ചുകള്‍, ബീച്ച് ക്ലബുകള്‍, മ്യൂസിക് ബാറുകള്‍, നൈറ്റ് ലൈഫ് ആകര്‍ഷണങ്ങള്‍ എന്നിവ ടൂറിസ്‌റ്റുകളെ ഒരു കാന്തത്തിലേക്കെന്നപോലെ വലിച്ചടുപ്പിക്കുന്നു.ഒപ്പം തായ് രുചി ഉണര്‍ത്തുന്ന ഭക്ഷ്യവിഭവങ്ങളുടെ അപൂര്‍വ്വതയും.
ഫുക്കറ്റ് ദ്വീപ് സമൂഹങ്ങളെ സ്‌പര്‍ശിച്ചുള്ള കടല്‍യാത്രയാണ് സഞ്ചാരികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാനുള്ള വിസ്‌മയം. കാരൻകാരൻ വ്യൂ പോയിന്റിൽ നിന്ന് കിട്ടുന്ന ഫുക്കറ്റിലെ മൂന്ന് കടൽത്തീരങ്ങളായ കത നോയ്, കത യായ്, കാരൻ ബീച്ചുകളുടെ വിദൂരമായ ആകാശക്കാഴ്ച അവിസ്മരണീയം തന്നെയാണ്.
റിയോയിലെ 'ക്രൈസ്റ്റ് ദ് റെഡീമർ' പ്രതിമയെ അനുസ്മരിപ്പിക്കുന്ന പ്രതിമയാണ് ബിഗ് ബുദ്ധ. കുന്നിൻ മുകളിൽ 45 മീറ്റർ ഉയരമുള്ള ഭീമാകാരമായ പ്രതിമയ്ക്ക് സമീപം നിന്നാൽ ഫുക്കറ്റിന്റെ വിശാലമായ ആകാശ ദൃശ്യം ആസ്വദിക്കാം.
ഫുക്കറ്റിലെ 29 ബുദ്ധക്ഷേത്രങ്ങൾ പ്രസിദ്ധമാണ്. തായ് നിർമാണവൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളിലൊന്നാണ് വാറ്റ് ചലോങ് ആണ് ഇവയിൽ പ്രധാനം. 1876 ലെ ചൈനീസ് വിപ്ലവത്തിനെതിരെ ജനങ്ങളെ ഒരുമിപ്പിച്ച ലോ പോ ചെ, ലോ പോ ചുവാങ് എന്നീ ബുദ്ധസന്യാസികളുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രമാണിത്.
ലോകത്തെ മികച്ച സ്പാ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫുക്കറ്റ്. ഇവിടെ ഒരു കുടിൽ വ്യവസായം പോലെയാണ് മസാജ് പാർലറുകൾ. നമ്മുടെ ആയുർവേദത്തിലെ ഉഴിച്ചിലിന്റെ മറ്റൊരു വകഭേദമാണ് തായ് മസാജ്. പ്രധാന ഹോട്ടലുകളിലെല്ലാം സ്പാ, മസാജ് കേന്ദ്രങ്ങളുണ്ട്. മനസ്സിനും ശരീരത്തിനും വളരെയധികം സ്വാസ്ഥ്യവും സമാധാനവും പകരുന്നതാണ് തായ് മസാജ്. പുറംരാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്‌റ്റുകള്‍ക്ക് ഇപ്പോള്‍ ആയുര്‍വേദ മസാജും തായ് മസാജും ഒരുപോലെ പരിചിതമാണ് . സന്ധ്യ മയങ്ങുമ്പോൾ വഴിയോരങ്ങളിൽ വർണാഭമായ ബോർഡുകളും മിന്നിത്തിളങ്ങുന്ന ലൈറ്റുകളും വച്ച കടകൾക്കുമുന്നിൽ വഴിയോരത്തുകൂടെപോകുന്ന സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടു സ്ത്രീകൾ ഇരിപ്പുതുടങ്ങും. ഇതിന്റെ മറപറ്റി സെക്സ് പാർലറുകളും വളരുന്നുണ്ട് എന്നത് ഇവിടെ പരസ്യമായ രഹസ്യമാണ്.
ഇതുകൂടാതെ ഫുക്കറ്റിന്റെ ചരിത്രവും സംസ്കാരവും വിവരിക്കുന്ന മ്യൂസിയങ്ങളും, വന്യജീവി സമ്പത്തിന്റെ പ്രതീകങ്ങളായ മൃഗശാലകളും ഇവിടെയുണ്ട്. നിർമാണകലയിലും നഗരാസൂത്രണത്തിലും നിപുണത അവകാശപ്പെടാം തായ്‌ലൻഡിന്. വൃത്തിയുള്ള റോഡുകൾ, പാതയോരങ്ങൾ, നടപ്പാതകൾ...പതങിന് സമീപമുള്ള ഒരു സ്ട്രീറ്റിലൂടെ കടന്നുപോകുമ്പോൾ വഴിയോരത്ത് ഒരേ ശൈലിയിൽ പണിതു പലനിറങ്ങൾ ചാലിച്ച വീടുകൾ കാഴ്ചയുടെ വിസ്മയമൊരുക്കും
ഡെസ്റ്റിനേഷൻ വെഡ്ഡിങ്, ഹണിമൂൺ, കോർപ്പറേറ്റ് ഗ്രൂപ്പ് ട്രിപ്പ് എന്നിവയ്ക്കുള്ള ഇഷ്ടകേന്ദ്രമായും തായ്‌ലൻഡ് മാറിക്കഴിഞ്ഞു. ഗോൾഫ് കമ്പക്കാർക്കും പറ്റിയ സ്ഥലമാണ് ഇത്. ബൈക്കിങ്, ഡൈവിങ്, കനോക്കിങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും അനുയോജ്യമായ ഇടമാണ് തായ്‌ലൻഡ്. കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് തായ് എയർ ഏഷ്യയുടെ നേരിട്ടുള്ള വിമാനസർവീസ് തുടങ്ങിയതോടെ കേരളത്തിൽ നിന്നും ഒട്ടേറെ പേർ തായ്‌ലൻഡ് കാണാൻ എത്തുന്നുണ്ട്. 8,000 രൂപയിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. ഓഫർ ഉള്ള സമയങ്ങളിൽ നിരക്ക് 4,000 രൂപയ്ക്ക് താഴെ വരെ എത്താറുണ്ട്.
പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഫുക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് കണക്‌ഷൻ ഫ്‌ളൈറ്റുകളുണ്ട്. കൊച്ചിയിൽ നിന്നും ക്വാലാലമ്പൂർ വരെ നാലുമണിക്കൂറും അവിടെ നിന്ന് ഫുക്കറ്റ് വരെ ഒന്നര മണിക്കൂർ യാത്രയും .
ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വീസയാണ്. എയർപോർട്ടിൽ ചെന്നിറങ്ങി വീസ ഓൺ അറൈവൽ സെക്‌ഷനിൽ ചെന്ന് അപേക്ഷ ഫോറം പൂരിപ്പി ച്ച് 1000 ബഹ്താ വീസ ഫീസ് അടച്ചാൽ രണ്ടാഴ്ചത്തേക്കുള്ള വീസ ലഭിക്കും . ഇത് ദീർഘിപ്പിക്കുകയുമാകാം.
മുൻകൂട്ടി ബുക് ചെയ്താൽ 15000 രൂപ മുതൽ റൗണ്ട് ദി ട്രിപ്പ് ടിക്കറ്റുകൾ ലഭിക്കും. ഹോട്ടൽ ഡബിൾ റൂം 500 രൂപ മുതൽ പ്രതിദിനവാടകയ്ക്ക് ലഭിക്കും. ഏകദേശം 35000 രൂപയുണ്ടെങ്കിൽ ഒരാൾക്ക് അഞ്ചുദിവസം ഫുക്കറ്റിൽ ചെലവഴിച്ചു മടങ്ങി വരാം
https://www.facebook.com/Malayalivartha