സലാലയിൽ ഖരീഫ് സീസൺ -അയിൻ ഖോർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്
സലാലയിൽ ഖരീഫ് സീസൺ എത്തിയാൽ വിനോദസഞ്ചാരികളുടെ തിരക്കാണ്. തുടർച്ചയായി പെയ്യുന്ന മഴ സലാലയാകെ കുളിരണിയിച്ചു കഴിഞ്ഞു. സലാലയിൽ ഖരീഫ് കാലത്തുമാത്രം ഉറവ പൊട്ടുന്ന അയിൻ ഖോർ വെള്ളച്ചാട്ടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്.
സ്വദേശികളേയും വിദേശികളേയും ഒരുപോലെ അദ്ഭുതം കൊള്ളിക്കുന്ന ഈ വിസ്മയ കാഴ്ച കാണാൻ നിരവധി സന്ദർശകരാണ് എത്തുന്നത്.സലാലയുടെ 35 കി.മീ. അകലെ പടിഞ്ഞാറ് ഭാഗത്ത് റായ്സൂരിനടുത്ത മലനിരകളിലാണ് ഖരീഫ്കാലത്ത് മാത്രം ഉരവംകൊള്ളുന്ന ഈ സുന്ദര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
താഴെയായി ജലസമൃദ്ധമായ തടാകവും നിയത രൂപങ്ങളില്ലാത്ത പാറക്കെട്ടുകളിലൂടെ തുള്ളി ഒഴുകുന്ന നീർചാലുകളും ചെറുജലധാരകളുമെല്ലാം സുന്ദരമായ കാഴ്ചാനുഭൂതിയാണ് പകരുന്നത്.
എന്നാൽ ഇവിടെ എത്തിച്ചേരുന്നത് അത്ര എളുപ്പമല്ല. ഉരുളൻ കല്ലുകൾ നിറഞ്ഞ, വെള്ളച്ചാട്ടത്തിൽ നിന്നൊഴുകുന്ന വെള്ളം വഴിയേതെന്നു അറിയാത്തവിധം പറന്നു ഒഴുകുകയാണ്. അതുകൊണ്ടു തന്നെ ഫോർവീൽ ഗിയറുള്ള വാഹനങ്ങളെ മാത്രമേ ഇവിടേക്ക് കടത്തിവിടുന്നുള്ളു.
ചെറുവാഹനങ്ങളിൽ വരുന്നവർ വാഹനം ദൂരെ പാർക്ക് ചെയ്തതിന് ശേഷം ഇരുവശത്തെയും മലനിരകൾക്കിടയിലൂടെ പാറക്കെട്ടുകൾ നടന്നുകയറിയും വെള്ളമൊഴുകുന്ന വഴികൾ മുറിച്ചുകടന്നും അരമണിക്കൂറിലേറെ നടന്നുവേണം ഇവിടെ എത്തിച്ചേരാൻ .
നീന്താൻ അനുയോജ്യമായ വിധത്തിലുള്ളതല്ല ഇൗ അരുവി. അരുവിയിൽ കുളിക്കാനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പുണ്ട്. കുടുംബസമേതം വരുന്നവർ കുട്ടികൾക്കും മറ്റും ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം
https://www.facebook.com/Malayalivartha