ഭൂട്ടാനിലെ ചക്രവര്‍ത്തിയുടെ ഭാര്യ കടുവ ആയി മാറി ബുദ്ധമതം പ്രചരിപ്പിച്ച ഗുരുവിനെ ടിബറ്റില്‍ നിന്നും ചുമന്നുകൊണ്ട് വന്ന ഇടം; ടൈഗേഴ്‌സ് നെസ്റ്റ്
ഭൂട്ടാനില്‍ എത്തുന്ന ഏതൊരാളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പാരോ ടൗണില്‍ നിന്നും 20കിമീ അകലെയുള്ള ടൈഗേഴ്‌സ് നെസ്റ്റ് എന്ന മൊണാസ്റ്ററി. കുത്തനെയുള്ള പാറയില്‍ ഏകദേശം 10,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൊണാസ്റ്ററി ഒരു അത്ഭുതം തന്നെയാണ്. പ്രകൃതിയുടെ വന്യമായ സൌന്ദര്യം ആസ്വദിച്ചു 3 കിമീ ഹൈക്ക് ചെയ്തു വേണം മൊണാസ്റ്ററിയില്‍ എത്തേണ്ടത്.
ഉച്ചയ്ക്ക് ഒരുമണി വരെയേ മൊണാസ്ട്രയിലേക്കു കടത്തിവിടുകയുള്ളു. ഒരാള്‍ക്ക് 500 രൂപ ആണ് ടിക്കറ്റ് വില. നടത്തം തുടങ്ങുന്നിടത്ത് എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലും ഉള്ളപോലെ അവിടത്തെ സംസ്‌ക്കാരവും ആയി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കുറേ കടകള്‍ കാണാം. അവിടെത്തന്നെ മുകളിലേക്ക് പോകാന്‍ കുതിരയെ ഏര്‍പ്പാട് ചെയ്യുന്ന ആള്‍ക്കാര്‍ നില്‍പ്പുണ്ടാകും. നടന്നുപോകണമെന്നോ കുതിരയുടെ സഹായം എടുക്കണമെന്നോ ഒക്കെ സ്വയം തീരുമാനിക്കാം.
സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കഴിഞ്ഞാല്‍ ചെറിയ ഒരു അരുവി ഒഴുകുന്നുണ്ട്. അരുവിയില്‍ വെള്ളത്തിന്റെ ശക്തിയില്‍ കറങ്ങുന്ന ഒരു പ്രയര്‍ വീല്‍ ഉണ്ട്. അതില്‍ തൊടുന്ന വെള്ളം വിശുദ്ധികരിക്കപ്പെടും എന്നാണ് വിശ്വാസം. പിന്നിട് ആ വെള്ളം ചെന്നുചേരുന്ന എല്ലാ ജലാശയങ്ങളും അതിലെ ജീവജാലങ്ങളും ശുദ്ധികരിക്കപ്പെടും എന്നാണ് അവരുടെ വിശ്വാസം. അവിടുന്ന് ചെറിയ ഒരു കയറ്റം കയറി ചെല്ലുമ്പോള്‍ കുറച്ചു ആപ്പിള്‍ മരങ്ങള്‍ നില്പ്പുണ്ട്. അവിടത്തെ തുറസ്സായ കുറച്ചു സ്ഥലത്തൂടെ നോക്കിയാല്‍ മൊണാസ്റ്ററിയുടെ ആദ്യ ദൃശ്യം ലഭിക്കും. അങ്ങ് മുകളില്‍ ഒരു ചെറുതായി കാണുന്ന അവിടം വരെ നടന്നു കയറണം എന്ന് ആലോചിക്കുമ്പോള്‍ തിരിച്ചുപോയി കുതിര എടുത്താലോ എന്ന് തോന്നിയേക്കും.2 മണിക്കൂര്‍ അടുപ്പിച്ചു നടക്കാന്‍ ഉണ്ട്!
ചിലയിടത്ത് കുത്തനെയുള്ള കയറ്റങ്ങള്‍ ആണ്. എന്നാല്‍ മറ്റു ഇടങ്ങളില്‍ ചെറിയ ചെരിവ് ഉണ്ട്. കുതിര സ്ഥിരമായി കയറുന്ന വഴി കുഴിഞ്ഞു കിടപ്പുണ്ട്. ഒരുപാട് ചെളി ഒന്നുമില്ല. ചുറ്റും പൈന്‍ മരങ്ങള്‍ തിങ്ങി വളരുന്നുണ്ട്. മുകളിലേക്ക് പോകുംതോറും പ്രക്രതിഭംഗി കൂടി ക്കൊണ്ടേയിരിക്കും. പോകുന്ന വഴിയില്‍ മുഴുവന്‍ അവരുടെ പ്രയര്‍ ഫ്‌ലാഗ് കെട്ടിയിട്ടുള്ളത് കാണാം. അത് ഇങ്ങനെ കാറ്റില്‍ പറക്കുന്നത് കാണാന്‍ നല്ല രസമാണ്. ഏകദേശം പകുതി കയറി കഴിയുമ്പോള്‍ അല്‍പ്പം നിരപ്പായ ഒരു സ്ഥലത്ത് എത്തും. അവിടെ പ്രയര്‍ വീല്‍ കുറേ ഉണ്ട്. അത് നമുക്ക് കറക്കാം. അതിനു അടുത്തായി ഒരു ചായ ഒക്കെ കുടിക്കാന്‍ സൗകര്യം ഉണ്ട്. അതാണ് ടക്‌സ്റ്റാംഗ് കഫറ്റീരിയ. അല്‍പ്പം വില കൂടുതല്‍ ആണ് എല്ലാത്തിനും. അവിടെ അല്‍പ്പം നേരം വിശ്രമിച്ചിട്ടാണു എല്ലാവരും കയറ്റം തുടരുന്നത്. പകുതി കഴിഞ്ഞാല്‍ പിന്നെ കുത്തനെ ഉള്ള കയറ്റങ്ങള്‍ കുറവാണ്. ഇടയ്ക്കു താഴേക്ക് ഇറങ്ങി വരുന്നവരെ കാണുമ്പോള്‍ ഒരു സന്തോഷം ഒക്കെ തോന്നും.
ആദ്യത്തെ വ്യൂ പോയിന്റ് എത്തിയാല്‍ മൊണാസ്റ്ററിയുടെ വ്യക്തമായ കാഴ്ച്ച ലഭിക്കും. എന്നും ഓര്‍ത്തിരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു വ്യൂ ആണ് അവിടുന്ന് കിട്ടുന്നത്. അല്‍പ്പം കൂടി മുന്നോട്ടുപോകുമ്പോള്‍ ഈ ഹൈക്കിങ്ങിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം എത്തും. അവിടെ നിന്നു നോക്കിയാല്‍ കാണുന്ന കാഴ്ച്ച കണ്ടുതന്നെ അറിയണം. അതിനു എതിര്‍വശത്തുള്ള മലയില്‍ ആണ് മൊണാസ്റ്ററി. രണ്ടു മലകള്‍ക്കിടയില്‍ ഒരു വലിയ വെള്ളച്ചാട്ടം ഉണ്ട്. ഏകദേശം 200 അടി മുകളില്‍ നിന്നു ആണ് വെള്ളം വീഴുന്നത്. അവിടെനിന്നും ഇനി താഴേക്ക് കുറേ സ്‌റ്റെപ്‌സ് ഇറങ്ങാനും പിന്നിട് അത്രേം തന്നെ സ്‌റ്റെപ്‌സ് മുകളിലേക്ക് കയറാനും ഉണ്ട്. സ്‌റ്റെപ്‌സ് ഇറങ്ങി അടിയില്‍ എത്തുന്നിടത്തു ആണ് വെള്ളം വന്നു വീഴുന്നത്. ഏകദേശം 350 സ്‌റ്റെപ്‌സ് ഉണ്ട്. ഏകദേശം രണ്ടു മണിക്കൂറോളം എടുക്കും കയറാന്‍!
സ്‌റ്റെപ്‌സ് കയറി ചെല്ലുന്നത് മൊണാസ്റ്ററിയുടെ മുന്നില്‍ ആണ്. 1692-ല്‍ ആണ് ആദ്യമായി ഇവിടെ മൊണാസ്റ്ററി പണിയുന്നത്. ഭൂട്ടാനില്‍ ബുദ്ധമതം പ്രചരിപ്പിച്ച ഗുരു പദമസംഭവ 8-ാം നൂറ്റാണ്ടില്‍ ധ്യാനിച്ച ഗുഹക്കു ചുറ്റുമാണ് ഈ മൊണാസ്റ്ററി പണിതിട്ടുള്ളത്. അന്നത്തെ ചക്രവര്‍ത്തിയുടെ ഭാര്യ ഗുരുവിന്റെ അനുയായി ആകുകയും പിന്നിട് ഒരു കടുവ ആയി രൂപം മാറി ഗുരുവിനെ ടിബറ്റില്‍ നിന്നും ഇവിടേക്ക് ചുമന്നുകൊണ്ട് വരികയും ചെയ്തു എന്നാണ് വിശ്വാസം. അതിനാല്‍ ആണു ഈ മൊണാസ്ട്രിക്ക് ടൈഗേഴ്‌സ് നെസ്റ്റ് എന്ന പേര് വീണത്.
ഫോട്ടോഗ്രഫി, ബാഗ്‌സ്, ചെരുപ്പ് ഒന്നും മൊണാസ്ട്രിക്ക് ഉള്ളില്‍ കയറ്റാന്‍ പാടില്ല. അതെല്ലാം സൂക്ഷിക്കാന്‍ പുറത്തു ഒരു സേഫ് ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ഒരു സെക്യൂരിറ്റി നില്പ്പുണ്ട്. അതുപോലെ ഷോര്‍ട്‌സ് ഇട്ടുകൊണ്ട് കയറാന്‍ സമ്മതിക്കില്ല. താഴെനിന്ന് എടുത്ത ടിക്കറ്റ് ഇവിടെ കാണിക്കുമ്പോള്‍ ഒരു ഗൈഡ് നമ്മുടെ കൂടെ വരും. പ്രധാനമായ 3 പ്രാര്‍ഥന മുറികള്‍ നമുക്ക് കയറി കാണാന്‍ സാധിക്കും. ഓരോ മുറിയുടെയും പ്രത്യേകതകള്‍ വ്യക്തമായി പറഞ്ഞുതരും അവര്‍. മുറികളിലെ ചിത്രങ്ങളുടെയും രൂപങ്ങളുടെയും പ്രാധാന്യവും ചരിത്രവും മനസിലാക്കാന്‍ പറ്റും. അതുപോലെ ഗുഹയുടെ ഉള്ളില്‍ കയറാന്‍ അവസരം കിട്ടും. അവിടെ എപ്പോഴും പ്രാര്‍ത്ഥനയില്‍ കഴിയുന്ന സന്യാസികളെ കാണാം. അവരുടെ ഭാഷയില്‍ എല്ലാവരും ചേര്‍ന്ന് പ്രാര്‍ഥന ചൊല്ലുന്നത് കേള്‍ക്കാന്‍ ഒരു രസമൊക്കെയുണ്ട്. മൊണാസ്ട്രിക്ക് വെളിയില്‍ ഇറങ്ങിയാല്‍ നല്ല സുന്ദരമായ വ്യൂ കാണാന്‍ സാധിക്കും. തിരിച്ച് ഇറങ്ങാന്‍ മുകളിലേക്ക് കയറിയ അത്രേം തന്നെ സമയം എടുക്കും.
ഭൂട്ടാനില്‍ ഒരുപാട് മൊണാസ്ട്രികള്‍ ഉണ്ടെങ്കിലും ഇത്ര മനോഹരമായ വേറെ ഒന്ന് ഉണ്ടോ എന്ന് സംശയം ആണ്. അതുപോലെ വ്യായാമം ചെയ്ത് ആരോഗ്യം സംരക്ഷിക്കേണം എന്ന നിശബ്ദമായ ഒരു സന്ദേശവുംം ഈ ഹൈക്കിങ് കഴിയുമ്പോള്‍ കിട്ടിയേക്കും.
ഹൈക്കിങ് അഥവാ മലകയറ്റം സാഹസിക വിനോദങ്ങളില്‍ ഒന്നാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ട് പോകാതിരിക്കുക. പോകുമ്പോള്‍ അത്യാവശ്യം വേണ്ട വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും എടുത്തു ഭാരം കൂട്ടാതിരിക്കുക. ആവശ്യത്തിനു വെള്ളവും ചെറിയ സ്‌നാക്ക്‌സ് എന്തേലും വേണമെങ്കില്‍ അത് മാത്രം എടുക്കുക. പോകുന്ന സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കൂട്, മിനറല്‍ വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ വേസ്റ്റ് ഇട്ടു മലിനമാക്കാതിരിക്കാനും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha