വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കി
തുര്‍ക്കി, ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണാണ്. അവിടം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മൂന്ന് സ്ഥലങ്ങളാണ് ഇസ്താന്‍ബുള്‍, കപ്പാഡോക്കിയ, കുസദാസി.
കപ്പഡോക്കിയ ഒരു വണ്ടര്‍ലാന്‍ഡ് തന്നയാണ്. ഇസ്താന്‍ബുള്‍ നഗരത്തില്‍ നിന്നും കപ്പദോക്യയിലേക്ക് വെറും 1600 രൂപയാണ് ചാര്‍ജ്. കപ്പഡോക്കിയ പോകേണ്ടവര്‍ക്ക് ഏറ്റവും നല്ലത് ഇസ്താന്‍ബുളില്‍ നിന്നും നേരിട്ട് നെവ്സ്ഹര്‍ എയര്‍പോര്‍ട്ടില്‍ വരുന്നതാണ്. കെയ്‌സെരി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ എത്ര ചെറിയ വിമാന താവളമാണതെന്ന് മനസ്സിലാകും. അവിടെ നിന്ന് ഒരു മണിക്കൂര്‍ ഉണ്ട് കപ്പദോക്യയിലേക്ക്. ഒരു ടാക്‌സിയില്‍ പോകാവുന്നതേയുള്ളൂ.
യൂറോപ്പിന്റെ അതെ കാലാവസ്ഥ തന്നെയാണ് തുര്‍കിയില്‍ ഭൂരിഭാഗവും. ഗൊയ്റമെ (Goreme ) ആണ് കാപോഡോകിയയുടെ സെന്റര്‍.കപ്പദോക്യ തന്നെ ഗുഹകളും വലിയ പാറകളുമൊക്കെ ഉളള സ്ഥലമാണ്.പാറകള്‍ എന്ന് പറയാനാവില്ല. പണ്ട് ഉണ്ടായിരുന്ന അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി രൂപപ്പെട്ടതാണ് ആ നഗരം എന്ന് വിശ്വസിക്കുന്നു. ഇതുവരെ മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഭൂപ്രകൃതിയാണ് അവിടത്തേത് എന്നു തോന്നും.
ഗൊയ്റമെ ടൗണില്‍ ഇറങ്ങുമ്പോള്‍ തന്നെ കാണുന്നത് നിറച്ചു മുന്തിരികളുമായി പടര്‍ന്നു കിടക്കുന്ന മുന്തിരി വള്ളികളും ആപ്പിള്‍ മരങ്ങളുമാണ്. അവിടെ ഉളള ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷനില്‍ പോയി നമ്മള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിനെ കുറിച്ച് അന്വേഷിച്ചാല്‍ അവിടെ ഇരിക്കുന്നവര്‍ ഹോട്ടലിലേക്ക് വിളിച്ച് വിവരം പറയും. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ഹോട്ടലില്‍ നിന്നും അയയ്ക്കുന്ന മൗണ്ടൈന്‍ ബൈക്ക് എത്തി അതിഥിയെ അതില്‍ കയറ്റി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് കൊണ്ട് പോകും. ഒരു ദിവസം താമസിക്കാന്‍ 2500 രൂപയെ ഉള്ളു. നല്ല ആതിഥ്യ മര്യാദ ഉള്ളയാളുകളാണ് കാപോഡോക്യയിലേത്.
കപ്പദോക്യയില്‍ ഒരു ദിവസം മുഴുവനായുള്ള 2 തരം ടൂര്‍ ആണ് ഉള്ളത്... 1. റെഡ് ടൂര്‍ 2. ഗ്രീന്‍ ടൂര്‍... അതില്‍ റെഡ് ടൂര്‍ എന്നാല്‍ കപ്പദോക്യയുടെ വടക്കു ഭാഗത്തുള്ള ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്കുള്ള ടൂര്‍ ആണ്. ഉച്ചയ്ക്കുള്ള ഭക്ഷണം ഉള്‍പ്പടെ 100 ലിറ. അതായത് ഏകദേശം 2700-ഓളം രൂപ.ഒരു ടെമ്പോ ട്രാവല്ലറില്‍ സഞ്ചാരികളോടൊപ്പം കമ്പനി വക ഗൈഡും ഉണ്ടായിരിക്കും.
കപ്പദോക്യയിലെത്തിയാല്‍ ആദ്യം കാണേണ്ടത് അണ്ടര്‍ഗ്രൗണ്ട് സിറ്റിയാണ്. ലോകത്തിലെ തന്നെ വളരെ അപൂര്‍വ്വം ആയിട്ടുള്ളതും ഏറ്റവും വലുതുമായ അണ്ടര്‍ഗ്രൗണ്ട് സിറ്റിയാണ് കപ്പദോക്യയിലേത്. പുറമെ നോക്കുന്നവര്‍ക്ക് ഒരു മൈതാനം എന്നാല്‍ അവിടെ കിണര്‍ പോലെ ചെറിയ ഒരു എന്‍ട്രന്‍സ് ഉണ്ട്. പണ്ട് ശതൃക്കളില്‍ നിന്ന് രക്ഷപെടാന്‍ ഒക്കെ ആ നാട്ടുകാരെ സഹായിച്ചത് അണ്ടര്‍ഗ്രൗണ്ട് സിറ്റി ആണ്. ക്രിസ്ത്യന്‍ മിഷനറിമാരാണ് ഇത് ഉപയോഗിച്ചിരുന്നത്. ഏതാണ്ട് ഭൂമിക്കടിയിലേക്ക് 8 നിലകളുണ്ട്. അതില്‍ 4 നിലകളിലേയ്‌ക്കേ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ളൂ. ശരിക്കും ഒരു അത്ഭുതം തന്നെയാണ് അത്.പുറത്തു തണുപ്പായാലും ചൂടായാലും അതിനുള്ളില്‍ ഒരേ പോലുള്ള താപനില ആണ്.അധികം ചൂടുമില്ല തണുപ്പും ഇല്ല. ഉള്ളില്‍ പള്ളിയുണ്ട്, കിച്ചണ്‍ ഉണ്ട് അങ്ങനെ പല സൗകര്യങ്ങളും ഉണ്ട്. കപ്പഡോക്കിയ നഗരം തന്നെ നിങ്ങളെ വിസ്മയിപ്പിക്കും. അതിനേക്കാള്‍ മനോഹരമായ അനുഭവം ആണ് അണ്ടര്‍ഗ്രൗണ്ട് സിറ്റി.
അനറ്റോളിയന്‍ ഭക്ഷണം എന്നാണ് അവിടത്തെ തനത് ഭക്ഷണത്തെ പറയുന്നത്.കുറെ ഹാഫ്‌ബോയില്‍ഡ് വെജിറ്റബ്ള്‍സ് ഉണ്ടാവും.എന്തെങ്കിലും മീറ്റ്. കുറച്ചു ചോര്‍. സഞ്ചാരികള്‍ക്കുള്ള നല്ലൊരു ഫോട്ടോ പോയിന്റ് ആണ് പീജിയന്‍ വാലി.യാത്രയ്ക്കപ്പുറം ഒരു ടര്‍ക്കിഷ് ബാത്ത് കൂടി നടത്തിയില്ലെങ്കില്‍ യാത്ര പൂര്‍ണ്ണമാകില്ല. ഏകദേശം 600 രൂപയാണ് ചാര്‍ജ്. ടര്‍ക്കിഷ് ബാത്ത് എന്നാല്‍ ആദ്യം ആവിയില്‍ ഒരു കുളി പിന്നീട് നമ്മളെ നല്ല പോലെ തേച്ചു ഉരച്ചു ചില ഹെര്‍ബ് ഒക്കെ വെച്ചു ഒരാള്‍ കുളിപ്പിക്കും.എന്നിട്ട് ഇളം ചൂടുള്ള മാര്‍ബിളില്‍ കിടത്തും. അത് കഴിഞ്ഞിറങ്ങുമ്പോള്‍ ശരീരത്തില്‍ നിന്ന് എന്തോ ഭാരം ഇറങ്ങി പോയ ഒരു ഫീലിംഗ് ആണ്.ശരിക്കും നമ്മള്‍ ഒന്ന് ഫ്രഷ് ആകും.!
https://www.facebook.com/Malayalivartha