ഹാല്‍സ്റ്റാറ്റിലെ ഉപ്പുഖനികളും ഫൈവ് ഫിംഗര്‍ വ്യൂപോയിന്റും
ആല്‍പ്‌സിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഒരു ഓസ്ട്രിയന്‍ യാത്ര നടത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഹാല്‍സ്റ്റാറ്റ് സന്ദര്‍ശിക്കണം. ഹാല്‍സ്റ്റാറ്റിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഉപ്പുഖനി. ഉപ്പുഖനിയിലേക്ക് ഫ്യൂണികുലാര്‍ ട്രെയിനാണുള്ളത്. മൊത്തം 65 കിലോമീറ്റര്‍ നീളമുണ്ട് ഈ ഉപ്പുഖനിയിലെ ടണലുകള്‍ക്ക്. ഉപ്പുഖനിയ്ക്കുള്ളിലൂടെയുള്ള ഗൈഡഡ് ടൂറിലൂടെ ഹാലിസ്റ്റാറ്റിന്റേയും ഉപ്പിന്റെയും ചരിത്രം മനസ്സിലാക്കാനാവും.
റോമന്‍സ് പണ്ടുകാലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാം ഉപ്പുകല്ലുകളായിരുന്നു ശമ്പളമായി കൊടുത്തിരുന്നത്, Salary എന്നവാക്ക് രൂപപ്പെട്ടത് salarium എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് . അന്ന് അത്രയും വിലയേറിയ വസ്തുവായിരുന്നു ഉപ്പ്. ഒരു കുടുംബത്തിന്റെ സമ്പത്തുപോലും അവരുടെ പക്കലുള്ള ഉപ്പിന്റെ അളവനുസരിച്ചായിരുന്നു കണക്കാക്കിയിരുന്നത്. ഉപ്പിന് ഇത്രയും വിലവരാന്‍ കാരണമെന്തെന്നാല്‍, പണ്ടുകാലത്ത് ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ മുഖ്യമായും ഉപയോഗിച്ചത് ഉപ്പായിരുന്നു.
ഉപ്പുകിട്ടാനാണെങ്കില്‍ കടല്‍വെള്ളം വറ്റിക്കണം, എന്നാല്‍ കടലില്ലാതിരുന്ന സ്ഥലങ്ങളില്‍ ഉപ്പ് ഖനനം ചെയ്‌തെടുക്കാന്‍ പറ്റിയ സ്ഥലം കണ്ടുപിടിച്ച് ഖനികള്‍ ഉണ്ടാക്കിയെടുക്കണം. ഹാല്‍സ്റ്റാറ്റ് എന്ന ഈ ചെറുഗ്രാമം ഉടലെടുത്തത് ഇവിടത്തെ ഉപ്പുഖനിയെ ബന്ധപ്പെട്ടാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപ്പുഖനിയാണ് ഹാല്‍സ്റ്റാറ്റിലേത്. 7000 വര്‍ഷങ്ങള്‍ക് മുന്‍പുതന്നെ ഇവിടെ ഖനനം തുടങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെമ്പുയുഗത്തിന്റെ ആരംഭത്തോടുകൂടി ശക്തിയേറിയ ആയുധങ്ങള്‍ നിര്‍മിക്കുകവഴി ഉപ്പുഖനികള്‍ ശക്തിയാര്‍്ജിച്ചു.
വിയന്നയിലുള്ള റിസര്‍ച്ച് സെന്റര്‍, ഹാലിസ്റ്റാറ്റിലെ ഉപ്പുഖനിയില്‍ നിന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കോണിപ്പടികള്‍ നശിച്ചുപോകാതെ കണ്ടെടുത്തിട്ടുണ്ട്. ഭൂമിക്കടിയില്‍ ഉപ്പുനിക്ഷേപം വരാന്‍ കാരണവും ആനിമേറ്റഡ് വീഡിയോയിലൂടെ ടൂറിനിടയില്‍ കാണിച്ചുതരും.കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ശക്തമായ സൂര്യതാപത്താല്‍ ഭൂമിയിലെ വെള്ളമെല്ലാം വറ്റി പലയിടത്തും ഉപ്പുനിലങ്ങള്‍ രുപപ്പെട്ടു , പിന്നീട് അഗ്‌നിപര്‍വതം പൊട്ടിയൊലിച്ച ലാവകൊണ്ട് അത് മൂടപ്പെട്ടുകയും, വന്‍കരകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പര്‍വതങ്ങള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ ഉപ്പുനിക്ഷേപം കൂടിച്ചേര്‍ന്ന്, അത് ഭൂമിക്കടിയിലേക്ക് മാറുകയാണുണ്ടായത്. അങ്ങനെയാണ് ആല്‍പ്‌സിനടിയില്‍ പലയിടത്തും ഉപ്പുനിക്ഷേപം ഉണ്ടായത്. ഹല്‍സ്‌റ്റേറ്റില്‍ തന്നെ ഭൂനിരപ്പില്‍ നിന്നും 200 മീറ്റര്‍ താഴ്ചയില്‍ 30കി മീ സ്ഥലത്താണ് ഉപ്പുനിക്ഷേപം ഉള്ളത്. ഇന്നും ഓസ്ട്രിയയില്‍ പലയിടത്തും ഉപ്പുഖനിയില്‍ നിന്നും ഉപ്പുണ്ടാക്കുന്നുണ്ട്.
ആദ്യം ഉപ്പുഖനിയിലേക്ക് ടണല്‍ വഴി വെള്ളം കടത്തിവിട്ട് ഉപ്പുലായനി (Brine) ഉണ്ടാക്കുന്നു. ഈ ലായനിയ്ക്ക് കടല്‍വെള്ളത്തെക്കാള്‍ 10 % ഉപ്പുസാന്ദ്രത കൂടുതലാണ്. 30 % ഉപ്പാണ് Brine-ല്‍ ഉള്ളത്. ഹല്‍സ്‌റ്റേറ്റിലെ ഉപ്പുഖനിക്കുള്ളിലൂടെയുള്ള യാത്ര ഒരനുഭവം തന്നെ ആയിരിക്കും. താഴെ നിന്നും ഫ്യൂണികുലാര്‍ കയറിചെല്ലുന്നിടത്ത് സ്‌കൈവാക് ഉണ്ട്, മലമുകളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന പാലം പോലെ ഉള്ള ഒരിടം . അവിടെ നിന്നുള്ള ഫോട്ടോകള്‍ ഒക്കെ നല്ലതാണ്.
മനോഹരമായ ഹാല്‍സ്റ്റാറ്റില്‍ 2100 മീറ്റര്‍ ഉയരത്തില്‍ ആല്‍പ്‌സില്‍ ഫൈവ് ഫിംഗേഴ്‌സ് എന്നൊരു വ്യൂ പോയിന്റുണ്ട്. 4 മീറ്റര്‍ നീളത്തില്‍ കൈവിരലുകള്‍ പോലെ 5 പ്ലാറ്റുഫോമുകള്‍ മലയ്ക്കു പുറത്തേക്ക് നീണ്ടുനില്‍ക്കുന്നു. താഴെ ഗ്ലാസ്സുകൊണ്ടും നെറ്റുകൊണ്ടും ആണ് നിര്‍മിച്ചിരിക്കുന്നത്. അതിനു മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഉള്ളൊന്നു കാളും. 2 കേബിള്‍ കാര്‍ കയറി വേണം അവിടെ എത്താന്‍, ഒന്നാമത്തെ കേബിള്‍ കാര്‍ ഇറങ്ങുന്നിടത്ത് ഒരു ഐസ് കേവും മാമ്മുത്ത് കേവ് എന്നറിയപ്പെടുന്ന ഒരു പുരാതനമായ ഗുഹയും ഉണ്ട്. അവിടെ നിന്നുള്ള ആല്‍പ്‌സിന്റെ കാഴ്ച അതിമനോഹരമാണ്.
https://www.facebook.com/Malayalivartha