കൂറ്റന്‍ മലനിരകള്‍ക്ക് കാറ്റും കടലും മഴയും മഞ്ഞും വരുത്തിയ വിസ്മയിപ്പിക്കുന്ന രൂപാന്തരം: ക്ലിഫ്‌സ് ഓഫ് മൊഹെര്‍
അയര്‍ലന്‍ഡില്‍ എത്തിയാല്‍ എത്ര പ്രാവശ്യം കാണുമ്പോഴും അത്ഭുതത്തോടെ വീണ്ടും മിഴിച്ചിരിക്കുന്ന ലോകത്തിലെ തന്നെ മികച്ച പ്രകൃതിവിസ്മയങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍നിന്ന് നൂറ്റിയിരുപതു മുതല്‍ ഇരുന്നൂറ്റിപ്പതിന്നാലു മീറ്റര്‍ വരെ ഉയരത്തില്‍ എട്ടു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന മനോഹര ഭൂപ്രദേശം. മൂന്നൂറു ദശലക്ഷം വര്‍ഷങ്ങളോളം കാറ്റും കടലും മഴയും മഞ്ഞും നിരന്തരം എല്‍പിച്ച മുദ്രകളാണ് കൂറ്റന്‍ മലനിരകളെ വിസ്മയിപ്പിക്കുന്ന ക്ലിഫ്‌സുകളായ് രൂപപ്പെടുത്തിയിരിക്കുന്നത്. ബിസി ഒന്നാം നൂറ്റാണ്ടിലെ ഒരു ഫോര്‍ട്ടിന്റെ പേരാണ് ഇതിനു നല്‍കിയിരിക്കുന്നത് ക്ലിഫ്‌സ് ഓഫ് മൊഹെര്‍.
വേനല്‍ മാസങ്ങളില്‍ വിവിധ രാജ്യങ്ങളിലെ സഞ്ചാരികള്‍ അയര്‍ലന്‍ഡില്‍ എത്തുന്നു. ഒന്നോ രണ്ടോ ദിവസം മുതല്‍ ഒരാഴ്ച വരെ നീളുന്ന യാത്രകള്‍ ഏര്‍പ്പാടാക്കുന്ന ടൂര്‍ ഏജന്‍സികള്‍ വഴി അയര്‍ലന്‍ഡിന്റെ മനോഹാരിത ആസ്വദിക്കാനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്.
ഡബ്ലിനില്‍ നിന്ന് യാത്ര തുടങ്ങിയാല്‍ 'കിന്‍വാരാ' എന്ന ഫിഷിങ് വില്ലേജിലൂടെ കടന്നുപോകണം. ചെറിയ ഒരു ഗ്രാമം. പല നിറങ്ങള്‍ പൂശിയ കെട്ടിടങ്ങള്‍. ഡബ്ലിന്‍ എന്ന നഗരത്തില്‍നിന്നു തികച്ചും വ്യത്യസ്തമായ ആളുകളും രീതികളും കാഴ്ചകളും ആസ്വദിക്കാം. ശേഷം ഗോള്‍വേയിലൂടെയുള്ള മനോഹരമായ കോസ്റ്റല്‍ ഡ്രൈവ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശം. ലൈം സ്‌റ്റോണ്‍ കൂടുതലായി കണ്ടു വരുന്ന ഈ പ്രദേശത്ത് വഴിയുടെ ഒരു ഭാഗം ഉയര്‍ന്നതും പച്ചപ്പാര്‍ന്നതുമാണ്. പലതരം പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന, പശുക്കളും ആടുകളും മേഞ്ഞ് നടക്കുന്ന, മേഘങ്ങള്‍ മുട്ടിയുരുമി പോകുന്ന മലമടക്കുകള്‍.. ഇടയ്ക്കിടെ ഒറ്റപ്പെട്ട മനോഹരമായ വീടുകള്‍. മറുവശത്ത് ഗംഭീരമായ അറ്റ്‌ലാന്റിക് സമുദ്രം. ഭൂമിയിലെ സ്വര്‍ഗം ഇതാണോ എന്നു തോന്നിപ്പോകും വിധം മനോഹരം. ഫോട്ടോ എടുക്കാന്‍ പോലും മറന്നു പോകുന്ന അത്ര മിഴിവേകുന്ന കാഴ്ചകള്‍.
അയര്‍ലന്‍ഡിലെ സൗത്ത് വെസ്‌റ്റേണ്‍ മുനമ്പ് എന്ന് വിശേഷിപ്പിക്കാവുന്ന കൗണ്ടി ക്ലെയറിലെ ക്ലിഫ്‌സ് ഓഫ് മൊഹെര്‍, ഒ'ബ്രിയന്‍സ് ടവറിനു വടക്ക് എട്ടു കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നു. ഈ ടവറിന്റെ മുകളില്‍ നിന്നാല്‍ ക്ലിഫ്‌സ് മുഴുവനായും കാണാന്‍ സാധിക്കും .
അലറിയലയടിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രം, മനോഹരങ്ങളായ കടലിടുക്കുകള്‍, അപൂര്‍വതരം സസ്യങ്ങളും ജീവികളും. പഫിന്‍സ് എന്ന് വിളിക്കുന്ന പക്ഷികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന പാറയിടുക്കുകള്‍, എത്ര പകര്‍ത്തിയാലും ഒരു ക്യാമറക്കും അതേ ഭംഗിയോടെ ഒപ്പിയെടുക്കാന്‍ പറ്റാത്തത്ര മനോഹരമായ ദൃശ്യങ്ങളാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
ഇവിടെ ബോട്ടുയാത്രയ്ക്കും സൗകര്യമുണ്ട്. പരമ്പരാഗത ഐറിഷ് മ്യൂസിക് വായിക്കുന്നവരെയും കാണാം. സഞ്ചാരികള്‍ക്ക് ക്ഷീണമകറ്റാനും ഭക്ഷണം കഴിക്കാനും സുവനീര്‍ വാങ്ങുവാനുമെല്ലാം സൗകര്യമുണ്ട്. രണ്ടു മണിക്കൂര്‍ തികയാതെ വരും ആ ഭംഗി ആസ്വദിക്കാന്‍.
മടക്ക യാത്രയില്‍ മനോഹരമായ ബണ്‍റാറ്റി കൊട്ടാരം കൂടി കണ്ടുപോരാം. പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും ഓര്‍മകള്‍ പേറുന്ന കൊട്ടാരം അയര്‍ലന്‍ഡിന്റെ സംസ്‌കാരത്തിലേക്കുള്ള ഒരു വാതായനം കൂടിയാണ്.
https://www.facebook.com/Malayalivartha