കാറ്റകോമ്പ്: 1800 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മൃതശരീരങ്ങള്‍ക്കൊപ്പം ഏതാനും മണിക്കൂറുകള്‍ ചെലവിടാം!
ഭൂമിയ്ക്കടിയിലെ നാലുനിലകളിലായി ഏകദേശം 50 ലക്ഷം മനുഷ്യ അസ്ഥികൂടങ്ങള്‍, അതിലെ രണ്ടാം നിലയിലൂടെ ഒരു നടത്തം !!! ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ രംഗമാണെന്ന് തെറ്റിദ്ധരിക്കേണ്ട, ഇത് കാറ്റകോമ്പ്. 1800 വര്‍ഷം മുന്നേ നിര്‍മ്മിച്ച ഭൂഗഭ ശവസംസ്‌കാര കല്ലറകള്‍. റോമില്‍ 6-ഓളം കാറ്റകോമ്പുകള്‍ സന്ദര്‍ശ്ശകര്‍ക്ക് കാണാവുന്നതാണ്.
റോം നഗരപരിധിയ്ക്ക് പുറത്താണ് കാറ്റകോമ്പ്. അതുകൊണ്ട് തന്നെ ടൂറിസ്റ്റ്കളുടെ തിരക്കധികമില്ല. ഇറ്റലിയ്ക്ക് പുറത്ത് വേറേയും 60 എണ്ണം(പാരീസ്, ഓസ്ട്രിയ, ചെക്ക്). ആദ്യ കാറ്റകോമ്പ് ഇറ്റലിയില്‍ ആണെന്നാണ് ചരിത്രം പറയുന്നു. ആപ്പിയന്‍ വേ എന്ന പ്രത്യേക മേഖലയിലാണ് റോമന്‍ കാറ്റകോമ്പുകള്‍. റോമിലെ പുരാതനമായ വഴികള്‍ സ്ഥിതി ചെയ്യുന്നത് ആപ്പിയന്‍ വേ-യിലാണ്. അതിലുപരി അവിടത്തെ മണ്ണിന്റെ പ്രത്യേകതയും ഭൂഗര്‍ഭ ഗുഹകളും കാറ്റകോമ്പ് നിര്‍മ്മിക്കാന്‍ അനുയോജ്യമായതാണ്.
പ്രവേശനയോഗ്യമായതില്‍ വലുതും 9 പോപ്പ്മാരെ അടക്കിയതുമായ കാറ്റകോമ്പ് കാലിക്സ്റ്റസ് കാറ്റകോമ്പിലാണ്. നഗരത്തിരക്കുകളില്‍ നിന്ന് മാറി പുരാതനമായ ആപ്പിയന്‍ വേ ഗ്രാമത്തിലെത്താന്‍ അരമണിക്കൂറോളം സമയമെടുക്കും. പതിറ്റാണ്ടുകളുടെ പഴക്കം തനിമയോടെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു. വാഹനബാഹുല്യം ഉണ്ടെങ്കിലും റോഡുകള്‍ ഇടുങ്ങിയത് തന്നെ.
ഗൈഡഡ് ടൂറിന്റെ (എല്ലാ പ്രധാന ഭാഷകളിലും ഗ്രൂപ്പ് ടൂറുകള്‍ ലഭ്യമാണ്)ടിക്കറ്റ് എടുത്ത് കാത്തുനില്‍ക്കണം. എഞ്ചിനീയറിങ്ങും മെഷിനറികളും നിലവില്‍ വരുന്നതിനു എത്രയോ മുന്‍പാണ് ഈ ഭൂഗര്‍ഭ സെമിത്തേരികളുടെ നിര്‍മ്മാണം എന്നത് വിസ്മയിപ്പിക്കുന്ന വസ്തുതയാണ്. രണ്ട്മൂന്ന് നൂറ്റാണ്ടുകളിലെ സാമ്പത്തിക സാമൂഹിക കാരണങ്ങളാണ് ശവസംസ്‌കാരം ഭൂമിക്കടിയിലേയ്ക്ക് മാറ്റാന്‍ കാരണമായി പറയുന്നത്.
ക്രിസ്ത്യാനികള്‍ ശരീരം ദഹിപ്പിക്കുന്നത് നിര്‍ത്തിയതും ഭൂമിയ്ക്ക് മുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കല്ലറകള്‍ പല നിലകളായി താഴേയ്ക്ക് നിര്‍മ്മിക്കാമെന്നതും കുടുംബാംഗങ്ങള്‍ക്ക് മരണാന്തരം അടുത്തടുത്ത കല്ലറകള്‍ നല്‍കാനാവുമെന്നതും വിശ്വാസികള്‍ക്ക് പുറം ലോകമറിയാതെ തങ്ങളുടെ സൂക്തങ്ങള്‍ കല്ലറകളില്‍ രേഖപ്പെടുത്താം എന്നതുമൊക്കെ കാറ്റകോമ്പ് നിര്‍മ്മിക്കാനുള്ള കാരണങ്ങളായി ചരിത്ര ഗവേഷകര്‍ നിരത്തുന്നുണ്ട്.
റോമില്‍ 6-ഓളം കാറ്റകോമ്പുകള്‍ സന്ദര്‍ശ്ശകര്‍ക്ക് കാണാവുന്നതാണ് ഇവയെല്ലാം പോപ്പിന്റെ അധീനതയില്‍ പല സന്യാസിസമൂഹങ്ങളുടെ നടത്തിപ്പിലാണ്. കാലിക്സ്റ്റസ് കാറ്റ്‌കോമ്പ് സലേഷ്യന്‍ സഭയുടേതാണ്. മലയാളികളായ സലേഷ്യന്‍ സഭാംഗങ്ങള്‍ ഇവിടെ ഗൈഡായും സോവനീര്‍ സ്‌റ്റോറില്‍ ജീവനക്കാരായി സേവനം നടത്തുന്നുണ്ട്.
ഗൈഡഡ് ടൂറുകള്‍ മാത്രമാണ് ഇപ്പോള്‍ കാറ്റക്കോമ്പുകളിലേയ്ക്ക് ഉള്ളത്. അതായത് ആര്‍ക്കിയോളജിസ്റ്റ് അല്ലാത്ത സാധാരണ സന്ദര്‍ശ്ശകര്‍ക്ക് തനിയെ കാറ്റകോമ്പിനുള്ളില്‍ നടക്കാന്‍ പറ്റില്ല. ഒരു പ്രധാന കാരണം വഴി തെറ്റാം, ഗൈഡുമാര്‍ പോലും ഇപ്പോഴും മാപ്പ് ഉപയോഗിച്ചാണ് കാറ്റകോമ്പിനുള്ളില്‍ സഞ്ചരിക്കുന്നത്. ദിശാസൂചികയോ, വേണ്ടത്ര വെളിച്ചമോ എല്ലാ വഴികളിലും ഇല്ലാത്തതും കാരണമാണ്. കാലിക്സ്റ്റസ് കാറ്റകോമ്പിന് 4 നിലകള്‍ ഉണ്ടെങ്കിലും 2-ാം നില മാത്രമാണ് ഇപ്പോള്‍ പ്രവേശനയോഗ്യം. കുറച്ച് നാള്‍ മുന്‍പ് വരെ രണ്ടാം നിലയിലെ ശരീരാവശിഷ്ടങ്ങള്‍ അതുപോലെ ഉണ്ടായിരുന്നു ഇപ്പോള്‍ അത് ഒന്നാം നിലയിലേക്ക് മാറ്റിയിരിക്കുകയാണ്. സന്ദര്‍ശ്ശകര്‍ അസ്ഥികളും മറ്റും എടുത്തുകൊണ്ടുപോകാന്‍ തുടങ്ങിയതിനാലാണ് അത്തരം മാറ്റങ്ങള്‍ വരുത്തിയത്. മൂന്നും നാലും നിലകളില്‍ ഗവേഷകര്‍ക്കും ആര്‍ക്കിയോളജിസ്റ്റുകള്‍ക്കും മാത്രമാണ് പ്രവേശനം. ഇടുങ്ങിയ വഴികളും വേണ്ടത്ര വെളിച്ചമില്ലായ്മയും പ്രശ്‌നമാണ്.
കാറ്റകോമ്പിന്റെ ചരിത്രവും, ഭൂമിശാസ്ത്ര ഘടനയും, പ്രത്യേകതകളും വിവരിച്ചാണ് ടൂര്‍ തുടങ്ങുന്നത്. കാറ്റകോമ്പ് നിര്‍മ്മിക്കാന്‍ ഒരു പ്രത്യേക വിഭാഗം ഫോസോറെസ് എന്ന ശവക്കുഴി എടുക്കുന്നവര്‍ (The Fossores- Grave Diggers) തന്നേ ഉണ്ടായിരുന്നത്രേ്യ. പലനിലകളായി പണി പുരോഗമിക്കുമ്പോള്‍ വെളിച്ചത്തിനായി ടണലുകള്‍ നിര്‍മ്മിച്ചു പോന്നു. കൂടാതെ ഓരോ നിലകളിലേയ്ക്ക് ഇറങ്ങാന്‍ കുത്തനെയുള്ള ഗോവണികളും. ശവകുടീരങ്ങളുടെ നിര ഗ്യാലറികള്‍ എന്നറിയപ്പെടുന്നു. ഗ്യാലറികളില്‍ ലോക്യൂള്‍(dead body boxes) നിര്‍മ്മിയ്ക്കും.
ഗ്യാലറികള്‍ക്ക് 2 മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെ ഉയരം ഉണ്ടാകും. കാറ്റകോമ്പുകളാവട്ടെ ഭൂമിയ്ക്കടിയിലേയ്ക്ക് 21 മീറ്ററിലധികം ആഴത്തിലായിരിക്കും. ഒരു ലോക്യൂളില്‍ ഒരു മ്യതശരീരം അതിനു കണക്കായ വലുപ്പമാണ് ഉണ്ടാവുക. ചെറുകുട്ടികള്‍ക്കായി ചെറുതും നിര്‍മ്മിയ്ക്കും. കാലിക്സ്റ്റര്‍ കാറ്റകോമ്പില്‍ 30% കുട്ടികളെയാണ് അടക്കം ചെയ്തിരിക്കുന്നത്രേ. പലതരത്തിലുള്ള ശവകുടീരങ്ങള്‍ കാറ്റകോമ്പില്‍ കാണാം. സാധാരണക്കാരുടെതിനു അലങ്കാരപണികള്‍ ഉണ്ടാവില്ല ശരീരം വെച്ചതിനു ശേഷം മാര്‍ബിള്‍ അല്ലെങ്കില്‍ ഇഷ്ടിക കൊണ്ട് അടയ്ക്കും. സമൂഹത്തിലെ ഉന്നതരുടെ സംസ്‌ക്കാരം വിലയേറിയ മാര്‍ബിള്‍ പേടകത്തിലായിരിക്കും പക്ഷേ ഇത്തരത്തിലുള്ളവ കുറവാണ്. അലങ്കാര പണികളുള്ള പേടകങ്ങള്‍ ഒട്ടനവധിയുണ്ട്. രക്തസാക്ഷികളുടെ അല്ലെങ്കില്‍ വിശുദ്ധരുടെ കബറിടങ്ങളാണവ. കുടുംബമായി അടക്കം ചെയ്യാന്‍ പ്രത്യേക മുറികള്‍ കാണാം അതില്‍ ഒരു കുടുംബത്തെ അടക്കം ചെയ്യാന്‍ പാകത്തില്‍ ഒന്നിലധികം ലോക്യൂളുകള്‍. രണ്ടാം നിലയില്‍ തന്നേ ചെറിയ ചാപ്പലുകള്‍ ഉണ്ട്. പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചവയാണ്. പല ചിത്രപണികള്‍ നിറഞ്ഞവയാണ് ഇടനാഴികള്‍, ഇടുങ്ങിയതും കുറേയധികം വഴികള്‍ തിരിയുന്നുമുണ്ട്.
ഗൈഡിനു പിന്നില്‍ നിന്നു മാറി നടന്ന് വഴിയെങ്ങാനും തെറ്റിയാല്‍ പെട്ടതു തന്നേ. 50 ലക്ഷം അസ്ഥികൂടങ്ങളും നമ്മളും മാത്രമാവും !!!. ഒന്ന് ഉറക്കെ വിളിച്ചാല്‍ വിളികേള്‍ക്കാന്‍ ശൂന്യമായ കല്ലറകള്‍ മാത്രം. പക്ഷേ ഇപ്പോള്‍ കാര്യങ്ങളൊക്കെ തികച്ചും വ്യവസ്ഥാപിതമാണ് ആരും ഒറ്റയ്ക്ക് ഉള്ളില്‍ അകപ്പെടില്ല. യാതൊരുവിധ മാറ്റവുമില്ലാതെ ഗ്യാലറികള്‍ നിലനില്‍ക്കുന്നു. നാട്ടിലെ ചിതല്‍പുറ്റ് സമാനമായ മണ്ണ് പഴകുംതോറും ഉറപ്പുകൂടുന്നതുപോലെ. കുത്തിക്കുറിച്ചിട്ട ചിത്രങ്ങള്‍ ഇപ്പോഴും മായാതെ കിടക്കുന്നു. ഒരു 1500 വര്‍ഷമെങ്കിലും പഴക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം.
പുറമേ ചൂടുള്ള കാലാവസ്ഥയാണെങ്കിലും കാറ്റകോമ്പിനുള്ളില്‍ നല്ല തണുപ്പ് ആണ്. വെളിച്ചത്തിനുവേണ്ടിയുള്ള ടണലുകളില്‍ കൂടി വായു സഞ്ചാരമുള്ളതിനാല്‍ മറ്റുപ്രശ്‌നങ്ങളില്ല. ഏകദേശം 45 മിനിറ്റോടെ 2-ാം നില കാണാം കുത്തനെയുള്ള നടകയറിയാല്‍ ഒന്നാം നിലയും കടന്ന് മുകളിലെത്താം. എത്ര ദൂരം നടന്നെന്നോ ഏതു ദിശയില്‍ എന്നോ ഒരു സൂചനയും കിട്ടില്ല. എന്നിരുന്നാലും പുതിയോരു ലോകം മണ്ണിനടിയില്‍ പരിചയപ്പെടാം.
റോം- ക്രിസ്തുമതം -കാറ്റകോമ്പ് ചേര്‍ത്ത് വെയ്ക്കാവുന്ന ചരിത്രമാണ്. അതുകൊണ്ട് തന്നേ രണ്ടാം നൂറ്റാണ്ട് മുതല്‍ കാറ്റകോമ്പിന്റെ ചരിത്രവും തുടങ്ങുന്നു. ക്രിസ്ത്യന്‍ ഭൂഗര്‍ഭ കബറിടങ്ങളുടെ തുടക്കവും റോമില്‍ നിന്നാണ്.
കാലഘട്ടങ്ങളെ ഇങ്ങനെ ചുരുക്കാം :
1-ാം നൂറ്റാണ്ട്: റോമിലെ ക്രിസ്ത്യാനികള്‍ക്ക് സെമിത്തേരികള്‍ ഉണ്ടായിരുന്നില്ല. മരണപ്പെട്ടവരെ പൊതുശ്മശാനങ്ങളിലോ അല്ലെങ്കില്‍ സ്വകാര്യ ഭൂമിയിലോ അടക്കും.
2-ാം നൂറ്റാണ്ട്: കാറ്റക്കോമ്പുകളുടെ രംഗപ്രവേശം. സ്വന്തമായി ഭൂമിയില്ലാത്തതും സാമ്പത്തിക പിന്നോക്കാവസ്ഥയും ഖബറിടങ്ങള്‍ വാങ്ങിയ്ക്കാന്‍ കഴിയാത്തവരും കാറ്റകോമ്പുകളെ ആശ്രയിക്കാന്‍ തുടങ്ങി. അതിലുപരി ക്രിസ്തുമതത്തിനെതിരെ നടന്ന ആക്രമങ്ങളില്‍ രക്തസാക്ഷികള്‍ ഏറെയുണ്ടായ സമയം. അവരുടെയും അന്ത്യവിശ്രമം കാറ്റകോമ്പില്‍ തന്നെ.
3-ാം നൂറ്റാണ്ട്: കാറ്റകോമ്പുകള്‍ റോം ഏറ്റെടുക്കുന്നു. അതാതു പള്ളികളുടെ അധീനതയില്‍.
4-ാം നൂറ്റാണ്ട: മണ്ണിനടിയിലെ കല്ലറകളുടെ സുവര്‍ണ്ണ കാലഘട്ടം. കാറ്റകോമ്പുകളില്‍ ചെറുചാപ്പലുകളും പ്രാര്‍ത്ഥനയുമൊക്കെ ആരംഭം.
5-7 നൂറ്റാണ്ട്: പ്രത്യേക പ്രാര്‍ത്ഥനാ സ്ഥലമായി കാറ്റകോമ്പുകള്‍ മാറ്റപ്പെട്ടു. മരിച്ചടക്കപ്പെട്ടവരുടെ ബന്ധുക്കളും തീര്‍ത്ഥാടകരും നിത്യസന്ദര്‍ശ്ശകരായി. 5 മുതല്‍ 7-ാം നൂറ്റാണ്ട് വരെ പലപ്പോഴായി നടന്ന സാമ്രാജ്യ യുദ്ധങ്ങളില്‍ നിന്ന് കാറ്റകോമ്പുകളെ രക്ഷിയ്ക്കാന്‍ പോപ്പിനായില്ല. പതിയെ തകര്‍ച്ചയുടെ വഴിയിലായി മിക്ക കാറ്റകോമ്പുകളും.
8-15 നൂറ്റാണ്ട്: പ്രധാന ക്രിസ്ത്യന്‍ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും ശരീരാവശിഷ്ടങ്ങള്‍ റോം നഗരത്തിലേയ്ക്ക് മാറ്റിയതോടെ കാറ്റകോമ്പുകള്‍ ഏകദേശം ഉപേക്ഷിക്കപ്പെട്ടു. ചരിത്രരേഖകളിലൊന്നും കാറ്റകോമ്പുകളെ പരാമര്‍ശ്ശിക്കപെടാത്തതിനാല്‍ പലതിന്റേയും പേരുകള്‍ വരെ മാറി.
16-17 നൂറ്റാണ്ട്: ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നുമുള്ള പുനര്‍ജ്ജന കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ചരിത്രാന്വേഷകര്‍ കാറ്റകോമ്പുകള്‍ കണ്ടെത്തുകയും ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് തുടക്കവുമായി. പക്ഷേ സ്വകാര്യഭൂമിയില്‍ കണ്ടെത്തിയ കാറ്റകോമ്പുകളില്‍ അശാസ്ത്രീയമായ ഖനനം നടത്താനും ശരീരാവശിഷ്ടങ്ങള്‍ തിരുശേഷിപ്പുകളായി വന്‍ വിലയ്ക്ക് വില്‍പ്പന നടത്താനും പലരും തുടങ്ങി.
18-ാം നൂറ്റാണ്ട്: കാറ്റകൊമ്പുകളുടെ ചരിത്രം എഴുതാനുള്ള ആരംഭം. പയസ്സ് രണ്ടാമന്‍ പാപ്പ പ്രത്യേക സംഘത്തെ നിയോഗിച്ചു.
സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക് :
1. കാലിക്സ്റ്റസ് കാറ്റകോമ്പ് ഇറ്റലിയിലെ റോമിലാണ്. പ്രധാന നഗരഭാഗത്തു നിന്ന് ബസ്സ് അല്ലെങ്കില്‍ ടാക്‌സിയാണ് യാത്രാമാര്‍ഗ്ഗം. അടുത്തടുത്ത് തന്നെയാണ് മറ്റ് കാറ്റകോമ്പുകള്‍. എല്ലാം തമ്മില്‍ ടണലുകള്‍ വഴി ബന്ധമുണ്ടാകാം. ഇനിയും തുറന്ന് കാണാന്‍ പറ്റാത്ത കാറ്റകോമ്പുകളും ഇവിടെയുണ്ട്.
2. ആഴ്ചയിലെ അവധിദിനങ്ങള്‍ ഓരോ കാറ്റകോമ്പിനും വെവ്വേറെയാണ്. അതുപോലെ മിക്കവയും ഉച്ചയ്ക്ക് 12-2 വരെ അടച്ചിട്ടിരിക്കും. സമയവും ദിവസവും നോക്കി പോവുക. ഒരു പകല്‍ ഉണ്ടെങ്കില്‍ കാറ്റകോമ്പുകള്‍ കണ്ട് മടങ്ങാവുന്നതാണ്.
3. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നു
4. ഒരാള്‍ക്ക് 8 യൂറോയാണ് കാലിക്സ്റ്റസ് കാറ്റകോമ്പ് പ്രവേശന ഫീസ്.
5. കുട്ടികളുമായി പോകുന്നവര്‍ ജാക്കറ്റ്, മാസ്‌ക്ക് എന്നിവ കരുതാവുന്നതാണ്. മതിയായ വായു പ്രവാഹമില്ലാത്തതും തണുത്ത അന്തരീക്ഷവും വൈറസ്സ്/ബാക്ടീരിയല്‍ രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
6. ഷെങ്കന്‍ വിസയാണ് ഇറ്റലിയിലേയ്ക്ക്. മതിയായ രേഖകളുമായി വിസയ്ക്ക് കൊടുക്കാവുന്നതാണ്. യാത്രാ രേഖകളടക്കം ഹോട്ടല്‍/വിമാന ബുക്കിങ്ങുകള്‍. അതുപോലെ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്.
https://www.facebook.com/Malayalivartha