വിശ്വസാഹിത്യകാരനായ വില്യം ഷേക്‌സ്പിയറിന്റെ ജന്മനാട്ടിലേക്ക് ഒരു യാത്ര
സര്‍ഗ്ഗധനരായ എഴുത്തുകാരെ ഏറെ ബഹുമാനിക്കുന്നവരാണ് ബ്രിട്ടിഷുകാര്‍. വിവേകമുളളവര്‍ക്കു മാത്രമേ പുതുമകള്‍ സൃഷ്ടിക്കുന്ന സാഹിത്യകാരന്മാരെ ഉള്‍ക്കൊളളാനാകൂ. ഈ ബുദ്ധിജീവികള്‍ സമൂഹത്തെ ചൂഴ്ന്നു നില്‍ക്കുന്ന ജീര്‍ണ്ണതകളെ എന്നും എതിര്‍ക്കുന്നവരാണ്. അവര്‍ സമൂഹത്തിന് എന്നും നന്മകള്‍ മാത്രമേ നല്‍കിയിട്ടുളളൂ. ഇന്ത്യയില്‍ എഴുത്തുകാരെ വെടിവെച്ചുകൊല്ലുന്നവര്‍ പെറ്റമ്മയ്ക്കു തുല്യമായ ഭാഷയെ കൊല ചെയ്യുന്ന ജാതിമത ഭ്രാന്തന്മാര്‍ കൂടിയാണ്. ഇവരെ പോറ്റിവളര്‍ത്തുന്ന ഭരണകര്‍ത്താക്കള്‍ ഭാഷയെയും സാഹിത്യത്തെയും കൊലചെയ്യാന്‍ ഒത്താശ ചെയ്യുന്നവരാണ്. വികസിത രാജ്യങ്ങളില്‍ മതങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് അവര്‍ പരിഗണന നല്കുന്നത്.
വിശ്വസാഹിത്യകാരനായ വില്യം ഷേക്‌സ്പിയറിന്റെ ജന്മഗൃഹവും അദ്ദേഹത്തിന്റെ ഗ്ലോബ് തിയേറ്ററും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് . സ്ട്രാറ്റ് ഫോഡിലാണിത്. ഷേക്‌സ്പിയറിന്റെ ജന്മം കൊണ്ട് ധന്യമായ സ്ട്രാറ്റ്‌ഫോഡ് അപ്പോണ്‍ ഏവണ്‍ ഹെന്‍ലി തെരുവിലാണ്. വീടിനു മുമ്പിലുളള റോഡില്‍ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
തെരുവിലേക്ക് കയറുന്നിടത്ത് പഴമ കൂടുകൂട്ടിയ ഭംഗിയുളള ഒരു പബ്. അതിനു മുന്നില്‍ മുകള്‍വശം തുറന്ന ഒരു ഹോപ് ഓണ്‍ ഓഫ് ബസ് ഉണ്ടാവും. 25 പൗണ്ട് കൊടുത്ത് അതില്‍ കയറിയാല്‍ ആ പ്രദേശത്തുളള കാഴ്ചകള്‍ നമ്മുടെ സൗകര്യം പോലെ കാണാം. 24 മണിക്കൂര്‍ ടിക്കറ്റ് സാധുവാണ്. ഒരിടത്ത് കൂടുതല്‍ സമയം വേണമെങ്കില്‍ അങ്ങനെയാകാം. കണ്ടു കഴിഞ്ഞ് ഇതേ ടിക്കറ്റ് ഉപയോഗിച്ച് അവിടുന്നുളള അടുത്ത ബസ്സില്‍ കയറാം. ഷേക്‌സ്പിയറുടെ വീടിനോടടുക്കുമ്പോള്‍ ഫുട്പാത്തിനു മുമ്പില്‍ കൊച്ചു കാണിക്കപ്പെട്ടിപോലൊരു കറുത്ത പെട്ടിയുണ്ട്. പൂക്കള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിയുമുണ്ട് അടുത്ത്. പെട്ടിക്കു സമീപം ഫുട്പാത്തില്‍തന്നെ എഴുതി വച്ചിരിക്കുന്നു ഷേക്‌സ്പിയറിന്റെ പ്രേതം (ഷേക്‌സ്പിയേഴ്‌സ് ഗോസ്റ്റ്.) തമാശയാവാം. പഴമ പോലെ തന്നെ ഇംഗ്ലിഷുകാര്‍ക്ക് പക്ഷേ പ്രേതങ്ങളും ഹരമാണ്. ചിലര്‍ അതില്‍ ഗവേഷണം പോലും നടത്തുന്നു. പ്രേത നടത്തങ്ങള്‍ (ഗോസ്റ്റ് വോക്ക്‌സ്) സംഘടിപ്പിക്കലൊക്കെ ഇവിടെ വലിയ സംഭവമാണ് ഇപ്പോഴും.
ഷേക്‌സ്പിയേഴ്‌സ് ബര്‍ത്‌പ്ലേസ് എന്ന ബോര്‍ഡ് തന്നെ അദ്ഭുതാദരങ്ങള്‍ ഉണര്‍ത്തുന്നതാണ്. 12 പൗണ്ടാണ് പ്രവേശനഫീസ്. ചുരുക്കം സ്ഥലങ്ങളിലൊഴികെ എല്ലായിടവും പ്രവേശന ഫീസുണ്ട്. ഇത്തിരി കട്ടിയാണ് ഫീസ് എന്നു തോന്നുമെങ്കിലും സ്ഥലങ്ങളെല്ലാം നന്നായി പരിപാലിച്ചിരിക്കുന്നതു കണ്ടാല്‍ ആ തോന്നല്‍ മാറും.
തുകല്‍ വ്യാപാരിയുടെ മകനായി ജനിച്ച അക്ഷരരാജാവിന്റെ ഗൃഹം വളരെ ആവേശത്തോടെയാണ് മിക്കവരും കാണുക. പഴമ മുറ്റി നില്‍ക്കുന്ന പല മുറികളിലായി, ബിബിസി സഹായത്തോടെ ഒരുക്കിയ ചെറിയ ഫിലിം ഷോം ആണ് ആദ്യം. ഷേക്‌സ്പിയറിന്റെ ജനനം, ബാല്യം, കൗമാരം, യൗവനം ഇവയിലൂടെ നമ്മളും അപ്പോള്‍ കടന്നുപോകും. പിന്നെ വിശ്വപ്രസിദ്ധമായ ഉദ്ധരണികളുടെ വിഡിയോ ക്ലിപ്പിങ്ങുകള്‍! അതു മനസ്സിലുണര്‍ത്തുന്ന വികാരം പറയാവതല്ല. സ്ഥാനത്തും അസ്ഥാനത്തും അര്‍ഥമറിഞ്ഞും അറിയാതെയും ഇവയെല്ലാം എത്ര പ്രയോഗിച്ചിരിക്കുന്നു! ഇനി എത്ര തലമുറകള്‍ പ്രയോഗിക്കാനിരിക്കുന്നു.
ഫിലിം ഷോ കണ്ടു കഴിഞ്ഞ് ജന്മഗൃഹത്തിലെത്താം. സ്വീകരണമുറിയില്‍ സ്വാഗതം ചെയ്യുന്നത് അന്നത്തെ വേഷഭൂഷകള്‍ ധരിച്ച ഒരു വനിതയാണ്. പഴയ ഫര്‍ണിച്ചര്‍ എല്ലാം നഷ്ടപ്പെട്ടെങ്കിലും നല്ലവണ്ണം ഗവേഷണം നടത്തി ഷേക്‌സ്പിരിയന്‍ കാലഘട്ടം പുനര്‍ജ്ജനിപ്പിച്ചിരിക്കുന്നു. ഫയര്‍പ്ലേസുകളില്‍ തീയുണ്ട്. ഊണുമേശ കഴിക്കാന്‍ ഒരുക്കിയതുപോലെ. പിതാവിന്റെ പണിസ്ഥലത്ത് ഗ്ലൗസ് തുടങ്ങിയ തുകല്‍ സാധനങ്ങള്‍. കട്ടിലും തൊട്ടിലും വിറകും അടുക്കളയും മേശയും കസേരയും. അന്നത്തെ ആള്‍ക്കാരൊഴികെ ബാക്കിയെല്ലാം പുനര്‍ജ്ജനിപ്പിച്ചിരിക്കുന്നു, തന്മയത്വത്തോടെ. വാസ്തവത്തില്‍ നമ്മള്‍ 21-ാം നൂറ്റാണ്ടിലാണെന്നത് മറന്നുപോകും അവിടെ നില്‍ക്കുമ്പോള്‍.
പൂന്തോട്ടത്തില്‍ നാടകഭാഗങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ജ്യോതി ബസു സ്ഥാപിച്ച രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയുണ്ട് തോട്ടത്തില്‍. വിവിധ നിറമുളള പൂക്കളും മഞ്ഞ റോസാപ്പൂക്കളും നിറഞ്ഞ തോട്ടം.
അവിടെനിന്ന് പുറത്തേക്കുളള വാതില്‍ ഒരു കടയിലൂടെയാണ്. ഇവിടെ മാത്രമല്ല, എല്ലാ കാഴ്ചസ്ഥലങ്ങളിലും അങ്ങനെ തന്നെ. ഒന്നുകില്‍ പ്രവേശനം, അല്ലെങ്കില്‍ പുറത്തേക്കുളള വാതില്‍, ഏതെങ്കിലുമൊന്ന് നിശ്ചയമായും കടയിലൂടെയായിരിക്കും. പുസ്തകങ്ങള്‍, പേനകള്‍, പെന്‍സിലുകള്‍, കീചെയിനുകള്‍, പാത്രങ്ങള്‍, കപ്പുകള്‍, നോട്ടുബുക്കുകള്‍ എന്നുവേണ്ട ചോക്ലേറ്റുകള്‍ പോലും ഷേക്‌സ്പിയറിന്റെ തലയുടെയോ വീടിന്റെയോ ചിത്രത്തോടെയാണ്. എല്ലാത്തിനും കൊല്ലുന്ന വിലയുമായിരിക്കും. എങ്കിലും ഈ സ്ഥലത്തിന്റെ സ്മരണയ്ക്കായി എല്ലാവരും എന്തെങ്കിലുമൊന്നു വാങ്ങിപ്പോകുകയാണ് പതിവ്.
വീടിന്റെ എതിര്‍വശത്ത് വലിയ പുസ്തകക്കട വേറെയുമുണ്ട്. ഷേക്‌സ്പിയേഴ്‌സ് ബര്‍ത്‌പ്ലേസ് ട്രസ്റ്റാണ് നടത്തിപ്പുകാര്‍. അവര്‍ അതു നന്നായി പരിപാലിക്കുന്നുണ്ട്. പക്ഷേ ഏവണ്‍ നദി ഫോട്ടോകളില്‍ കാണുന്നത്ര തെളിഞ്ഞതായിരിക്കണമെന്നില്ല. എപ്പോഴും ബോട്ടിങ് ഉള്ളതുകൊണ്ടാവാം. എങ്കിലും വീതി കൂടിയ ഭാഗങ്ങള്‍ മിക്കവാറും തെളിഞ്ഞുതന്നെ കിടക്കും.
ഷേക്‌സ്പിയറെ ജ്ഞാനസ്‌നാനം ചെയ്യിച്ചതെന്നു കരുതപ്പെടുന്ന ഹോളി ട്രിനിറ്റി പളളിയും അടുത്തു തന്നെ. അവിടെ വച്ചിരിക്കുന്ന ഒരു ബസ്റ്റ് മാത്രം വച്ചാണ് ആ സ്ഥലം ഷേക്‌സ്പിയറിന്റേതെന്നു പറയുന്നതെന്നും ആ പേര് ഒരു കൂട്ടം ആള്‍ക്കാരുടെ തൂലികാനാമം മാത്രമായിരുന്നുവെന്നും അതില്‍ നിന്നു കിട്ടുന്ന ധനലാഭം ലക്ഷ്യം വച്ച് ഇല്ലാത്തതു പ്രചരിപ്പിക്കുന്നുവെന്നും ഒരു പക്ഷമുണ്ട്. അതെന്തോ ആവട്ടെ. അങ്ങനൊരാള്‍ അവിടെ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കാനാണ് ഇന്നും ബ്രിട്ടനും സാഹിത്യ ലോകത്തിന് ആകെയും ഇഷ്ടം. വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍ ചിലപ്പോള്‍ മനസ്സുകളും കൂടെ ഉടഞ്ഞെന്നു വരാം. എങ്കിലും ഒന്നു പറയാതെ വയ്യ. ഇവിടം മുഴുവന്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഭാര്യ ആന്‍ ഹാതവേയുടെ വീട് (ആന്‍ ഹാതവേസ് കോട്ടേജ്), അമ്മ മേരി ഹാര്‍ഡന്റെ വീട്, മകളുടെ ഹാള്‍സ് ക്രാഫ്റ്റ് വീട്, കൊച്ചുമകളുടെ നാഷ് വീട്, എന്നിങ്ങനെ കാഴ്ചകളുടെ വീരാരാധനകള്‍ എവിടെയും പ്രതിഫലിച്ചു നില്‍ക്കുന്നു.
https://www.facebook.com/Malayalivartha