നോര്‍വേയിലെ കെജെറാഗിലേക്ക് ഒരു സ്വപ്നയാത്ര
കൗച് സര്‍ഫിങ് എന്നത് ലോകമെമ്പാടുമുള്ള രണ്ടു ലക്ഷം സിറ്റികളിലായി പരന്നു കിടക്കുന്ന പന്ത്രണ്ടു മില്യണില്‍ അധികമുള്ള സഞ്ചാരികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണ്. യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും, നമ്മള്‍ പോകുന്ന സ്ഥലത്ത് അന്നേദിവസം പോകുന്ന ആളുകളെ കണ്ടുപിടിക്കുവാനും എല്ലാമിത് ഉപയോഗിക്കാം.
യാത്രക്ക് മുന്‍പ്, യാത്രയുടെ വിശദമായ പ്ലാന്‍ കൗച് സര്‍ഫിങ്ങില്‍ പോസ്റ്റു ചെയ്താല്‍ അതിലൂടെ അതേ ദിവസങ്ങളില്‍ സഞ്ചരിക്കുന്ന ചില ആളുകളെ പരിചയപ്പെടാന്‍ കഴിയും. കൗച്‌സര്‍ഫിങ്ങിലൂടെ തന്നെ ഹോസ്റ്റിനെയും കണ്ടുപിടിക്കാം. (കുറഞ്ഞ ചിലവില്‍ സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ തയാറായിട്ടുള്ള, കൗച്‌സര്‍ഫിങ്ങിലെ അംഗങ്ങളെയാണ് 'ഹോസ്റ്റ്' എന്ന് പറയുന്നത്).
എത്ര കണ്ടാലും കൊതി തീരാത്ത നോര്‍വെയിലെ സ്റ്റാവെജറില്‍ നിന്നും രണ്ടു മണിക്കൂറോളം യാത്രയുണ്ട് കെജെറാഗിലേക്ക്. ഒരു മണിക്കൂര്‍ ഡ്രൈവ് കഴിയുമ്പോള്‍ ഹോള എന്ന സ്ഥലത്തെത്തും. ഇവിടുന്ന് ഫെറി കയറി വേണം പോകാന്‍. ചുറ്റും പച്ചപ്പും മലകളും നിറഞ്ഞ മനോഹരമായ സ്ഥലമാണ്.
വണ്ടിയുമായി ഫെറിക്കുള്ളില്‍ കയറാം. ഒരേസമയം നൂറിലധികം വണ്ടികള്‍ കയറ്റാന്‍ പറ്റുന്ന കൂറ്റന്‍ ഫെറിയാണിത്. ഫെറിയുടെ താഴത്തെ നിലയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് മുകളിലത്തെ നിലയില്‍ പോയി ഇരിക്കാം. ഉള്ളില്‍ നല്ലൊരു കാന്റീന്‍ ഉണ്ട്. നല്ല തണുത്ത കാറ്റുണ്ടെങ്കിലും Lysefjord കായലിന്റെയും അതിനു ചുറ്റുമുള്ള മലകളുടെയും സൗന്ദര്യം കണ്ടാല്‍ ഉള്ളില്‍ കയറി ഇരിക്കാന്‍ തോന്നില്ല.
ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. പോകുന്ന വഴികളില്‍ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങള്‍ കാണാം. പ്രെകിസ്‌റ്റോളനിലെ 604 മീറ്റര്‍ പൊക്കത്തിലുള്ള പള്‍പ്പിറ്റ് റോക്കും കാണാം. നോര്‍വേയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പള്‍പ്പിറ്റ് റോക്ക്. ഇതിന്റെ പല ഭാഗങ്ങളില്‍ കയറുവാനായി. ഹൈക്കേഴ്‌സിനുവേണ്ടി ചില സ്ഥലങ്ങളില്‍ ഫെറിക്ക് സ്‌റ്റോപ്പ് ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് 'ഫ്‌ലോര്‍ലി 4444' (കുത്തനെയുള്ള 4444 പടികള്‍ കയറി കുന്നിന്‍ മുകളില്‍ കയറല്‍).
Lysefjord ന്റെ അറ്റത്തു നിന്നും വീണ്ടും രെഡവ് ചെയ്ത് 26 ഹെയര്‍ പിന്‍ വളവുകള്‍ ചുറ്റി 'ഈഗിള്‍സ് നെസ്റ്റ്' എന്ന കെജെറാഗിനു താഴെയുള്ള പാര്‍ക്കിംഗ് ഏരിയായില്‍ എത്താം. 'ഈഗിള്‍സ് നെസ്റ്റ്' എന്നത് ഇവിടെ ഉള്ള റെസ്‌റ്റോറന്റിന്റെ പേരാണ്. കുന്നിന്‍ ചരിവില്‍ തടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തില്‍ നിന്നും Lysefjord ന്റെ അതിമനോഹരമായ വ്യൂ കാണാന്‍ കഴിയും.
10 ഡിഗ്രിയില്‍ താഴെയാണ് താപനില. നല്ല തണുത്ത കാറ്റും. കെജെറാഗിലേക്കുള്ള മല കയറ്റം ആരംഭിച്ചാല്‍ തറയില്‍ കല്ലുകള്‍ അടുക്കി വഴി മാര്‍ക്ക് ചെയ്തു വച്ചിട്ടുള്ളതിനാല്‍ വഴി തെറ്റില്ല. 13 കിലോമീറ്ററാണ് കയറി ഇറങ്ങാന്‍ ഉള്ളത്. എങ്ങനെ പോയാലും ഒരു സൈഡിലേക്ക് രണ്ടര മണിക്കൂര്‍ എടുക്കും. ആദ്യത്തെ ഒന്നര കിലോമീറ്റര്‍ കുത്തനെ കയറ്റം ആണ്. പിന്നെ രണ്ടു കിലോമീറ്ററോളം വലിയ കുഴപ്പം ഇല്ല. വീണ്ടും കുത്തനെ കയറ്റം, ഇറക്കം, കയറ്റം അങ്ങനെ പോകും. മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടി വരും. കുത്തനെയുള്ള സ്ഥലങ്ങളില്‍ പിടിച്ചു കയറാന്‍ ചങ്ങലകള്‍ പിടിപ്പിച്ചിട്ടുണ്ട് അതില്‍ പിടിച്ചു കയറണം. പോകുന്ന വഴിയില്‍ പല സ്ഥലങ്ങളിലും മേഞ്ഞു നടക്കുന്ന ആടുകളെ കാണാം. കൂടാതെ കണ്ണീരുപോലെ ശുദ്ധമായ വെള്ളം ഒഴുകുന്ന അരുവികളും ചെറിയ വെള്ള ചാട്ടങ്ങളും വലുതും ചെറുതുമായ ധാരാളം മാഞ്ഞുപാളികളും വഴികളില്‍ കാണാം. പ്രകൃതി ഭംഗിയെപ്പറ്റി പറയാന്‍ വാക്കുകളില്ല. അത്രയ്ക്ക് മനോഹരം. ആ കാഴ്ചകളാണ് മുന്നോട്ടു നടക്കുവാനുള്ള ശക്തി തരുന്നത്. kjeragbolten എന്ന ഒരു കല്ലിന്റെ മുകളില്‍ കയറുവാന്‍ വേണ്ടിയാണ് എല്ലാവരും കഷ്ടപ്പെട്ട് ഇവിടെ വരെ വരുന്നത്.
എന്താണെന്നോ ഇതിന്റെ പ്രത്യേകത? രണ്ടു മലകള്‍ക്കു ഇടയില്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉറച്ചുപോയ ഒരു ചെറിയ കല്ലാണ് kjeragbolten ഇതില്‍ എന്താ എത്ര വലിയ കാര്യം എന്നാവും അല്ലെ? കഷ്ടിച്ച് ഒന്നര സ്‌ക്വയര്‍ ഫീറ്റ് മാത്രം നില്‍ക്കാന്‍ സ്ഥലമുള്ള ഈ കല്ലിന്റെ തൊട്ടു താഴെ മാത്രം 984 മീറ്റര്‍ താഴ്ചയുണ്ട്. അതായതു ഒരു കിലോമീറ്ററിന് വെറും 16 മീറ്റര്‍ കുറവ്. വീണാല്‍ പിന്നെ തപ്പി പോകേണ്ട ആവശ്യം ഇല്ല. മാത്രമല്ല, ഉരുണ്ട മുകള്‍ഭാഗം ഉള്ള ഈ കല്ലിിന്റെ മുകളിലേക്ക് ഇരുന്നു നിരങ്ങിയോ, ചാടിയോ വേണം കയറാന്‍. പിടിച്ചു കയറാനോ നില്‍ക്കണോ യാതൊരു സുരക്ഷാ സവിധാനങ്ങളും ഇല്ല.
ഇതിലോട്ടു കയറല്‍ നല്ല ധൈര്യം വേണ്ട പണിയാണ്. സൈഡില്‍ ഒരു കൊളുത്തുണ്ട് അതില്‍ പിടിച്ചു ഒരു കാല്‍ മുന്നോട്ടു വച്ച്, ഇരുന്നുകൊണ്ട് അടുത്ത കാല്‍ വച്ച് വേണം കയറാന്‍. കല്ലിനു മുകളില്‍ നില്‍ക്കുമ്പോള്‍ താഴോട്ട് നോക്കാതെ ഇരുന്നാല്‍ മാത്രം മതി. അവിടെ നിന്ന് എത്ര കണ്ടാലും കൊതി തീരാത്ത നോര്‍വെയുടെ ഭംഗി ശരിക്കു ആസ്വദിച്ച ശേഷം മലയിറങ്ങാം.
https://www.facebook.com/Malayalivartha