പണമില്ലാ യാത്രയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നിയോഗ് കൃഷ്ണന്റെ സ്വപ്നത്തിനൊപ്പം മലയാളികളും
നിയോഗിലേക്ക് ആ യാത്രയെത്തിയത് ഒരു സ്വപ്നമെന്നതിലേറെ ഒരു നിയോഗം പോലെ ആയിരുന്നു. അവന് പോയേ മതിയാവുകയുള്ളൂ. ഫെയ്‌സ്ബുക്ക് 'സഞ്ചാരി' ഗ്രൂപ്പിലൂടെ തന്റെ യാത്രയുടെ ചെറുകുറിപ്പുകള്‍ ഇടയ്ക്കിടെ നിയോഗ് എഴുതി. 'റോഡ് റ്റു മാജിക്' എന്നൊരു ഫെയ്‌സ്ബുക്ക് പേജും തുടങ്ങി. ഇവയിലൂടെ നിയോഗിലേക്കെത്തിയത് ഒരുപാട് മലയാളികളാണ്.
സ്ഥലങ്ങള്‍ കാണുന്നതിനോ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനോ ആയിരുന്നില്ല നിയോഗ് യാത്രകള്‍ ആരംഭിച്ചത്. അയാള്‍ക്ക് അങ്ങനെയൊരു യാത്ര പോകണമായിരുന്നു.എപ്പോഴും യാത്രയില്‍ ആയിരിക്കണമായിരുന്നു. കൂടുതല്‍ അനുഭവങ്ങളുടെ ഭാഗമാകണമായിരുന്നു. തന്റെ ഗുരുനാഥന്‍ ഐ.വി.ശശി സാറിന്റെ നിര്യാണത്തെ തുടര്‍ന്ന് യാത്രകള്‍ക്ക് താത്കാലിക വിരാമമിട്ട് ഒക്ടോബര്‍ 24-ന് കേരളത്തിലേക്ക് തിരിക്കുമ്പോള്‍ 150 ദിവസങ്ങള്‍ പിന്നിട്ടിരുന്നു; ഒപ്പം 15-ഓളം സംസ്ഥാനങ്ങളും. എ.ടി.എം. കാര്‍ഡും പണവും ഉപയോഗിക്കാതെ നടത്തിയ ആ യാത്രകളെല്ലാം നിയോഗിന് പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും നല്‍കി.
നവംബര്‍ 28-ന് നിയോഗ് തന്റെ പുതിയ സ്വപ്നം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. Fjallraven നടത്തുന്ന ആര്‍ട്ടിക് പോളാര്‍ എക്‌സ്പഡിഷനില്‍ പങ്കെടുക്കാനുള്ള ആഗ്രഹം. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കാണ് അവസരം. 300 കി.മീ. നീളുന്ന ആര്‍ട്ടിക് വന്യതയിലൂടെ മൈനസ് 30 ഡിഗ്രി വരെ വരുന്ന അതിശൈത്യത്തില്‍ അതിസാഹസികമായൊരു യാത്ര. ഒരു സഞ്ചാരിക്കിത് സ്വപ്നയാത്രയാണ്. Fjallraven സ്ഥാപകനായ അകി നോര്‍ഡിയന്‍ 1990-കളില്‍ ആരംഭിച്ചതാണ് ഈ യാത്ര. തങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായും കമ്പനി ഈ യാത്ര ഉപയോഗപ്പെടുത്തുന്നു.
നിയോഗ് പേര്‍ രജിസ്റ്റര്‍ ചെയ്ത് തന്റെ ആഗ്രഹം പങ്കുവെച്ചതോടെ മലയാളികള്‍ നിയോഗിനായി ഒരുമിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നിയോഗിന്റെ സ്ഥാനം കുതിക്കാന്‍ തുടങ്ങി.(http://polar.fjallraven.com/contestant/?id=3054). രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ഒന്നാം സ്ഥാനത്തേക്ക് എത്തി. തൊട്ടുപിറകില്‍ പാകിസ്താനില്‍ നിന്നുള്ള മുഷാഹിദ്. വീണ്ടും സ്ഥാനം മാറിമറിഞ്ഞ് നിയോഗ് രണ്ടാം സ്ഥാനത്തേക്ക്.ഡിസംബര്‍ 14 വരെയാണ് വോട്ടിംഗ് സമയപരിധി. നിയോഗ് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അത് ഈ യാത്രയിലെ ആദ്യ ഇന്ത്യക്കാരന്‍ ആയിരിക്കും. ഈ പുനലൂരുകാരന്റെ സ്വപ്നത്തിനായി മലയാളികള്‍ ആഞ്ഞുപിടിക്കുകയാണ്. വരും ദിവസങ്ങളില്‍ മല്‍സരം കനക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിയോഗ് ഉണ്ടാകും. അത് അയാളുടെ സ്വപ്നങ്ങളുടെ കരുത്താണ്.
https://www.facebook.com/Malayalivartha