ഫെറോ ദ്വീപുകള്‍ അഥവാ ചെമ്മരിയാടുകളുടെ ദ്വീപുകള്‍
അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കായി ബ്രിട്ടന്‍, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന 18 ദ്വീപുകളാണു ഫെറോ. ഡെന്‍മാര്‍ക്കിന്റെ രണ്ടു കോളനികളില്‍ ഒന്നാണിത്. കോളനിയാണെങ്കിലും 1948 മുതല്‍ സ്വയംഭരണാവകാശമുണ്ട്. പ്രതിരോധം, വിദേശകാര്യം എന്നിവയെല്ലാം ഡെന്‍മാര്‍ക്ക് കൈകാര്യം ചെയ്യുന്നു.
1400 ച.കി.മീമാത്രം വിസ്‌തൃതിയുള്ള ഈ ചെറുരാജ്യത്ത് അരലക്ഷത്തോളം മാത്രമാണു ജനസംഖ്യ. തോര്‍ഷ്വന്‍ ആണു തലസ്ഥാനം. ഫെറോനീസ് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ നേതാവു കാജ് ലിയോ ജൊഹാനെന്‍സന്‍ ആണു പ്രധാനമന്ത്രി. കൂടാതെ ഡെന്‍മാര്‍ക്ക് രാജ്ഞി ഹൈക്കമ്മീഷണറായി ഒരാളെ നിയമിക്കുന്നുണ്ട്. ഫെറോനീസ് ക്രോണാണു കറന്‍സി.
എട്ടാം നൂറ്റാണ്ടില്‍ നോര്‍വീജിയന്‍ കാര്‍ കോളനിയാക്കിയ ഫെറോ ദ്വീപുകള്‍ 1035ല്‍ നോര്‍വേയുടെ ഭരണപ്രദേശമായി. 1380ല്‍ നോര്‍വേ ഇതു ഡെന്‍മാര്‍ക്കിനു വിട്ടുകൊടുത്തു. 1945ല്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍ ഫെറോ ദ്വീപിനെ സ്വതന്ത്രരാഷ്‌ട്രമായി പ്രഖ്യാപിച്ചെങ്കിലും നൂറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമി വിട്ടുകൊടുക്കാന്‍ ഡാനിഷ് രാജകുടുംബം തയ്യാറായില്ല. അങ്ങനെ തദ്ദേശഭരണ സംവിധാനങ്ങളെ പിരിച്ചുവിട്ടു ഡെന്‍മാര്‍ക്ക്, ഫെറോ ദ്വീപിനെ സമ്പൂര്‍ണമായി വച്ചനുഭവിക്കുന്നു. `ചെമ്മരിയാടുകളുടെ ദ്വീപ്' എന്നാണു ഫെറോയ്‌ക്ക് അര്‍ത്ഥം.
ഫറോയികള്‍, നോഴ്‌സുകള്‍, കെല്‍ട്ടുകള്‍ എന്നിവരും ഇവരുടെ സങ്കരസമൂഹവും ചേര്‍ന്നതാണു ജനങ്ങള്‍. ഫെറോവീസ്, ഡാനിഷ് ഭാഷകള്‍ ഒരുപോലെ ജനം സംസാരിക്കുന്നു. യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ ഇംഗ്ലീഷിനു വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. 84 ശതമാനത്തിലധികംപേര്‍ ഫെറോയിസ് പീപ്പിള്‍സ് ചര്‍ച്ച് എന്ന ലൂതറന്‍ സഭയില്‍ അംഗങ്ങളാണ്. ചില ചെറിയ പട്ടണങ്ങള്‍ മാത്രമാണു വ്യവസായവത്‌കൃതമായിട്ടുള്ളത്. അതുകൊണ്ടുതന്നെ മിക്ക ദ്വീപുകളും മുക്കുവ ഗ്രാമങ്ങളാണ്. ഫുഗ് ലോയി, സ്വിനോയ്, മൈകിന്‍സ് തുടങ്ങിയ ദ്വീപുകള്‍ അപൂര്‍വമായി മാത്രം രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ബന്ധപ്പെടുന്നു. നോര്‍വേ, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലെ ഗ്രാമസംസ്‌കാരങ്ങളുടെ സ്വാധീനം ഫെറോദ്വീപുകളിലും കാണാം. പഴയ നോഴ്‌സ്, ഐസ് ലന്‍ഡ് ഭാഷകള്‍ കൂടിച്ചേര്‍ന്നുണ്ടായതാണു ഫറോവീസ് ഭാഷ.
ആട്ടിറച്ചി, ഉരുളക്കിഴങ്ങ്, മത്സ്യം എന്നിവകൊണ്ടുണ്ടാക്കിയ വിഭവങ്ങളാണു ദ്വീപുകളിലെ പരമ്പരാഗത ഭക്ഷണം.
ഗ്രീന്‍ലാന്‍ഡിലേതിനു സമാനമായ നിയന്ത്രണങ്ങള്‍ ഡെന്‍മാര്‍ക്ക് ഇവിടെയും പുലര്‍ത്തുന്നു. ഡാനിഷ് രാജ്ഞിയുടെ പ്രതിനിധിയായ ഹൈക്കമ്മിഷണറാണു ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. ഡാനിഷ് രാജ്ഞിയാണു രാഷ്‌ട്രത്തലവി. പാര്‍ലമെണ്ടിന് ഒരു സഭ മാത്രം. 32 സീറ്റുകളിലേക്കും ജനകീയ വോട്ടെടുപ്പു നടക്കുന്നു. നാലുവര്‍ഷമാണു കാലാവധി. സഭാനേതാവു പ്രധാനമന്ത്രിയാകും. ഇദ്ദേഹമാണു സര്‍ക്കാര്‍തലവന്‍. ഡാനിഷ് പാര്‍ലമെണ്ടിലേക്കു രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്തയയ്‌ക്കാം.
18 ദ്വീപുകളുടെ കൂട്ടമാണു ഫെറോ. 1,117 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. `ലിറ്റ്‌ലഡിമം' എന്ന ദ്വീപില്‍ ജനവാസമില്ല. ചൂടുകുറഞ്ഞ വേനലും തണുപ്പുകുറഞ്ഞ ശൈത്യവുമാണു ശരാശരി കാലാവസ്ഥ. ശൈത്യകാലത്തു കൊടുങ്കാറ്റും പുകമഞ്ഞും സാധാരണമാണ്.
മീന്‍ കയറ്റുമതിയാണു പ്രധാന വരുമാനമാര്‍ഗം. ഡാനിഷ് ഗവണ്‍മെണ്ടിന്റെ സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. വിവരസാങ്കേതികവിദ്യയിലും മുന്നേറാന്‍ യത്‌നിക്കുന്നു. ഹൈസ്‌കൂള്‍ വിട്ടാല്‍ ചെറുപ്പക്കാര്‍ ഡെന്‍മാര്‍ക്കിലും മറ്റും ജോലിയന്വേഷിച്ചുപോകുന്നതും പതിവാണ്.
ഒമ്പതാം നൂറ്റാണ്ടില്‍ ഹാരള്‍ഡ് രാജാവിന്റെ വെറുപ്പു നേടി നോര്‍വേയില്‍നിന്നു കുടിയേറി വന്നവരാണു ഫെറോയിലെ ആദ്യകാല കോളനിസ്ഥാപകര്‍ എന്ന് അനുമാനിക്കപ്പെടുന്നു. പിന്നീട് ഈ ദ്വീപുകള്‍ നോര്‍വേയുടെ ഔദ്യോഗിക കോളനിയായി. 1380ല്‍ നോര്‍വേ-ഡെന്‍മാര്‍ക്ക് യൂണിയന്‍ രൂപവത്‌കരിക്കപ്പെട്ടപ്പോള്‍ അതിന്റെ നിയന്ത്രണത്തിലായി. 1814ലെ കീല്‍ ഉടമ്പടിയെ തുടര്‍ന്നു ഡെന്‍മാര്‍ക്കിന്റെ മാത്രം ഭാഗമായി. രണ്ടാം ലോകമഹായുദ്ധവേളയില്‍ ജര്‍മനി ഡെന്‍മാര്‍ക്കിലേക്ക് ഇരച്ചുകയറിയേപ്പാള്‍ ബ്രിട്ടീഷ്‌സൈന്യം അനായാസം ഫെറോ കീഴടക്കി. യുദ്ധാനന്തരം ഡെന്‍മാര്‍ക്കിനു കൈമാറി.
https://www.facebook.com/Malayalivartha