സലാലയിലെ മഴക്കാഴ്‌ചകള്‍ തേടി സന്ദര്‍ശക പ്രവാഹം
മഴക്കാലം തുള്ളിത്തിമര്‍ക്കുന്ന സലാലയില്‍ കാഴ്‌ചകളുടെ കുളിര്‍മ തേടി ഇന്ത്യയില്‍ നിന്നടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരും ചൂടില്‍ നിന്ന് ആശ്വാസം തേടി ഇവിടെ എത്തുന്നുണ്ട്. ഇതിലേറെയും മലയാളികളാണ്. പച്ചപുതച്ച സലാലയില്‍ ഭക്ഷണമുള്‍പ്പെടെ സകലതും ഇന്ത്യന്‍മയം.
നാഷനല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍സിഎസ്‌ഐ) റിപ്പോര്‍ട്ട് അനുസരിച്ച് ഈ സീസണില്‍ ജൂലൈ 29 വരെ 74,100 സന്ദര്‍ശകരെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 60,000 ആയിരുന്നു. ഹോട്ടലുകളിലും മറ്റു താമസകേന്ദ്രങ്ങളിലും വന്‍ തിരക്കനുഭവപ്പെടുന്നു. മലയോരങ്ങളിലെ തടാകങ്ങളും കാട്ടുപൂക്കള്‍ നിറഞ്ഞ മലകളും തകര്‍ത്തുപെയ്യുന്ന മഴയും മഞ്ഞും ഗള്‍ഫിലെ ഈ കേരളത്തിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
പരമ്പരാഗത രീതിയിലുള്ള കെട്ടിടങ്ങള്‍ അതേരീതിയില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്ന രാജ്യമാണ് ഒമാന്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനില്‍ എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുകയാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പേരും റോഡുമാര്‍ഗമാണ് എത്തുന്നത്. ഗ്രാമീണറോഡുകളിലൂടെയുള്ള യാത്ര ഏവരും ഇഷ്‌ടപ്പെടുന്നു.
ട്രാവല്‍ ഏജന്‍സികള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ഒമാന്‍ എയര്‍ മസ്‌കറ്റ്-സലാല സര്‍വീസുകള്‍ കൂട്ടി. ആഴ്‌ചയില്‍ 52 സര്‍വീസുകള്‍ ഉണ്ടായിരുന്നത് 84 ആക്കി. അടുത്തമാസം പകുതിവരെയാണിത്. ഗ്രാമീണ വിഭവങ്ങള്‍ കഴിക്കാനും കരകൗശലവസ്‌തുക്കള്‍ വാങ്ങാനും സലാല അവസരമൊരുക്കുന്നു. കേരളീയ രീതിയിലുള്ള കുട്ടകള്‍, മുറം, ചട്ടി, വട്ടി തുടങ്ങിയവ ലഭ്യമാണ്.
ചന്തകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും പുതുമയോടെ ഈന്തപ്പഴങ്ങളും ഈന്തപ്പഴ സിറപ്പും കപ്പയും കാച്ചിലും പച്ചക്കറിയുമെല്ലാം വാങ്ങാനാകും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‌ദിന്റെ ജന്മദേശം കൂടിയായ സലാലയില്‍ ഒട്ടേറെ പൈതൃകപദ്ധതികളുണ്ട്. തടാകങ്ങളും വാദികളും മുനമ്പുകളും മലയോരങ്ങളുമെല്ലാം പ്രകൃതിഭംഗിക്കു ഭംഗം വരാതെ സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
വാദി ദര്‍ബാത്, മിര്‍ബാത്, ജബല്‍ സമ്‌ഹാന്‍, അല്‍ ഫസായെ ബീച്ച്, സൂഖ് അല്‍ ഹഫ തുടങ്ങിയവ സഞ്ചാരികള്‍ ഏറെ ഇഷ്‌ടപ്പെടുന്നു. അതേസമയം വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് പാരിസ്‌ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. വാദികളിലെ വെള്ളം മലിനമാകുന്നതിനു പുറമേ ഒഴിഞ്ഞ പ്ലാസ്‌റ്റിക് കുപ്പികളും കവറുകളും തീരത്ത് ചിതറിക്കിടക്കുന്നു. പാതയോരങ്ങളിലും മാലിന്യം നിറഞ്ഞു. ശബ്‌ദമലിനീകരണമുള്ളതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha