അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടം; ബാലി
നീലക്കടലിന്റെ അനന്തതയ്ക്കപ്പുറം ഒരു പച്ചപ്പൊട്ടുപോലെ തെളിഞ്ഞു വരും കടലോരത്തു തന്നെയുള്ള നഗുരാ റായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഥവാ ബാലി അന്താരാഷ്ട്ര വിമാനത്താവളം. 1000 മീറ്ററോളം കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന റണ്‍വേയിലേക്ക് വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കടലിലേക്ക് നീലപ്പൊന്മാന്‍ ഊളിയിടുകയാണെന്ന് തോന്നും. അപൂര്‍വ്വസുന്ദരമായ കാഴ്ചയാണത്. ബാലിയാത്ര അവിസ്മരണീയമാക്കുന്ന ലാന്‍ഡിംഗ്.
അത്ര വലിയ വിമാനത്താവളമല്ല ബാലിയിലേത്. എന്നാല്‍ 2013-ല്‍ നവീകരിച്ചതോടെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഇവിടെയുമുണ്ട്. ബാലിയിലെ പ്രധാനനഗരവും തലസ്ഥാനവുമായ ഡെന്‍പസാറിലാണ് ഈ വിമാനത്താവളം. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യക്കാര്‍ക്കും സൗജന്യവിസയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ അധികം പണിപ്പെടേണ്ടിവരില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇമിഗ്രേഷന്‍ നടപടികള്‍ക്കും അധികസമയം ചുറ്റിത്തിരിയേണ്ടിവരില്ല. എല്ലാം അരമണിക്കൂര്‍ കൊണ്ട് കഴിയും.
ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡോനീഷ്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗം എത്തിയ സന്ന്യാസിമാരാണ് ബാലിയില്‍ ഹിന്ദുമതത്തിന്റെ പ്രചാരകരെന്ന് കരുതുന്നു.
പരമ്പരാഗതമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബാലിക്കാര്‍. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോള്‍ ബാലിയിലെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നു.
വിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, കുന്നുകളും പര്‍വ്വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും, ഇനിയും നാഗരികതയുടെ മഴുവിന് ഇരയാകാത്ത മഴക്കാടുകള്‍, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സമ്പന്നമായ സംസ്‌കാരം. ബാലി വിനോദസഞ്ചാരികള്‍ക്ക് പറുദീസയാകുന്നു. ഏതുതരക്കാര്‍ക്കും അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര നടത്താനാണ് പ്‌ളാനെങ്കില്‍ അതിന് പറ്റിയ വിദേശനാടുകളിലൊന്നാണ് ബാലി.
മറ്റൊരു കൗതുകം ബാലിയിലെ ഔദ്യോഗിക കറന്‍സിയായ റുപ്പയ ആണ്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 200 ഇന്‍ഡൊനീഷ്യന്‍ റുപ്പയ കിട്ടും. 500 രൂപയുമായാണ് നിങ്ങള്‍ ബാലിയിലെത്തുന്നതെങ്കില്‍ നിങ്ങള്‍ അവിടത്തെ കറന്‍സിയനുസരിച്ച് ലക്ഷാധിപതിയായി. 5000 രൂപ കീശയിലുണ്ടെങ്കില്‍ കോടീശ്വരന്‍! വിനിമയത്തിലെ ഈ മൂല്യത്തകര്‍ച്ച പക്ഷേ, ചെലവില്‍ പ്രതിഫലിക്കുമെന്നു കരുതിയാല്‍ തെറ്റി. ഒരു സാധാരണ ഹോട്ടലില്‍ നിന്ന് നന്നായി ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ലക്ഷം റുപ്പിയെങ്കിലും കൈയില്‍ നിന്ന് ചെലവാകും. അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കരുതല്‍ അനിവാര്യം.
അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ധാരാളം മതി. ബാലിക്കാര്‍ പൊതുവേ വലിയ തിരക്കൊന്നും പ്രകടിപ്പിക്കാത്തവരാണ്. ചിലപ്പോള്‍ വഴിചോദിച്ചാല്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ അവര്‍ മടങ്ങൂ. കറന്‍സി മാറ്റുന്നത് കേരളത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളര്‍ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യന്‍ രൂപ മാറ്റിക്കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും.
ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തില്‍ കണ്ടുവരുന്ന സസ്യജാലങ്ങള്‍ എല്ലായിടത്തും കാണാം. പൂച്ചെടികള്‍ വളര്‍്ത്തുന്ന നഴ്‌സറി ബാലിയില്‍ വലിയ ബിസിനസ് തന്നെയാണ്. ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങള്‍.കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയൊരു പാറക്കൂട്ടത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പ്രാചീനക്ഷേത്രമാണ് ടാനാ ലോട്ട്. ബാലിയുടെ പ്രതീകമെന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത്. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും.
ബാലിയുടെ തലസ്ഥാനനഗരമായ ഡെന്‍പസാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. നൂറ്റാണ്ടുകളുടെ തിരയടി പാറക്കൂട്ടങ്ങളില്‍ തീര്‍ത്ത അടയാളങ്ങള്‍ ഇവിടത്തെ മറ്റൊരു കാഴ്ച. വേലിയിറക്കമുള്ളപ്പോള്‍ ക്ഷേത്രത്തിലേക്ക് കടലോരത്തുനിന്ന് നടന്നു പോകാം. വേലിയേറ്റമുള്ളപ്പോള്‍ വഞ്ചിയെ ആശ്രയിക്കണം. ബെരാട്ടണ്‍ തടാകത്തില്‍ ആകര്‍ഷകമായ രീതിയില്‍ ് നിര്‍മിച്ചിട്ടുള്ള ക്ഷേത്രവും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പഞ്ചാരമണലുള്ള കടലോരങ്ങളാല്‍ സമ്പന്നമാണ് ഈ നാട്. കടലിലാകട്ടെ തെളിനീല ജലം. പശ്ചാത്തലമൊരുക്കുന്നത് ഹരിതാഭമായ തെങ്ങിന്തോപ്പുകളും മഴക്കാടുകളും പനങ്കാടുകളുമൊക്കെ.
മിക്കയിടത്തും വെള്ളത്തിലേക്ക് കണ്ണുനട്ടാല്‍ കടലിന്റെ അടിത്തട്ട് കാണാനാകും. കടലിനടിയിലേക്ക് ഊളിയിടാനും അടിത്തട്ടിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കണ്‍കുളിര്‍ക്കെ കാണാനും മിക്ക ബീച്ചുകളിലും സ്‌കൂബാ ഡൈവിങ്ങും സ്‌നോര്‍ ്ക്കലിങ്ങുമൊക്കെയുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇതിനൊക്കെ. കുട്ട ബീച്ചാണ് ബാലിയില് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കന്‍ഗു, ജിംബാരണ്‍്, നുസ ദുവ, സാനുര്‍ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങള്‍്. തിരക്ക് ആഗ്രഹിക്കാത്തവരാണെങ്കില്‍ വിനോദസഞ്ചാരികള്‍ അധികമെത്താത്ത അതിമനോഹരങ്ങളായ വേറെയും ബീച്ചുകളുണ്ട്.
അഗ്‌നിപര്‍വ്വതങ്ങളുടെ നാടാണ് ബാലി. ഇതില്‍ രണ്ടെണ്ണം ഇപ്പോഴും സജീവം; മൗണ്ട് അഗുംഗ്, മൗണ്ട് ബാടുര്‍ എന്നിവ. മൗണ്ട് അഗുംഗ്, ആണ് ബാലിയിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതം. 1963-64 ലാണ് അവസാനമായി പൊട്ടിയൊഴുകിയത്. ആയിരത്തി അറന്നൂറോളം പേര്‍ കൊല്ലപ്പെട്ടു, പതിനായിരങ്ങള്‍ ഭവനരഹിതരായി. അന്ന് മൗണ്ട് അഗുംഗില്‍ വലിയൊരു വിള്ളലും രൂപപ്പെട്ടു. നെടുകെ പിളര്‍്‌ന്നൊരു പര്‍വ്വതശിഖരം, എന്നാല്‍ ് ദൂരക്കാഴ്ചയില്‍ ഇപ്പോഴും കോണാകൃതിയിലാണ് മൗണ്ട് അഗുംഗ്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പുകയുന്നതും ആളുകളെ മാറ്റിപ്പാര്‍്പ്പിക്കുന്നതുമൊക്കെ പതിവ്. മൗണ്ട് ബാടുറും രണ്ടുമൂന്നു വര്‍ഷം കൂടുമ്പോള്‍ പുകയുന്നത് പതിവാണെന്ന് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു. അഗ്‌നിപര്‍വ്വതസന്ദര്‍ശനം ബാലിയിലെ ടൂര്‍ചാര്‍ട്ടില്‍ പ്രധാനപ്പെട്ടതാണ്.
എട്ടു മണിക്കൂര്‍ വിമാനയാത്രയുണ്ട് കേരളത്തില്‍ നിന്ന് ബാലിയിലേക്ക്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നും വിമാനസര്‍വ്വീസുകള്‍. ഇന്‍ഡൊനീഷ്യയിലെ ലയണ്‍ ഗ്രൂപ്പിന് കീഴിലുള്ള മലിന്‍്‌ഡോ എയറാണ് സര്‍വ്വീസ് നടത്തുന്നത്. ട്രിച്ചി, മുംബൈ, ഡല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളില്‍ നിന്നും അവര്‍ ബാലിയിലേക്ക് സര്‍വ്വീസ് നടത്തുന്നു. ലയണ്‍ ഗ്രൂപ്പിന്റെ തന്നെ ബാതിക് എയര്‍ ചെന്നൈയില്‍ നിന്നും ബാലിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
ബാലി യാത്രയില്‍ കണ്ടിരിക്കേണ്ട 10 പ്രധാനകേന്ദ്രങ്ങള്‍ 1. കുട്ട ബീച്ച്: ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രം. അസ്തമയവേള കണ്ണഞ്ചിപ്പിക്കുന്നത്. രാത്രിവിരുന്നിന് പ്രശസ്തം
2. ടാനാ ലോട്ട്: ബാലിയുടെ പ്രതീകമെന്ന് വിശേഷണമുള്ള പൗരാണിക ക്ഷേത്രം. കടലില്‍ രൂപപ്പെട്ട പാറക്കെട്ടിനു മുകളിലാണ് ആരാധനാലയം
3. ഉബൂദ്: ബാലിയിലെ പ്രധാനകൃഷിയിടങ്ങളിലൊന്ന്. വിശാലമായ വയല്‍പ്പരപ്പുകളും തോട്ടങ്ങളും നിറഞ്ഞ പ്രകൃതിസുന്ദരമായ മേഖല
4 . കോപ്പി ലുവാക് പ്ലാന്റേഷന്‍: വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു തീറ്റിച്ച്, കാഷ്ഠത്തില്‍ നിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു സംസ്‌കരിച്ചെടുത്ത് നിര്‍മിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്. പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഈ കാപ്പിക്ക് പൊന്നുംവിലയാണ്. ഈ കാപ്പി നിര്‍്മിക്കുന്ന തോട്ടങ്ങള്‍ വിനോദസഞ്ചാരികളുടെ പതിവുസന്ദര്‍ശനകേന്ദ്രം.
5. സെകുംപുള്‍ വെള്ളച്ചാട്ടം: കാടിന് നടുവിലൊരു വെള്ളച്ചാട്ടം. വന്യഭംഗിക്കൊപ്പം കുത്തിയൊഴുകിയെത്തുന്ന അരുവിയുടെ കണ്‍കവരുന്ന കാഴ്ചയും. ട്രെക്കിംഗ് പ്രിയര്‍ക്ക് അനുയോജ്യം.
6. മൗണ്ട് ബാടുര്‍: ബാലിയിലെ സജീവമായ അഗ്‌നിപര്‍വ്വതം. പശ്ചാത്തലമായി നാടകീയമായ ഭൂപ്രകൃതിയും
7. ഉലുവത്ത് ടെംപിള്‍ (പുര ലുഹര്‍): കുന്നിന്മുകളിലെ ചുണ്ണാമ്പുപാറയിലൊരു ക്ഷേത്രം. മറുഭാഗത്ത് കടലും. അവിസ്മരണീയ കാഴ്ച
8. അഗുംഗ് റായ് മ്യൂസിയം ഓഫ് ആര്‍ട്ട്: ബാലിയുടെ സാംസ്‌കാരിക, കലാപാരമ്പര്യം അവതരിപ്പിക്കുന്ന കാഴ്ചബംഗ്ലാവ്്
9. സേക്രഡ് മങ്കി ഫോറസ്റ്റ്: വിവിധ ജനുസ്സുകളില്‍പ്പെട്ട കുരങ്ങന്മാര്‍ അധിവസിക്കുന്ന കേന്ദ്രം. കടന്നാക്രമണത്തിന് ഇരയായിട്ടില്ലാത്ത മഴക്കാടിന്റെ ഭംഗിയും പ്രധാനം
10. തീര്‍ഥഗംഗ വാട്ടര്‍ പാലസ്: ബാലിയിലെ പഴയ രാജകൊട്ടാരങ്ങളിലൊന്ന്. കുളങ്ങളും ജലധാരകളും ശില്പങ്ങളും നിറഞ്ഞ സമുച്ചയം
https://www.facebook.com/Malayalivartha