സഞ്ചാരികളെ കൊതിപ്പിക്കുന്ന മനോഹര കാഴ്ചകളുമായി ഇരുണ്ട ഭൂഖണ്ഡത്തില്‍ ഒരു വലിയ കാട്
രസകരമായ കാഴ്ചകള്‍ തിരഞ്ഞ് നാം ഇന്ത്യക്ക് പുറത്തേയ്ക്ക് സഞ്ചാര മോഹവുമായി പോകാറുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലേക്ക് ഒരു യാത്ര എന്ന രീതിയില്‍ നമ്മുടെ ചിന്തകള്‍ സഞ്ചരിക്കാറേയില്ല. എന്നാല്‍ സഞ്ചാരികളെ കൊതിപ്പിക്കുന്ന എത്രയോ കാഴ്ചകള്‍ അവിടെയുണ്ടെന്നോ! അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രുഗര്‍ ദേശീയ ഉദ്യാനം. 19,485 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന മനോഹരമായ ഉദ്യാനമാണിത്. ആഫ്രിക്കയിലെ ഏറ്റവും വലിയ റിസേര്‍വ് വനമാണ് ക്രൂഗര്‍ ഉദ്യാനം.
സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ ഉദ്യാനം.ആഫ്രിക്കയുടെ മുഴുവന്‍ കാനന ഭംഗിയും വന്യ മൃഗ സമ്പത്തും ഇവിടെ വരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.സാഹസികതയുടെ ഇടമായതുകൊണ്ടു ക്രുഗര്‍ പാര്‍ക്ക് സഫാരിയും ഇവിടെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. വലിപ്പമേറിയ കാടായതിനാല്‍ ഇതിനുള്ളിലുള്ള നിരവധി വന്യ ജീവികള്‍ക്ക് സൈ്വര്യ വിഹാരം നടത്താനുള്ള യഥേഷ്ടം സ്ഥലസൗകര്യമുണ്ട്. ജംഗിള്‍ സഫാരിയിലൂടെ ആ കാഴ്ച യാത്രികര്‍ക്ക് ആസ്വദിക്കുകയും ചെയ്യാം.
147 തരം സസ്തനികള്‍, 114 തരം ഉരഗങ്ങള്‍, 507 ഓളം പക്ഷി വര്‍ഗ്ഗങ്ങള്‍, 34 തരം ഉഭയ ജീവികള്‍, 336 തരം മരത്തില്‍ ജീവിക്കുന്ന ഇനത്തില്‍പെട്ട ജീവികള്‍ എന്നിവ ഉണ്ടെന്നു പറയുമ്പോള്‍ ഈ വിശാലമായ ക്രൂഗര്‍ ഉദ്യാനത്തിന്റെ മഹനീയത എത്രയുണ്ടെന്ന് ഊഹിക്കാം. 1926-ല്‍ ആണ് ഈ പ്രദേശം നാഷണല്‍ പാര്‍ക്കായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്റെ ആദിമ രൂപമായ ഹോമോഇറക്റ്റസ് ഈ വന ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പണ്ട് ഈ കാട്ടില്‍ മൃഗ വേട്ടയുണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും വംശനാശ ഭീഷണയും നിമിത്തം ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ വന്യ മൃഗ വേട്ട നിരോധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഈ കാട് സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. വ്യത്യസ്തമായ പല സഫാരികളും ഇവിടെ യാത്രികര്‍ക്ക് ആസ്വദിക്കാം. കാട്ടിലും വ്യത്യസ്ത ജീവി വിഭാഗത്തില്‍ പെട്ട വന്യ മൃഗങ്ങള്‍ക്കുമിടയില്‍ സമയവും വിനിയോഗിക്കാം.
തുറന്ന വാഹനത്തിലും, നടന്നും ഇവിടുത്തെ വന കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. സൂര്യ അസ്തമയ സമയത്തുള്ള സണ്‍ സെറ്റ് ഡ്രൈവും ഇവിടെ ഉണ്ട്. മൂന്നു തരം സഫാരികളാണ് ഇവിടെ ക്രൂഗര്‍ അധികൃതര്‍ അനുവദിച്ചിരിക്കുന്നത്. ബഡ്ജറ്റ് ക്രൂഗര്‍ സഫാരി;അതായത് ക്രൂഗറിലെ കാഴ്ചകള്‍ എല്ലാമൊന്നും ആസ്വദിക്കേണ്ടതില്ല, പക്ഷെ കാടിനോട് അത്രയടുത്തു പെരുമാറാന്‍ ഇഷ്ടവുമാണെങ്കില്‍ ഈ യാത്രാ മാര്‍ഗ്ഗം തിരഞ്ഞെടുക്കാം. കാടിന്റെ പച്ച മണവും ആസ്വദിച്ച് സഫാരിയുടെ ടെന്റുകളില്‍ കൂടുകയുമാകാം. ആഫ്രിക്കന്‍ കാടുകളില്‍ ഒരു രാത്രി ആസ്വദിച്ചു കിടന്നുറങ്ങുക! എത്ര വ്യത്യസ്തമായ അനുഭവമായിരിക്കുമത്! ഒരു പാട് പണം മുടക്കുള്ള സഫാരിയല്ല ഇത്. കാട് മുഴുവന്‍ കറങ്ങുക എന്നതിനപ്പുറം പറ്റുന്നത് പോലെ കാടിനെ അടുത്തറിയണം എന്നതാണ് ഈ സഫാരി കൊണ്ട് ഉദ്ദേശിക്കുന്നത്. സണ്‍ സെറ്റ് ഡ്രൈവ്, രുചികരമായ സ്റ്റാര്‍ ഭക്ഷണം, ക്യാമ്പ് ഫെയറുകള്‍ എന്നിവ ഈ സഫാരിയുടെ മറ്റു പ്രത്യേകതകളാണ്.
ക്ലാസ്സിക് ക്രൂഗര്‍ സഫാരിയില്‍ പേര് ഉദ്ദേശിക്കുന്നതു പോലെ തന്നെ യാത്രയ്ക്ക് ഒരു കഌസ്സിക് സ്വഭാവം ഉള്ള സഫാരിയാണിത്. ബഡ്ജറ്റ് സഫാരിയും കഌസ്സിക് സഫാരിയും തമ്മിലുള്ള പ്രധാന വ്യത്യാസം അവ നിങ്ങള്‍ക്കായി ഒരുക്കുന്ന താമസ സൗകര്യം തന്നെയാണ്. ബഡ്ജറ്റ് സഫാരിയില്‍ ഉപയോഗിക്കുന്ന തരം പോലെ ടെന്റുകളല്ല കഌസ്സിക് സഫാരി വാഗ്ദാനം ചെയ്യുന്നത്. മനോഹരമായ ഒരു ചെറിയ കുടിലിലാണ് നിങ്ങള്‍ക്ക് താമസമൊരുക്കുന്നത്. ഇവിടെ നിങ്ങള്‍ക്കായി അത്യാവശ്യം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രിഡ്ജ്, എയര്‍ കണ്ടീഷന്‍ എന്നീ സൗകര്യങ്ങള്‍ ഇതിലുണ്ട്. രാവിലെയും രാത്രിയിലുമുള്ള ഉദയഅസ്തമയ ഡ്രൈവുകള്‍, രാത്രിയിലെ വൈന്‍ രുചിക്കുന്ന ക്യാമ്പ് ഫെയറുകള്‍, അഞ്ചു ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നുണ്ടെങ്കില്‍ കാട്ടിലേക്കുള്ള നടത്തം,എന്നിവ കഌസ്സിക് സഫാരി നല്‍കുന്നുണ്ട്. എത്ര ദിവസം കാട്ടില്‍ വേണമെന്നുള്ളത് യാത്രികര്‍ക്ക് തീരുമാനിക്കാം.
കോമ്പോ ക്രൂഗര്‍ സഫാരി- ആഴത്തിലുള്ള കാടിന്റെ ഭംഗിയും ദേശീയ ഉദ്യാനത്തിന്റെ ലാഘവത്വവും ഒന്നിച്ചു ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള മാര്‍ഗ്ഗമാണിത്. കാടിന്റെ ഉള്ളിലെ വന്യ ജൈവിക ലോകത്തേക്കുള്ള കാഴ്ചകളും പുറമെ ഉദ്യാനത്തിന്റെ ദൃശ്യഭംഗിയും ഇതില്‍ ഒന്നിച്ച് ആസ്വദിക്കാം. കാട്ടിലോ അതോ ഉദ്യാനത്തിലോ എവിടെയാണ് കൂടുതല്‍ സമയം വിനിയോഗിക്കേണ്ടതെന്നും സഞ്ചാരികളുടെ സ്വന്തം തീരുമാനമാണ്. വളരെയധികം സൗകര്യമുള്ള ഒരു കുഞ്ഞു വീടാണ് ഈ സഫാരിയില്‍ യാത്രികര്‍ക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. കാടിന്റെ ഉള്ളിലെ കാഴ്ച അത്ര നിസ്സാരമല്ല, നൂറിലധികം ഇനം പക്ഷികളുള്‍പ്പെടെയുള്ള വന്യ ജീവികാജാലം ഹൃദയം കവരും.
പക്ഷി നിരീക്ഷണം, ഗോള്‍ഫ് കളിയ്ക്കാനുള്ള സൗകര്യം, കാടിന്റെ ഉള്ളിലൂടെയുള്ള നടത്തം, വ്യത്യസ്ത തരം വാഹനത്തില്‍ ഉള്ള കാട് സന്ദര്‍ശനം എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. അനുഭവസ്ഥരായ ഗൈഡുകളുടെ സഹായത്തോടെയാണ് കാട്ടിലേക്കുള്ള നടത്തം അനുവദിക്കപ്പെട്ടിരിക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയെ കുറിച്ചും അവിടുത്തെ മൃഗങ്ങളുടെയും മരങ്ങളുടെയും വരെ പ്രത്യേകതകളെ കുറിച്ചും അവര്‍ സഞ്ചാരികള്‍ക്ക് നന്നായി പറഞ്ഞു കൊടുക്കും. ഇരുനൂറിലധികം ഇനത്തില്‍ പെട്ട പക്ഷികള്‍ ഉള്ളതുകൊണ്ട് പക്ഷി നിരീക്ഷകരായ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ് ക്രൂഗര്‍ കാടുകള്‍.
ഒപ്പം മികച്ച വന്യജീവി ഫോട്ടോഗ്രാഫേഴ്‌സിനും ഈ കാടുകള്‍ ഏറെ പ്രിയം തന്നെ. സ്വന്തമായി ഡ്രൈവ് ചെയ്യാനും ആവശ്യമുണ്ടെങ്കില്‍ ഡ്രൈവറെ ഉപയോഗിച്ച് സഞ്ചരിക്കാനും ഇവിടെ അനുവാദമുണ്ട്, പക്ഷെ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ ആയിരിക്കണമെന്ന് മാത്രം. കാട്ടില്‍ കയറുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന വാഹനത്തെ വിട്ടു ഏറെ ദൂരമൊന്നും പുറത്തേയ്ക്ക് പോകരുത്, അതുപോലെ വന്യ മൃഗങ്ങളെ യാതൊരു വിധത്തിലും പ്രകോപിപ്പിക്കാനും പാടില്ല എന്നുള്ളതാണ്. വാഹനത്തില്‍ ഇന്ധനം ആവശ്യത്തിന് എപ്പോഴും കരുതേണ്ടതുണ്ട്. സാധനങ്ങള്‍ മോഷ്ടിച്ച് കൊണ്ട് പോകുന്ന കുരങ്ങന്മാരെ ശ്രദ്ധിക്കുക. ഇത്രയുമൊക്കെ സൂക്ഷിച്ചു അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശവും പാലിക്കുകയാണെങ്കില്‍ അതിമനോഹരമായ ഒരു കാടിന്റെ അനുഭവം ഈ ക്രൂഗര്‍ യാത്ര ഉറപ്പു തരും.
https://www.facebook.com/Malayalivartha