ജീവിതത്തിന്റെ സ്മൃതിശേഖരത്തിലെ നിധി; ദക്ഷിണാഫ്രിക്കന്‍ സ്വര്‍ണഖനികളിലേക്കുള്ള യാത്ര
ജോഹന്നാസ് ബര്‍ഗിന് അടുത്തുള്ള ഗോള്‍ഡ് റീഫ് സിറ്റിയിലെ സ്വര്‍ണഖനിയിലെത്തിയാല്‍ ധരിക്കാന്‍ ഹെല്‍മെറ്റും നാലുപേര്‍ക്ക് ഒരു ടോര്‍ച്ച് എന്ന കണക്കില്‍ ടോര്‍ച്ചും നല്‍കും. ലിഫ്റ്റിലാണ് ഭൂമിക്കടിയിലേക്ക് പോവുന്നത്. ഇരുളിന്റെ ഗുഹയിലൂടെ, ഇരുളില്‍ നിന്ന് ഇരുളിലേക്കാണ് സഞ്ചാരം. ഖനിയുടെ ഫസ്റ്റ് പോക്കറ്റ് വരെയേ കൊണ്ടുപോവൂ. അതിലും താഴെയായി നാല് പോക്കറ്റുകള്‍ ഉണ്ട്. ഏതാണ്ട് നാലുകിലോമീറ്റര്‍ ആഴത്തില്‍ വരെ ആ ലിഫ്റ്റ് പോവുമെന്നറിയുമ്പോള്‍ ആശ്ചര്യപ്പെട്ടുപോകും.
ഗൈഡ് എല്ലാം വിവരിച്ച് കൂടെയുണ്ടാകും. അവിടെ എത്തുമ്പോള്‍ എല്ലാ കണ്ണുകളും തിരയുന്നത് മഞ്ഞലോഹത്തിന്റെ മാസ്മരികതയാണ്. എവിടെയാണ് സ്വര്‍ണം? എന്നാല്‍ കാണുന്നത് മുഴുവന്‍ നല്ല കട്ടിക്കരിങ്കല്ല്. കരിങ്കല്ലില്‍ തന്നെ ചില കറുത്തപൊട്ടുകളൊക്കെയുള്ളൊരു സ്ഥലം എത്തുമ്പോള്‍ ഗൈഡ് ചൂണ്ടിക്കാട്ടിത്തരും, ഇതാ ഇതാണ് സ്വര്‍ണമടങ്ങിയ സ്ഥലം. ഇത് പൊട്ടിച്ചെടുത്ത് മുകളിലെത്തിക്കും. പിന്നെയും കുറേ പ്രക്രിയകളിലൂടെയേ ഇത് നമ്മളണിയുന്ന സ്വര്‍ണമായി മാറൂ.
എങ്ങനെയാണ് പാറ പൊട്ടിച്ചെടുക്കുന്നത്, ഖനിയിലെ സൂപ്പര്‍വൈസര്‍ ഇരിക്കുന്നതെവിടെയാണ്, ഖനിയപകടം നടന്നാലുള്ള പ്രഥമശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനങ്ങളെന്തൊക്കെയാണ്, എല്ലാം സ്റ്റില്‍ മോഡലുകളായി ഖനിക്കുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഖനിയില്‍ നിന്നും പൊട്ടിച്ചെടുക്കുന്ന പാറക്കല്ലുകള്‍ മുകളിലേക്ക് കൊണ്ടുപോകാനുള്ള റെയിലും കാണാം.
മേലെ ബന്തവസ്സായി അടച്ചിട്ടിരിക്കുന്ന ഒരു ഹാളില്‍ എത്തിയാല്‍ അവിടെ സ്വര്‍ണം ഉരുക്കിയെടുത്ത് വലിയ കട്ടകളാക്കി മാറ്റുന്ന പ്രക്രിയ കാണാം. വലിയ ചൂടില്‍ ഉരുക്കി അച്ചിലേക്ക് ഒഴിക്കുന്നതും അത് അവസാനം കട്ടയാവുന്നതുമെല്ലാം കാണിക്കും. ചൂടിനെ പ്രതിരോധിക്കുന്ന കോട്ടിനും ഹെല്‍മെറ്റിനും പുറമെ നീളമേറിയ കൊടിലും ഉപയോഗിച്ചാണ് ചൂളയില്‍ നിന്ന് ഉരുക്കിയ സ്വര്‍ണത്തിന്റെ പാത്രം പുറത്തെടുക്കുന്നതും അച്ചിലേക്ക് ഒഴിക്കുന്നതും എല്ലാം. കട്ട എടുത്തോണ്ടുപോവാന്‍ ആരും ശ്രമിക്കരുതെന്നവിടെ പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്. വേണമെങ്കില്‍ കട്ടയ്ക്കൊപ്പം ഒരു സെല്‍ഫി എടുക്കാം. പുറത്ത് പഴയ കാലത്ത് സ്വര്‍ണം കൊണ്ടുപോകാനുപയോഗിച്ച തീവണ്ടികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വലിയ സേഫോടുകൂടിയ കംപാര്‍ട്ട്‌മെന്റുകള്‍, ആവി എഞ്ചിന്‍, എല്ലാം പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും.
ജോഹന്നാസ് ബര്‍ഗ് തരിശുനിലങ്ങളെപ്പോലെ കിടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 1886-ലാണ് ഇവിടെ സ്വര്‍ണനിക്ഷേപം കണ്ടെത്തുന്നത്. 90 കൊല്ലം കൊണ്ട് 1.4 ദശലക്ഷം കിലോ സ്വര്‍ണമാണ് ഇവിടെ നിന്നും കുഴിച്ചെടുത്ത് ശുദ്ധീകരിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് അത് വലിയ സംഭാവന തന്നെയായിരുന്നു. അന്ന് തന്നെ 30000 തൊഴിലാളികള്‍ അവിടെ ജോലിചെയ്തിരുന്നു. ഖനനം തുടങ്ങിയതോടെ ആ നഗരം വളരുകയായിരുന്നു. പലനാടുകളിലല്‍ നിന്നുള്ളവര്‍ തൊഴിലാളികളായും കച്ചവടക്കാരായും ഇപ്പോഴും അവിടെയെത്തുന്നു.
തീവണ്ടിപ്പാത മുതല്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും വികസിച്ചുവരുന്നു. അടിമത്വത്തിന്റെയും പോരാട്ടത്തിന്റെയും അധോലോകത്തിന്റെയും അധ്യായങ്ങളും ഒപ്പം വളരുന്നുണ്ടെന്നതാണ് വസ്തുത. ദിവസങ്ങളോളം ഖനിയുടെ ഇരുണ്ടലോകത്ത് കഴിയുന്നവര്‍ പുറത്തുവരുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കാനായി മദ്യശാലകളും വിനോദകേന്ദ്രങ്ങളും ചൂതാട്ടവേദികളും ഉയരുന്നു. മ്യൂസിയത്തിലെ ശ്യാമ-ധവള നിശ്ചലചിത്രങ്ങള്‍ ആ നഗരത്തിന്റെ കഥകള്‍ പറയുമ്പോള്‍ അരിച്ചെടുത്ത് ഉരുക്കിയെടുത്തപോലെ നന്മയുടെ കഥകളും അതിലുണ്ടാവും.
https://www.facebook.com/Malayalivartha