കുളിര്‍ മഞ്ഞിനൊപ്പം സന്തോഷത്തുള്ളികളും അനുഭവിച്ചറിയാന്‍ ഡെന്‍മാര്‍ക്കിലേക്ക് പോകാം
വേറെ ഏതു രാജ്യത്തു പോയാലും കിട്ടില്ല ഡെന്മാര്‍ക്കിലേതു പോലുള്ള ഇത്ര ഫ്രഷ് ഓക്‌സിജന്‍.അതുകൊണ്ട് വിരുന്നെത്തുന്ന വിദേശികളോടു ഡെന്മാര്‍ക്കുകാര്‍ പറയും, ഇഷ്ടം പോലെ ശ്വസിച്ചോളൂ! ഇപ്പോള്‍ വൃത്തിയാക്കിയതു പോലെയുള്ള തെരുവുകള്‍, പുകയും പൊടിയുമില്ലാത്ത അന്തരീക്ഷം, കുടവയറും പൊണ്ണത്തടിയുമില്ലാത്ത ജനങ്ങള്‍ ഒപ്പം എത്ര വിളമ്പിയാലും തീരാത്ത ആതിഥ്യ മര്യാദയും. തെരുവിലൂടെ വെറുതെ ഒന്നു ചുറ്റി നടന്നാല്‍ മതി, ഇടയ്ക്കിടെ പെയ്യുന്ന കുളിര്‍ മഞ്ഞിനൊപ്പം സന്തോഷത്തുള്ളികളും അനുഭവിച്ചറിയാം.
അമിത ജോലി എന്നൊരു വാക്കേയില്ല ഇവിടെ. എല്ലാവരും അവധി ആസ്വദിക്കുന്നു, മികച്ച സാമൂഹികബന്ധങ്ങള്‍ ഉറപ്പാക്കുന്നു, പിന്നെ ഉത്തരവാദിത്തത്തോടെ പ്രകൃതിയെ സംരക്ഷിക്കുന്നു. കാറുകളുടെ ഇരട്ടി വരും ഇവിടെ സൈക്കിളുകളുടെ എണ്ണം. വിദ്യാര്‍ഥികള്‍ മുതല്‍ ഭരണാധികാരികള്‍ വരെ സൈക്കിളില്‍. എല്ലായിടത്തും സൈക്കിള്‍ സഞ്ചാരപാതകള്‍. റോഡില്‍ പുകയില്ല, ചീറിപ്പായലില്ല, ഹോണടിയില്ല. ഗ്രാമപ്രദേശങ്ങളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാലും ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാന്‍ കിട്ടിയേക്കില്ല. 42,931 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ ആകെയുള്ളത് 57.5 ലക്ഷം ആളുകള്‍ മാത്രം.
ശുദ്ധീകരിച്ച കുപ്പിവെള്ളം തേടി കടകള്‍ കയറിയിറങ്ങേണ്ട. ഏതു പൊതു ടാപ്പ് തുറന്നാലും കിട്ടുന്നത് ഒന്നാന്തരം ശുദ്ധജലം. പൊതു ഇടങ്ങളിലെല്ലാമുണ്ട് വാട്ടര്‍ എടിഎം. പണമെടുക്കുന്ന എടിഎം പോലെ തന്നെ. കാര്‍ഡ് സ്വൈപ്പ് ചെയ്ത് കുപ്പിയില്‍ വെള്ളം ശേഖരിക്കാം. മഞ്ഞും മഴയുമായി വര്‍ഷം മുഴുവന്‍ വെള്ളമുണ്ടെങ്കിലും വെള്ളത്തിനു രണ്ടു തരം നികുതി കൊടുക്കണം. എടുക്കുന്ന വെള്ളത്തിനു കൂടാതെ അതില്‍ എത്ര വെള്ളം ഉപയോഗിച്ചോ അതിനും കൊടുക്കണം പ്രത്യേകം നികുതി. നികുതി എത്ര പിരിച്ചാലും ആര്‍ക്കും പരിഭവമില്ല.
ഒരു വര്‍ഷത്തെ പ്രസവാവധി, എല്ലാവര്‍ക്കും സൗജന്യ ചികില്‍സ, വിദ്യാഭ്യാസം, വിരമിക്കല്‍ ആനുകൂല്യം തുടങ്ങി എല്ലാം സര്‍ക്കാര്‍ നല്‍കും. കണ്ണെത്താത്ത ദൂരത്തോളം കൃഷിയിടങ്ങളാണു ഡെന്‍മാര്‍ക്കില്‍. ജലസ്രോതസുകള്‍ക്കു സമീപം രാസവളപ്രയോഗം നടത്തരുതെന്നാണു നിയമം. രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ വക പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.
ഷോപ്പിങ് നടത്തിയാല്‍ ഉപയോഗിക്കേണ്ടത് അവര്‍ തരുന്ന പ്ലാസ്റ്റിക് ബാഗ് മാത്രം. നമ്മുടെ കട്ടികുറഞ്ഞ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചാല്‍ ഒന്നാന്തരം പിഴ കിട്ടും. പ്ലാസ്റ്റിക് ക്രിസ്മസ് ട്രീ എന്നൊരു സാധനം തന്നെ ഇവിടെയില്ല. വഴിയോരത്തെല്ലാം കുടചൂടി നില്‍ക്കുന്ന കോണിഫെറസ് മരങ്ങളുടെ ഭംഗി. പ്രകൃതി തന്നെ ഇത്ര മനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കുമ്പോള്‍ പിന്നെന്തിനു പ്ലാസ്റ്റിക് മരങ്ങള്‍.
ഡെന്മാര്‍ക്കിലെ സന്തോഷ വിദഗ്ധന്‍ മെയ്ക് വൈകിങ് കണ്ടുപിടിച്ച ഒരു വാക്കുണ്ട് ഇവര്‍ക്ക്. hoo-gah എന്ന് ഉച്ചാരണം. ജീവിതം ആസ്വദിക്കുക, ആരോഗ്യം സംരക്ഷിക്കുക, പ്രകൃതിയെ കാക്കുക തുടങ്ങി പല അര്‍ഥങ്ങളാണിതിന്. ചുരുക്കത്തില്‍ 'സന്തോഷം ഉറപ്പാക്കുക' എന്നര്‍ഥം.
https://www.facebook.com/Malayalivartha