യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കാന്‍ഡി നഗരത്തിലെ ദളദ മാലിഗാവ ക്ഷേത്രം; ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന ഇടം
ഇന്ത്യയുടെ ഒരു കണ്ണീര്‍തുള്ളി പോലെയാണ് നമുക്കു ശ്രീലങ്ക എന്ന രാജ്യം. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, കടലിനു നടുവിലെ ആ രാജ്യത്തേക്കുള്ള യാത്ര ഏറെ കൗതുകകരവും രസകരവുമാണ്. മധ്യ ശ്രീലങ്കയിലെ നഗരമായ കാന്‍ഡിയിലെ ദളദ മാലിഗാവ എന്ന ക്ഷേത്രമാണ് ശ്രീലങ്കയിലെ മുഖ്യാകര്‍ഷണം. ആരാധ്യനായ ബുദ്ധന്റെ പല്ലു സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രമാണത്.
ഒരു കൊട്ടാരസമുച്ചയത്തിന്റെ രൂപഭാവങ്ങളാണ് ദളദ മാലിഗാവ എന്ന ക്ഷേത്രത്തിനുള്ളത്. ലോകത്തെ തന്റെ തത്വങ്ങളിലൂടെ സ്വാധീനിച്ച ആ മഹാനുഭാവന്റെ ഇന്നും നശിക്കാത്ത ഒരു ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ശ്രീബുദ്ധന്റെ ചിതയില്‍ നിന്നു ലഭിച്ച പല്ല് തന്റെ മുടിക്കെട്ടില്‍ ഒളിപ്പിച്ചു ശ്രീലങ്കയിലേക്കു കൊണ്ടുപോയത് ഹേമമാലി രാജകുമാരിയാണെന്നാണ് പറയപ്പെടുന്നത്. ബുദ്ധന്റെ ഭൗതികാവശിഷ്ടമായ ഈ ദന്തം പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചെന്നും ഇപ്പോഴുള്ളത് കൃത്രിമമാണെന്ന് വാദിക്കുന്നവരും ഉണ്ട്.
ഓഗസ്റ്റിലാണ് ഇവിടത്തെ ഉത്സവം. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം അറിയപ്പെടുന്നത് എസല പെരാഹാര എന്നാണ്. വിശ്വാസികള്‍ വളരെ പരിപാവനമായി കാണുന്ന ബുദ്ധദന്തം ഉത്സവനാളില്‍ സ്വര്‍ണവും രത്‌നങ്ങളും കൊണ്ടലങ്കരിച്ച ഒരു പേടകത്തില്‍ ആനപ്പുറത്ത് താളമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിക്കും.
ഈ ദന്തവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. നൂറ്റാണ്ടുകളായി പല രാജാക്കന്മാരിലൂടെയും രാജവംശങ്ങളിലൂടെയും കൈമാറി ഇന്ത്യയില്‍നിന്നു ശ്രീലങ്കയിലെത്തിയതാണ് ഈ ദന്തമെന്നാണ് ചരിത്രം പറയുന്നത്. ഈ പല്ല് ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിച്ചിരുന്നതിനാല്‍ ഇതു സൂക്ഷിക്കാനായി രാജാക്കന്മാര്‍ പ്രത്യേകം കൊട്ടാരങ്ങള്‍പോലും പണിതിരുന്നത്രേ. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ ഈ ദന്തം കണ്ടെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് പറയപ്പെടുന്നത്.
ദളദ മാലിഗാവ എന്ന ഈ ക്ഷേത്രവും ഒരു കൊട്ടാരത്തിനുള്ളിലാണ്. ക്ഷേത്രത്തിന്റെ മുകള്‍നില നിറയെ ബുദ്ധന്റെ പ്രതിമകളാണ്. അതില്‍ വെളുത്തനിറത്തിലുള്ളവയും സ്വര്‍ണനിറത്തിലുള്ളവയുമുണ്ട്. ബുദ്ധന്റെ ധാരാളം ചിത്രങ്ങളും പെയിന്റിങുകളും അവിടെയുണ്ട്. 1998-ലുണ്ടായ ഒരു സ്‌ഫോടനത്തില്‍ ഈ ക്ഷേത്രം തകര്‍ന്നുപോയെങ്കിലും പിന്നീട് പുതുക്കിപ്പണിതു. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ് ദളദ മാലിഗാവ ഉള്‍പ്പെടുന്ന കാന്‍ഡി നഗരം.
https://www.facebook.com/Malayalivartha