ആല്‍ക്കഹോള്‍ ഉപഭോഗത്തിന്റെ പ്രയോജനങ്ങള്‍
നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ട കാര്യങ്ങളെന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ എന്താവും ഉത്തരം? നല്ല ഭക്ഷണം, വ്യായാമം, അല്പം മദ്യവും എന്നൊരു മറുപടി ലഭിച്ചാലോ? ഏയ്... അതിനൊരു സാധ്യതയുമില്ലെന്നങ്ങ് തറപ്പിച്ചു പറയാന്‍ വരട്ടെ!
ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബഌക് ഹെല്‍ത്തിലെ എപ്പിഡെര്‍മോളജി ആന്റ് ന്യൂട്രിഷനില്‍ അസോസിയേറ്റ് പ്രൊഫസറായ എറിക് റിമ്മിന്റെ അഭിപ്രായത്തില്‍ പോഷകങ്ങളെ സംബന്ധിച്ച് അടുത്തിടെ നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങള്‍ കാണിക്കുന്നത് മിതമായ അളവിലുള്ള മദ്യസേവ ആരോഗ്യത്തേയും ആയൂര്‍ദൈര്‍ഘ്യവും മെച്ചപ്പെടുത്തുമെന്നാണത്രേ.
ഇതു കേട്ടിട്ട് ഒരു കുപ്പി മദ്യം ഒറ്റയടിക്ക് അകത്താക്കി ആരോഗ്യം മെച്ചപ്പെടുത്തിക്കളയാം എന്നൊന്നും ചിന്തിക്കരുത് . കാരണം മദ്യം കൊണ്ട് ആരോഗ്യത്തിന് ഗുണമെന്തെങ്കിലും ഉണ്ടാകണമെങ്കില്‍ അതിന്റെ തോത് മിതമായ അളവില്‍ ആയിരിക്കുമ്പോഴാണ്. ശരാശരി ശാരീരിക മാനസിക ആരോഗ്യമുള്ള ഒരു സ്ത്രീ ഒരു ദിവസത്തില്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ക്ക് രണ്ടു ഡ്രിങ്കും എന്നതാണ് മിതമായ അളവ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആ തോത് കൃത്യമായി പാലിച്ചു കൊണ്ട് മദ്യം കഴിക്കുകയാണെങ്കില്‍ ആരോഗ്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കാണാനാവും എന്നത് ഉറപ്പാണത്രേ.
ഹൃദയാരോഗ്യത്തിന് ചുവന്ന വൈന്‍ അമൃതിന്റെ ഫലം ചെയ്യുമെന്നാണ് അനാദികാലം മുതല്‍ കരുതപ്പെടുന്നത്. എന്നാല്‍ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബഌക് ഹെല്‍ത്തിന്റെ പഠനഫലം കാട്ടുന്നത്, ഹൃദയാരോഗ്യത്തിനായി റെഡ് വൈനിനെ തന്നെ ആശ്രയിക്കണമെന്നില്ലെന്നും ആല്‍ക്കഹോള്‍ കലര്‍ന്നിട്ടുള്ള മറ്റേതൊരു മദ്യവും മേല്പറഞ്ഞ അളവില്‍ കഴിച്ചാല്‍ ഹൃദയരോഗങ്ങളുണ്ടാകാനുള്ള സാധ്യത 40%ത്തോളം കുറയ്ക്കാനാകും എന്നുമാണ്.
എച്ച് ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡി എല്‍ കുറയ്ക്കാനുമുള്ള കഴിവ് മദ്യത്തിനുണ്ട് എന്നതാണ് ഹൃദയാരോഗ്യ സംരക്ഷണത്തിന് മദ്യം നല്ലതാണെന്നു പറയാനുള്ള കാരണം. എങ്കിലും രോഗപ്രതിരോധ ശേഷിയുള്ള ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ള പിനോറ്റ് നൊയര്‍ റെഡ് വൈന്‍ മറ്റേതൊരു മദ്യത്തേക്കാളും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. എങ്കിലും ഇതും സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ടു ഡ്രിങ്കും മാത്രമേ ഒരു ദിവസം കഴിക്കാന്‍ പാടുള്ളൂ.
ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ മുകളില്‍ സൂചിപ്പിച്ച മിതമായ അളവില്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കൊണ്ടിരുന്നാല്‍ വയറിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനാകുമെന്നാണ് ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്.
മിതമായ അളവില്‍ ദീര്‍ഘനാളായി മദ്യം കഴിച്ചു കൊണ്ടിരിക്കുന്നവരുടെ ശരീരത്തിന് ആല്‍ക്കഹോളിന്റെ ചയാപചയത്തിന്(ദഹനപ്രക്രിയ) ഒരു വ്യക്തമായ വ്യവസ്ഥ ഉണ്ടെന്നും നൈറ്റ് ഔട്ടിന്റെയും പാര്‍ട്ടികളുടേയും സമയങ്ങളില്‍ തങ്ങളുടെ കോക്ക് ടെയിലുകളെ മദ്യപൂരിതമാക്കുന്നവരുടെ ചയാപചയ പ്രക്രിയയില്‍ നിന്നും വ്യത്യസ്തമാണ് അതെന്നുമാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്.
മിതമായ അളവില്‍ മദ്യം സേവിക്കുന്ന സ്ത്രീകള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞ് അളവില്‍ മാത്രമായിരിക്കുമെന്നും ഗവേഷണ മേധാവിയായ ലുവാങ് അറിയിച്ചു. പ്രസ്തുത പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് 4 ഔണ്‍സിന്റെ ഗ്ലാസില്‍ രണ്ടു ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ 1.5 ഔണ്‍സിന്റെ ഗ്ലാസില്‍ രണ്ടു തവണ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയവുമാണ് നല്‍കിയിരുന്നത്.
പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ ദിവസവും ഒരു ഡ്രിങ്ക് കഴിച്ചാല്‍ മതി എന്നതാണ് വസ്തുത എന്നു പറഞ്ഞു കേട്ടാല്‍ ഞെട്ടരുത്, സത്യമാണ്. മുമ്പുപറഞ്ഞ മിതമായ അളവില്‍ പ്രതിദിനം മദ്യം കഴിച്ചാല്‍ പ്രമേഹ രോഗ സാധ്യത 30 ശതമാനം കുറയ്ക്കാമെന്ന് ഡയബറ്റിസ് കെയര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടത്രേ.
ഇന്‍സുലിനോടുള്ള സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണിന്റെ തോത് ആല്‍ക്കഹോള്‍ വര്‍ദ്ധിപ്പിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗ്ലൂക്കോസിനെ വിഘടിപ്പിച്ച് അതില്‍ നിന്നും ഊര്‍ജ്ജം പുറപ്പെടുവിക്കാന്‍ ശരീരത്തെ സഹായിക്കാന്‍ മദ്യത്തിന് കഴിയുന്നുണ്ടെന്നാണ് . തന്മൂലം രക്തത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാനും അപ്രകാരം ഡയബറ്റിസിനെ അകറ്റി നിര്‍ത്താനും സാധിക്കും.
അതു കൂടാതെ മിതമായ അളവില്‍ മദ്യം സേവിക്കുന്നവര്‍ക്ക് അല്‍സ്‌ഹൈമേഴ്‌സ് ഡിസീസ് , ഡിമന്‍ഷ്യ പോലുള്ള മറ്റു മറവി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 23ശതമാനം കുറവാണെന്ന് ലയോള യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മിതമായ അളവില്‍ മദ്യം സേവിക്കുമ്പോള്‍ നല്ല കൊളസ്‌ട്രോളിന്റെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതിനാല്‍ തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം മെച്ചപ്പെടുമത്രേ., കൂടാതെ ആല്‍ക്കഹോള്‍ തലച്ചോറിന്റെ കോശങ്ങളെ ഒന്നു കൂടി കടുപ്പമേറിയതാക്കി തീര്‍ക്കുമത്രേ. ഇത് പിന്നീട് ഡിമന്‍ഷ്യയ്ക്ക് ഇടയാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ പ്രതിരോധിച്ചു നില്‍ക്കാന്‍ സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.
കൊളസ്‌ട്രോള്‍ കട്ട പിടിച്ച് പിത്താശയകല്ലുകള്‍ ഉണ്ടാകുന്നതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മിതമായ അളവിലുള്ള മദ്യസേവ സഹായിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. മിതമായ മദ്യഉപഭോഗംകൊണ്ട് വര്‍ദ്ധിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനമാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha