ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത , ഭാഗികമായി മാത്രം വൈദ്യുതിയുള്ള ഹിമാലയന്‍ ഗ്രാമം: ഗ്രഹന്‍, സാഹസികരുടെ സ്വര്‍ഗം
7700 അടി ഉയരത്തില്‍ മഞ്ഞുമലകള്‍ക്കിടയില്‍ ആകാശത്തിനു തൊട്ടു താഴെ ഒരു കൊച്ചു ഗ്രാമം ഗ്രഹന്‍. ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത നാട്ടില്‍, ഭാഗികമായി മാത്രം വൈദ്യുതിയുള്ള ഇടം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടം. സാഹസികരുടെ സ്വര്‍ഗമാണവിടം, ഗ്രഹന്‍. ഏതാണ്ട് 50, 60 വീടുകളില്‍ ആകെ ജനസംഖ്യ 350.
ഹിമാചല്‍ പ്രദേശിന്റെ വടക്ക് കസോള്‍, ഹിപ്പി ടൗണില്‍ നിന്നും തെല്ലു വടക്കന്‍ ദിശയില്‍ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ് ഗ്രഹന്‍. തെക്ക് കുളു തെഹ്‌സില്‍, വടക്ക് ലഹൂല്‍ തെഹ്‌സില്‍, കിഴക്ക് സ്പിറ്റി തെഹ്‌സില്‍ ഇങ്ങനെ ചുറ്റപ്പെട്ടതാണ് ഗ്രഹന്‍. സര്‍വ്വസംഗ പരിത്യാഗിയായ സന്യാസി ആയാലും, സാഹസിക സഞ്ചാരി ആയാലും സര്‍ഗ പ്രതിഭ നിറഞ്ഞ സാഹിത്യകാരന്‍ ആയാലും ഹിമാലയം എന്നും ഒരു അനുഭവം ആണ്.
ഗ്രഹനിലേക്കുള്ള യാത്ര നോണ്‍ മോട്ടോറബിള്‍ എന്നു പറയാം. അതുകൊണ്ട് തന്നെ ഹിമാചലിലെ ഈ ഗ്രാമം അധികം അറിയപ്പെടുന്ന ഒന്നല്ല. വനപ്രദേശത്തിലൂടെ കടന്നു പോകുന്ന അഞ്ചാറു മണിക്കൂര്‍ ഹൈക്കിങ്. സാമൂഹിക ബന്ധം, ഫോണ്‍ വിളി, സോഷ്യല്‍ മീഡിയ എല്ലാം പ്രതീക്ഷയ്ക്കും അപ്പുറമാണ്. ഉള്‍ക്കാട്ടിലേക്കു കയറാന്‍ തുടങ്ങിയാല്‍ മുന്നില്‍ ഒറ്റയടി മലമ്പാതയാണ്. കുറച്ചകലെകൂടി ഒഴുകുന്ന പാര്‍വതി നദിയുടെ കളകളാരവമാണ് നിശ്ശബ്ദതയെ ഭേദിക്കുന്നത്. ഏതാണ്ട് നാലഞ്ചു മണിക്കൂര്‍ കൂടി യാത്ര കഴിഞ്ഞാലേ ആളനക്കമുള്ള പ്രദേശത്ത് എത്തുകയുള്ളൂ. ഒരു മണിക്കൂറോളം കുത്തനെയുള്ള കയറ്റം കൂടി താണ്ടിയാലേ ഗ്രഹന്‍ എന്ന ഹിമാലയന്‍ ഗ്രാമത്തിന്റെ സൗന്ദര്യത്തിലേക്ക് എത്തുകയുള്ളൂ. അപ്പോഴേയ്ക്കും ട്രെക്കിങ് തുടങ്ങിയിട്ട് ആറു മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും.
ഗ്രഹനിലെത്തിയെന്ന് അറിയുന്നതു തന്നെ അവിടത്തെ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം കാണുമ്പോഴാണ്. പ്ലാസ്റ്റിക്കിന്റെ നിഴല്‍ പോലും എങ്ങും ഇല്ല. പരിസരം തികച്ചും വൃത്തിയോടെ കാത്തു സൂക്ഷിച്ചു പോകുന്ന ഒരു സമൂഹം. തികഞ്ഞ ആത്മബോധം കൈവരിച്ച ഗ്രാമം. ഇവിടെയാണ് ലിഖിത നിയമവും അലിഖിത നിയമവും തമ്മിലുള്ള വ്യത്യാസം നമുക്ക് ബോധ്യമാവുന്നത്. ഇന്നാട്ടുകാരുടെ നിയമങ്ങള്‍ പാരമ്പര്യമായി കിട്ടിയ കീഴ്‌വഴക്കങ്ങളാണ്.
മരത്തടി കൊണ്ട് പണിത ഏതാണ്ട് രണ്ടു ശതാബ്ദത്തോളം പഴക്കം തോന്നുന്ന പാരമ്പര്യമായ നിര്‍മിതികളാണ് ഇവിടത്തെ വീടുകള്‍. പഴമ നഷ്ടപ്പെടുത്താതെ പാരമ്പര്യ നിര്‍മിതികളെ സംരക്ഷിക്കാന്‍ ഇവിടത്തുകാര്‍ ചെലുത്തുന്ന ശ്രദ്ധ ആരെയും അദ്ഭുതപ്പെടുത്തും. രണ്ടു കുടുംബപരമ്പരകളുടെ പിന്‍മുറക്കാര്‍ ആണ് ഗ്രഹനിലെ ഗ്രാമീണര്‍. ആരോഗ്യദൃഢഗാത്രര്‍, വജ്രശോഭയുള്ള കണ്ണും, ഇടതൂര്‍ന്ന മുടിയും ഇവിടത്തുകാരുടെ പ്രത്യേകതയാണ്. നിഷ്‌കളങ്കഭാവത്തോടെ, നിറഞ്ഞ ചിരിയോടെ അതിഥികളെ സ്വീകരിക്കുന്നവര്‍. സഞ്ചാരികളെ സ്വീകരിക്കുന്നതില്‍ ഗ്രാമീണര്‍ കാണിക്കുന്ന താല്‍പര്യം അനുമോദിക്കാതെ വയ്യ. ഈ ഭവ്യത നമ്മോട് മാത്രമല്ല അന്യ നാട്ടില്‍ നിന്ന് എത്തി ചേര്‍ന്നവരോടും ഉണ്ട്. ഒരു നിയമപീഠമോ നീതിന്യായ വകുപ്പോ ഇല്ലാതെ തന്നെ ചിട്ടയുള്ള സദാചാര, സാമൂഹിക നിയമം ഗ്രാമത്തില്‍ ഉണ്ട്.
അലിഖിതമായൊരു ഗ്രാമനിയമസംഹിത, അവരുടെ മാത്രമായ ഒന്ന്. അതില്‍ ശ്രദ്ധേയമായ ഒന്നാണ് ഒരോ കുടുംബത്തിലും, പുറത്തു നിന്നു വന്നവരുമായുള്ള വൈവാഹികബന്ധം കര്‍ശനമായി വിലക്കിയിട്ടുണ്ട്. മദ്യം പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടുണ്ട്. അഥവാ വിദേശ സഞ്ചാരി ആരെങ്കിലും അറിയാതെ മദ്യം ഗ്രാമത്തിലേക്ക് കൊണ്ടു വന്നാല്‍ പോലും കടുത്ത ശിക്ഷയോ പിഴയോ ഉണ്ട്. ഹൈക്കിങ് ആരംഭത്തില്‍ തന്നെ സംഘാംഗങ്ങളോട് ഇത്തരം കാര്യങ്ങള്‍ ബോധിപ്പിക്കും. ഈ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ ആക്കാന്‍ കാരണം ഒരു രാത്രിയില്‍ ഗ്രാമീണര്‍ക്ക് അവരുടെ ദേവത യാഗ്യമഹര്‍ഷിനി നല്‍കി എന്നു പറയപ്പെടുന്ന ഉള്‍വിളിയും കല്‍പനയും ആണ്. അന്ന് മുതല്‍ തന്നെ ഗ്രാമീണര്‍ മദ്യപാനം പൂര്‍ണമായും ഗ്രഹനില്‍ നിന്ന് നിരോധിച്ചു. ഈ തരത്തില്‍ ഓരോരുത്തരും സ്വയം പാലിക്കുന്ന കീഴ്‌വഴക്കങ്ങളാണ് ഈ ഗ്രാമത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. അനുശാസിക്കുന്ന നിയമങ്ങളേക്കാള്‍ അനുവര്‍ത്തിച്ചു പോകുന്ന നല്ല ശീലങ്ങള്‍ എന്നും നമ്മുടെ സമൂഹത്തില്‍ ഗുണം ചെയ്യും. എന്നതിന്റെ ഉദാഹരണമാണ് ഗ്രഹന്‍.
അതിഥികള്‍ ആയി ഗ്രാമത്തില്‍ എത്തുന്ന തദ്ദേശിയരെയും, വിദേശികളെയും സല്‍ക്കരിക്കുന്നവര്‍. ചില നിവാസികള്‍ 200, 300 രൂപ ദിവസ നിരക്കില്‍ അവിടെ, പുതുമയാര്‍ന്ന പാരമ്പര്യ വിഭവങ്ങള്‍ നല്‍കി സഞ്ചാരികള്‍ക്കായി ഹോം സ്‌റ്റേ സൗകര്യം നല്‍കുന്നുമുണ്ട്. ഗ്രാമീണരില്‍ പലരും അതിഥികളില്‍ നിന്നും പാശ്ചാത്യ, വിഭവങ്ങള്‍ പലതും ഉണ്ടാക്കാന്‍ പോലും പഠിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇസ്രയേല്‍ സ്‌റ്റൈല്‍ സാന്‍വിച്ചും ഇംഗ്ലീഷ് സ്‌റ്റൈല്‍ ബ്രേക്ക് ഫാസ്റ്റും വരെ ഈ ഗ്രാമത്തില്‍ ലഭിക്കും. ഗ്രഹനില്‍ ആകെ ഉള്ളത് ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം മാത്രമാണ്. ഇവിടെയാണ് പഠനം തുടങ്ങുന്നതും ഒടുങ്ങുന്നതും. കൃഷിയും കന്നുകാലി മേയ്ക്കലും ആണ് പ്രധാന തൊഴില്‍. എല്ലാ നാഗരികതയുടെയും പ്രാഥമിക തൊഴില്‍മേഖല അതായിരുന്നല്ലോ. വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ആപ്പിള്‍, പിയര്‍ എന്നിവയെല്ലാം കൃഷി ചെയ്തു വരുന്നു. രസകരമായ ഒരു വസ്തു, ലഹരിയായ ഹാഷിഷ് ഉല്‍പാദനമാണ്.
വലിയ റൈഫിളും എടുത്തു ഹിമാലയന്‍ കരടികളെ അകറ്റി ഉള്‍ക്കാടുകളുടെ വന്യതകളില്‍ തേന്‍ കൂടുകള്‍ കണ്ടെത്തുന്ന യുവാക്കളുണ്ടിവിടെ അവരാണ് ഗ്രാമത്തിലെ ധീരന്മാര്‍. ഇവര്‍ ശേഖരിച്ചു കൊണ്ടു വരുന്ന തേനിന്റെ മധുരം തികച്ചും അനിര്‍വചനീയം എന്നേ പറയാന്‍ പറ്റൂ. അത്രയ്ക്കും പ്രശസ്തമാണ്. ഗ്രഹന്‍ നല്‍കുന്ന യാത്രാനുഭവം പിന്നെയും മനസ്സിനെ അവിടേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കും.
https://www.facebook.com/Malayalivartha