മലനിരയുടെ പശ്ചാത്തലത്തിലെ സ്വര്‍ഗ്ഗീയ താവളം കോട്ടഗുഡി...
മൂന്നാര്‍ ടൗണില്‍ നിന്ന് 36 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആകാശവും ഭൂമിയും ലയിക്കുന്ന ടോപ്പ് സ്‌റ്റേഷനിലെത്താം. ട്രെക്കിങ്ങിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും എത്തുന്നവരുടെ സ്വര്‍ഗ്ഗീയ താവളമായ കോട്ടഗുഡിയാണത്.
അതിന് ആറ് കിലോമീറ്റര്‍ പിന്നിലായി തേയിലത്തോട്ടങ്ങളിലെ നടപ്പാതയിലൂടെയുള്ള കുത്തനെയുള്ള കയറ്റം. ചോലക്കാടുകളിലൂടെയുള്ള നടപ്പ്. ആകാശത്തിന് കുടപിടിക്കുന്ന വൃക്ഷങ്ങള്‍. തണുത്ത അന്തരീക്ഷം. വൃക്ഷങ്ങളുടെ വേരുകള്‍ ചിലയിടങ്ങളില്‍ പടവുകള്‍ പോലെയുണ്ട്. പലയിടങ്ങളിലും പാറയും. റോഡില്‍ നിന്നും ഒരുമണിക്കൂര്‍ നടപ്പ്. മലനിരയുടെ മുകള്‍ത്തട്ടില്‍ ചെറിയ ചെറിയ കൂടാരങ്ങളുണ്ട്. യാത്രികര്‍ക്ക് അവിടെ താമസിക്കാം.
കൂടാരത്തിന്റെ മുറ്റത്ത് നിന്നാല്‍ കാറ്റ് വീശുമ്പോള്‍ മലനിരയുടെ പശ്ചാത്തലത്തില്‍ മേഘങ്ങള്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളായി മാറുന്നത് കാണാം. നിലാവുള്ള രാത്രികള്‍ അവിസ്മരണീയമാണ്.
അഗാധമായ താഴ്‌വര ഹരിതാഭയുടെ പല തലങ്ങള്‍ സമ്മാനിക്കുന്നു. ഹിമകണങ്ങള്‍ തുളുമ്പിനില്‍ക്കുന്ന പുല്‍നാമ്പുകള്‍ നിറഞ്ഞ പുല്‍ത്തകിടികള്‍ ട്രെക്കിങ് പാതകളുടെ ഇരുവശത്തും കാണാം. സമുദ്രനിരപ്പില്‍ നിന്ന് ഏഴായിരം അടി ഉയരത്തിലാണ് കോട്ടഗുഡി. രാത്രി നോക്കുമ്പോള്‍ എതിര്‍വശത്ത് വൈദ്യുതി വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ബോഡിനായ്ക്കന്നൂര്‍ നഗരവും അല്‍പ്പം അകലെ തേനി നഗരവും കാണാം.
ഇരുവശത്തും കാണുന്ന പാറക്കൂട്ടങ്ങള്‍ കൂടാരത്തിന് ഗോപുരഭംഗി നല്‍കുന്നു. നീണ്ടുപോകുന്ന ട്രെക്കിങ്ങ് പാതകളിലൂടെയുള്ള യാത്രകളില്‍ തേനീച്ചകളുടെ ദേശാടനവും നിരവധി ഇനം പക്ഷികളേയും കാണാം. പ്രകൃതിഭംഗിയും ട്രെക്കിങ്ങുമാണ് ഇവിടത്തെ പ്രത്യേക ആകര്‍ഷണങ്ങള്‍. മൂന്നാര്‍-കൊടൈക്കനാല്‍ ട്രെക്കിങ്ങ് ഒരു പ്രത്യേകഅനുഭവമാണ്.
പാറയില്‍ ചിലപ്പോള്‍ വരയാടുകളെ കാണാം. ചോലക്കാടുകളില്‍ മരനായയേ കണ്ടേക്കാം. വെരുകിന്റെ ആകൃതിയിലുള്ള ഈ ജീവി പശ്ചിമഘട്ടത്തില്‍ പലയിടങ്ങളിലുമുണ്ട. പക്ഷെ നേരില്‍ കാണാന്‍ പറ്റുന്നത് അപൂര്‍വ്വമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha