കര്‍ണാടകയിലെ ഹാസ്സന്‍: യാത്രികരെ പല ലോകങ്ങളിലേക്ക് എത്തിക്കുന്ന കവാടം!
കര്‍ണാടകയുടെ വിനോദസഞ്ചാര തലവാചകം പറയുന്ന, ഒരു ജില്ല- പല ലോകങ്ങള്‍ എന്നത് അന്വര്‍ത്ഥമാക്കുന്ന കാഴ്ചകളാണ് തെക്കന്‍ കര്‍ണാടകത്തിലെ ഹാസ്സന്‍-ല്‍ ഉള്ളത്. കന്നഡദേശത്തിന്റെ ചരിത്രസ്മാരകങ്ങളെയും ഹില്‍സ്റ്റേഷനുകളെയും ഒക്കെ കയ്യെത്തും ദൂരത്ത് എത്തിക്കുന്ന കവാടം ആണ് ഈ ജില്ല. ഇവിടെ എത്തിയാല്‍ കാടുകാണാം. കാട്ടുമൃഗങ്ങളെ സ്വന്തം വാഹനത്തിലിരുന്നുകൊണ്ട് കണ്ടറിയാം. ലോകത്തെ വിസ്മയിപ്പിച്ച കല്‍സ്മാരകങ്ങള്‍ കണ്ടതിശയം കൂറാം. പിന്നെ കാപ്പിത്തോട്ടങ്ങളിലെ തണുപ്പറിഞ്ഞു താമസിക്കുകയുമാകാം.
മാനന്തവാടി കഴിഞ്ഞ് നാഗര്‍ഹോളെ കാട്ടിലൂടെ യാത്ര ചെയ്ത് ഹുന്‍സൂര്‍ താണ്ടിയാല്‍ ഹാസ്സനിലെത്താം. അല്ലെങ്കില്‍ മടിക്കേരി കണ്ട് കുടകു കാപ്പിത്തോട്ടങ്ങളിലെ താമസം ആസ്വദിച്ചശേഷം ഹാസ്സനിലെത്താം. ഈ വഴിയില്‍ കാടനുഭവം കുറവായിരിക്കും. ഹാസ്സന്‍- ബേലൂര്‍-ഹാലെബിഡു-ചിക്കമംഗളൂരു 124 കിലോമീറ്റര്‍ ദൂരമേയുള്ളൂ. എറണാകുളം-കോഴിക്കോട്-മാനന്തവാടി-നാഗര്‍ഹോളെ-ഹാസ്സന്‍-459 കിമീ-യാണ്.
ഹാസ്സന്‍ ഒരു സാധാരണ പട്ടണമാണ്. അവിടെ താമസിച്ച് ഏറെ സ്ഥലങ്ങളിലേക്കു പോയിവരാം. ശ്രാവണബേല്‍ഗോളയിലെ ഗോമഡേശ്വരനെയും വേനലില്‍ ഗോരൂര്‍ ഡാമിലെ വെള്ളം വറ്റുമ്പോള്‍ ഉയര്‍ന്നുവരുന്ന ഷെട്ടിഹള്ളി പള്ളിയും അവിസ്മരണീയമായ കാഴ്ചകളാണ്. ഒരു ദിവസം മതി ഈ രണ്ടു കാഴ്ചകളും കാണാന്‍.
ഹാസ്സനില്‍ നിന്ന് അന്‍പതു കിലോമീറ്റര്‍ ദൂരമേ ശ്രാവണ ബേല്‍ഗോളയിലേക്കുള്ളൂ. രാവിലെ ഡാമിലെത്തി പള്ളി കണ്ടശേഷം വൈകിട്ടോടെ ഗോമഡേശ്വരനെ കാണാന്‍പോകാം. ആ വലിയ പാറമുകളില്‍ സായാഹ്നം ചെലവിടാം. തിരിച്ചുഹാസ്സനിലെ താമസസ്ഥലത്തെുകയുമാവാം.
കര്‍ണാടകയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ഹൊയ്‌സാല രാജവംശക്കാരുടെ ക്ഷേത്രങ്ങളായ ബേലൂര്‍-ഹാലേബിഡുവിന്റെ മായികശില്‍പ്പക്കാഴ്ചകള്‍. രാവിലെ പുറപ്പെട്ടാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രങ്ങളിലെ അതിമനോഹരമായ കൊത്തുപണികളും ശില്‍പ്പങ്ങളും കാണാം.
അതിനുശേഷം ഹാസ്സനിലെ താമസസ്ഥലത്തേക്കു മടങ്ങണമെന്നില്ല. കുറച്ചുദൂരം പോയാല്‍ ചിക്കമംഗളൂരുവിലെ തണുപ്പ് അനുഭവിച്ചുതാമസിക്കാം. കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ ഏറെ ഹോംസ്റ്റേകളുണ്ട്. അവയിലൊന്നില്‍ ചേക്കേറാം.
ചിക്കമംഗളുരുവില്‍നിന്ന് പാത മികച്ചതായതിനാല്‍ ആസ്വദിച്ചു ഡ്രൈവ് ചെയ്യാം. ഉച്ചയോടെ മൈസുരുവിലെത്താം. നഗരത്തിന്റെ കാഴ്ചയാസ്വദിച്ച്, കൊട്ടാരത്തിന്റെ ദീപാലങ്കാരദൃശ്യങ്ങള്‍ കണ്ട് അന്നുരാത്രി മൈസൂരുവില്‍ താമസിക്കാം. അല്ലെങ്കില്‍ ഗുണ്ടല്‍പേട്ട വനഗ്രാമത്തിലൂടെ ബന്ദിപ്പുര്‍ കാടു താണ്ടി മുതുമലയിലെത്താം. നേരം വൈകുംതോറും യാത്ര അപകടകരമായിത്തീരൂം എന്നറിയാമല്ലോ.... അതിനാല്‍ മുതുമലയില്‍ രാത്രിതാമസത്തിനായി വനംവകുപ്പിന്റെ മുറികള്‍ ബുക്ക് ചെയ്യാം. (https://live.ipms247.com/booking/book-rooms-mudumalaitigerreserve)
അഥവാ കാടുകയറാന്‍ പറ്റാത്ത സമയമാണെങ്കില്‍ ഗുണ്ടല്‍പേട്ടില്‍ താമസിക്കാം. വൈകുന്നേരങ്ങളില്‍ ഗോപാലസ്വാമിബേട്ടയിലേക്കുളള പാതയിലെ ഡ്രൈവിങ് രസകരമാണ്. ആനകള്‍ ഇറങ്ങുന്ന വഴിയാണ്. സൂക്ഷിക്കണം. കൃഷിക്കാരുടെ കൂവല്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക, ആനകള്‍ ഇറങ്ങിയിട്ടുണ്ടാകും. വാഹനത്തില്‍നിന്നു പുറത്തിറങ്ങരുത്. പിറ്റേദിവസം അതിരാവിലെ ഗൂഡല്ലൂര്‍ പട്ടണത്തിലൂടെ സഞ്ചരിച്ച്, നാടുകാണിച്ചുരമിറങ്ങി നിലമ്പൂര്‍ വഴി എറണാകുളത്തേക്കു തിരിക്കാം.
https://www.facebook.com/Malayalivartha