ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ഗംഗാ വിലാസ് ; 51 ദിവസത്തിൽ ലോക പൈതൃക കേന്ദ്രങ്ങൾ ഉൾപ്പെടെ 50 സ്ഥലങ്ങൾ; ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും
ഗംഗാ വിലാസ് ആഡംബര കപ്പൽ ചൊവ്വാഴ്ച വാരാണസിയിലെ രാംനഗർ തുറമുഖത്തെത്തി. ഡിസംബർ 22 ന് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട ക്രൂയിസ് ശനിയാഴ്ച എത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം വൈകിയാണ് എത്തിയത്. എംവി ഗംഗാ വിലാസ് ക്രൂയിസ് യാത്ര ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. 1000 കോടിയിലധികം വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ നിർവഹിക്കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസിൽ അറിയിച്ചു.
തുടക്കത്തിൽ രാംനഗർ തുറമുഖത്ത് നിന്ന് സന്ത് രവിദാസ് ഘട്ടിലേക്കാണ് ക്രൂയിസ് നീങ്ങുക. വാരണാസി മുതൽ അസമിലെ ദിബ്രുഗഢ് വരെയുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലപാതയിലൂടെയാണ് ആഡംബര ട്രിപ്പിൾ ഡെക്ക് ക്രൂയിസ് സഞ്ചരിക്കുക. എംവി ഗംഗാ വിലാസ് വാരണാസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിൽ എത്തും
ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദി ഘട്ടുകൾ, ബീഹാറിലെ പട്‌ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചുകൊണ്ട് ക്രൂയിസ് 51 ദിവസത്തെ യാത്ര നടത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ക്രൂയിസറിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ വഹിക്കാനുള്ള ശേഷിയും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. കന്നിയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ യാത്രയുടെ മുഴുവൻ ദൈർഘ്യത്തിനും ബുക്ക് ചെയ്തു കഴിഞ്ഞു.
രണ്ട് രാജ്യങ്ങളിലെയും 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. ഗംഗ, മേഘ്‌ന, ബ്രഹ്മപുത്ര എന്നീ മൂന്ന് പ്രധാന നദികളെയും ഇത് കടന്നു പോകും. ബംഗാളിലെ ഭാഗീരഥി, ഹൂഗ്ലി, ബിദ്യാവതി, മലത, സുന്ദർബൻസ് നദീതടങ്ങളിലാണ് ക്രൂയിസ് പ്രവേശിക്കുക. ബംഗ്ലാദേശിൽ മേഘ്‌ന, പത്മ, ജമുന എന്നിവിടങ്ങളിലൂടെ കടന്നുപോകുകയും പിന്നീട് അസമിലെ ബ്രഹ്മപുത്രയിൽ പ്രവേശിക്കുകയും ചെയ്യും. ടിക്കറ്റുകൾ ക്രൂയിസ് നടത്തുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. പ്രതിദിനം ഈടാക്കുന്നത് 24,692.25 രൂപയാണ് ($300). ഇന്ത്യക്കാർക്കും വിദേശികൾക്കും ഒരേ നിരക്കാണ്. 51 ദിവസത്തേക്ക്, ക്രൂയിസ് ടിക്കറ്റിന് 12.59 ലക്ഷം രൂപയിൽ (153000 ഡോളർ) കൂടുതലാവും.
https://www.facebook.com/Malayalivartha