കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
ചന്ദ്രഭാഗയുടെ സംഗമബിന്ദുവില്‍ അര്‍ക്കകോണ്‍ എന്നര്‍ഥമുള്ള സൂര്യക്ഷേത്രം. കൊണാര്‍ക്ക് . വിജനമായ കാലത്തിന്റെ തിരസ്‌കരണിയിലമര്‍ന്ന ഒരു കൃഷ്ണശില. നിലച്ചു പോയ ഘടികാരത്തില്‍ വിലയംകൊണ്ട പ്രാര്‍ഥന. കൊണാര്‍ക്കില്‍ പ്രതിഷ്ഠയും പ്രാര്‍ഥനയുമില്ല. കോണുകളില്‍ പതിക്കുന്ന സൂര്യരശ്മികളുടെ ജ്വാലാമുഖികള്‍ ഈ ശിലാഗോപുരത്തെ എന്നും ഉദയാസ്തമയങ്ങളാല്‍ അര്‍ച്ചന ചെയ്തു. പൂര്‍ത്തീകരിക്കപ്പെടാതെ പോയ, അനേകം ശില്പികളുടെയും സ്ഥപതിമാരുടെയും കാലത്തിലുറഞ്ഞു പോയ സ്വപ്നങ്ങളുടെ പ്രാകാരം. സമുദ്രതീരത്തെ ഈ സൂര്യരഥത്തിന് മുഖമണ്ഡപവും, ഗര്‍ഭഗൃഹവുമില്ല. ഏഴ് കുതിരകളെ പൂട്ടിയ രഥം അമരക്കാരനായ അരുണന്‍ തെളിക്കുന്നില്ല. സംജ്ഞയും ച്ഛായയും തേജോമയകാന്തിയില്‍ സൂര്യനൊപ്പം ഉപവിഷ്ടരായിരിക്കുന്നതുമില്ല . എന്നാല്‍ ഭൂമിയിലെ വിസ്മയമായ സൂര്യക്ഷേത്രം പന്ത്രണ്ടു വര്‍ഷം ഉറ്റവരെയും ഉടയവരെയും പിരിഞ്ഞുജീവിച്ച ശില്പികളുടെ ഉളിശബ്ദങ്ങളാല്‍ മുദ്രിതമായൊരു മഹാമൌനത്തിന്റെ സാക്ഷ്യമാണ്. ചേദിവംശജനായ നരസിംഹന്‍ പുരി നഗരത്തിന്റെ സമ്പത്തുപയോഗിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ട് ആയിരത്തി ഇരുനൂറു ശില്പികളെക്കൊണ്ട് പകല്‍ മുഴുവനും പണിചെയ്യിച്ചാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം നിര്‍മ്മിച്ചത് .ശാപം മൂലം കുഷ്ഠരോഗിയായിത്തീര്‍ന്ന ശ്രീകൃഷ്ണന്റെ മകന്‍ സാംബന്‍ 12 വര്‍ഷം സൂര്യനെ ഭജിച്ച് രോഗവിമുക്തി നേടിയെന്നും തുടര്‍ന്ന് സൂര്യനെ ആരധിക്കാനായി ക്ഷേത്രം പണിതെന്നും ഐതിഹ്യം.
കൊണാര്‍ക്കിലെ ഓരോ ശിലക്കു മുമ്പിലും വിസ്മയഭരിതനാകുന്ന സഞ്ചാരി കാലത്തിലൂടെയും ചരിത്രത്തിലൂടെയും പുറകോട്ടു നടന്നുപോകുന്നു.
പന്ത്രണ്ടുരാശികളെ പ്രതിനിധാനം ചെയ്യുന്ന കൊണാര്‍ക്കിന്റെ പന്ത്രണ്ട് രഥചക്രങ്ങള്‍ ചാക്രികകാലത്തിന്റെ അനശ്വരഭാവന പോലെ നിലകൊള്ളുന്നു . ഭുവനേശ്വറില്‍നിന്ന് നാല്പതു കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്കിലേക്ക് വിജനമായ ഗ്രാമീണപാതകളാണ്. ചിലപ്പോഴൊക്കെ വനാതിര്‍ത്തിയിലൂടെ നാം കടന്നുപോകും. ഇടക്കെപ്പോഴോ ചിത്രോത്പലയും ചന്ദ്രഭാഗയും ഒഴുകുന്നത് നാം അറിയാതെ പോവില്ല. ഈ നദികള്‍ സമുദ്രവുമായി സംഗമിക്കുന്നു. കടലിലേക്ക് മിഴിതുറക്കുന്ന ജ്യോതി കണക്കെ കൊണാര്‍ക്ക് ദൃശ്യമാവുന്നു. നിശ്ചലകാലത്തെ സമയരഥ്യയിലൂടെ കുളമ്പടിവെച്ച് ചലനമുളവാക്കുന്ന കൊണാര്‍ക്കിലെ തേരുരുള്‍, ശില്പികളുടെ ഉളിപ്പാടുകളില്‍ നിന്നുണര്‍ന്ന ഊര്‍ജത്തിന്റെ
താളവും നടനവുമാണ്. സൂര്യരഥത്തിന്റെ ഏഴു കല്‍ക്കുതിരകളും നിസ്സാരമായ അംഗഭംഗവുമായി ഇന്നും കുതിച്ചുനിക്കുന്നു. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും തുരുമ്പെടുക്കാത്ത
അരുണധ്വജവും കല്‍മണ്ഡപത്തിലെ രതിശില്പങ്ങളും അസുലഭഭംഗിയുടെ അന്യൂനമാതൃകയായി നിലനില്‍ക്കുന്നു. മൂന്നുമീറ്റര്‍ ഉയരമുള്ളതും യാമങ്ങളുടെ പ്രതീകമായ എട്ടു കലകളോടു കൂടിയതുമായ രഥചക്രങ്ങള്‍ നിശ്ചലകാലത്തെ ഓര്‍മിപ്പിക്കും. ശ്രീകോവിലിന്റെ പുറംഭിത്തികളില്‍ തെക്കും പടിഞ്ഞാറും വടക്കുമുള്ള വാതില്‍സ്ഥാനങ്ങളില്‍ കൊത്തിവെച്ചിട്ടുള്ള സൂര്യവിഗ്രഹങ്ങള്‍ അനന്തകാലത്തിന്റെ മായാത്ത മുദ്രകളായി പരിലസിച്ചു. ഉദയ മധ്യാഹ്ന അസ്തമയ സൂര്യന്റെ പ്രതീകങ്ങളായ ഈ സൂര്യവിഗ്രഹങ്ങള്‍
തേജോമയ സൌന്ദര്യത്തോടെ കാണപ്പെട്ടു. ഏതാണ്ട് അറുപത്തെട്ടു മീറ്റര്‍ ഉയരമുള്ള സൂര്യക്ഷേത്രത്തിന്റ കല്‍പടവുകള്‍ കയറിയെത്തുമ്പോള്‍ , പ്രതിഷ്ഠ നഷ്ടപ്പെട്ട ശ്രീലകവാതില്‍
നമുക്ക് മുന്നില്‍ ഗഹനമായൊരു മൌനമാവുന്നു. ആരതിയില്ല. അര്‍ച്ചനയും പ്രസാദവുമില്ല. എന്നാല്‍ കാലത്തെ വെല്ലുന്ന ശില്പഗോപുരത്തിന്റെ ശിലാകാവ്യം , അതിനുപിന്നിലെ
വിയര്‍പ്പിന്റെ ഉളിയൊച്ചകള്‍, നൃത്തരാവിന്റെ ചിലങ്കകള്‍ , ചന്ദ്രഭാഗയില്‍ പ്രതിഫലിച്ച സ്വപ്നത്തിന്റെ നിലാനുറുങ്ങുകള്‍ എല്ലാമെല്ലാം നാദഭരിതമായൊരു ഉണര്‍ച്ചയിലേക്ക്
നമ്മെ കൂട്ടിക്കൊണ്ടു പോകും .ഇനിയെത്രകാലം ഇന്ത്യയുടെ ഈ അത്ഭുതം നമുക്കുമുന്പില്‍ ബാക്കിയുണ്ടാവും......
https://www.facebook.com/Malayalivartha