മരതകദ്വീപിലൂടെ
ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് വൃത്തിയുള്ള തിരക്കും ബഹളവുമൊഴിഞ്ഞു അതീവശാന്തമായ ഭൂപ്രകൃതിയാണ് .വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാര്‍ക്കിലും തികഞ്ഞ നിശബ്ദതയാണ് .സീസണില്‍ ടൂറിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ചില്ലറ
ആരവമല്ലാതെ ആന്‍ഡമാന്റെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോര്‍ട്ട്ബ്ലയര്‍ സിറ്റിയാണ്. എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണല്‍ത്തിട്ടകളും എക്കല്‍ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞ തടരേഖ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു.
ജൈവവൈവധ്യമാര്‍ന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമാണ് .ഹാവ് ലോക്കിലെ ഗ്രാമപ്പച്ചയില്‍ ഗുര്‍ജന്‍,ബദാം, പപീതാ, പടാക്, മാര്‍ബിള്‍ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങള്‍ തഴച്ചു വളരുന്നു.കടലോരത്തെ കണ്ടല്‍വനങ്ങള്‍ വര്‍ണശബളവും നിത്യഹരിതവുമാണ് . ലൈംസ്‌ടോണ്‍ ഗുഹയിലേക്കുള്ള വഴികളില്‍ സമൃദ്ധമായ മുളംകാടുകള്‍ ദൃശ്യമായി. വിവിധയിനം മുള,ചൂരല്‍,പന,ഈറ എന്നിവയും ആന്‍ഡമാന്‍ കാടുകളില്‍ യഥേഷ്ടം വളരുന്നു. തെങ്ങിന്‍തോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉള്‍പ്രദേശങ്ങളില്‍ ധാരാളം ഉണ്ട്.
ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം നിലകൊള്ളുന്നത്. എന്നാല്‍ ഇന്‍ഡോനേഷ്യയിലേക്കും മ്യാന്‍മാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബര്‍മയിലെ അരക്കന്‍ യോമ പര്‍വതശൃംഖലയുടെ തുടര്‍ച്ചയില്‍ നീഗ്രായിസ് മുനമ്പ് മുതല്‍ അച്ചിന്‍ഹെഡ് വരെ നീളുന്ന സമുദ്രാന്തര പര്‍വതങ്ങളുടെ എഴുന്നുനില്ക്കുന്ന പാര്‍ശ്വങ്ങളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപുകള്‍.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ' യൂണിയന്‍ ഭരണപ്രവിശ്യയുടെ'
പദവിയാണ് ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു.ആന്‍ഡമാന്‍ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ തടരേഖയില്‍ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടല്‍ വനസസ്യങ്ങളാണ് ആന്‍ഡമാന്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വന്‍കരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.
വിഭിന്ന ഭാഷകള്‍ സമ്മിശ്രമായി പുലരുന്നുവെങ്കിലും ഹിന്ദുസ്ഥാനിയാണ് പൊതുവെ മുന്നിട്ടുനില്‍ക്കുന്നത് .
പോര്‍ട്ട്ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക മറൈന്‍ മ്യൂസിയങ്ങളും ഗാന്ധിപാര്‍ക്കും സെല്ലുലാര്‍ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാര്‍ ജയില്‍. ഡാനിഷ് പോര്‍ട്ടുഗല്‍ ഡച്ച് കോളനികള്‍ക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാ പാനി' എന്നറിയപ്പെട്ട സെല്ലുലാര്‍ ജയില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആന്‍ഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കല്‍തുറുങ്കകളില്‍ തടവിലിടുകയായിരുന്നു.ഇങ്ങനെ ബര്‍മയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള തടവുകാര്‍ക്കൊപ്പം മലബാര്‍ ലഹളയില്‍ തടവിലാക്കപ്പെട്ടവരെയും ആന്‍ഡമാന്‍ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആന്‍ഡമാന്‍ അറിയപ്പെട്ടു.
ആന്‍ഡമാനില്‍ 'നിഗ്രിറ്റോ ' വര്‍ഗവും നിക്കോബാറില്‍ 'മംഗളോയിഡ്' വര്‍ഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വര്‍ഗക്കാര്‍ മധ്യ ഉത്തര ആന്‍ഡമാനിലെ തീരഭൂമിയില്‍ അധിവസിക്കുന്നു. ഓന്‍ഗകള്‍, ജവരകള്‍, സെന്റിനലുകള്‍ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്‌കൃതസമൂഹവുമായി വലിയ ബന്ധം പുലര്‍ത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയില്‍ ബരാടാങ്ങിലേക്കുള്ള കാനനപാതയില്‍ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാന്‍കഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കള്‍ തലയില്‍ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവര്‍ മറഞ്ഞു.
കടലിന്റെ നീലജലത്തില്‍ അങ്ങിങ്ങായി കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ. ഹാവ് ലോക്ക്, നീല്‍, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളില്‍ ടൂറിസ്റ്റുകള്‍ ചെന്നെത്തുന്നു. ഹാവ് ലോക്കിലെ രാധാനഗര്‍ ബീച്ച് സാമാന്യം വലുതാണ്. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളില്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ വന്നണയുന്നു. തിരമാലകള്‍ക്കൊപ്പം കെട്ടിപ്പുണരുന്നു. കണ്ടല്‍കാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീര്‍ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാര്‍ന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകള്‍ ചിലവിടുന്ന സഞ്ചാരികള്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ നിന്നു മടങ്ങുന്നത് വര്‍ണങ്ങള്‍ ഒളിപ്പിച്ച സമുദ്രഗര്‍ഭയുടെ ഓര്‍മകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ സ്‌നോര്‍ക്കിങ് ,സ്‌ക്യൂബാ ഡൈവിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വര്‍ണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതല്‍പത്തിനു താഴെ നമ്മെ കാത്തിരിക്കും.
https://www.facebook.com/Malayalivartha