എല്ലോറ - കല്ലില്‍ കൊത്തിവെച്ച കവിത
ഫലഭൂയിഷ്ടമായ ഡെക്കാന്‍സമതലത്തിന്റെ ദക്ഷിണപദം കയ്യാളിയിരുന്ന രാഷ്ട്രകൂടവംശത്തിലെ രാജഭരണത്തിന്റെ സൌഭഗകലയാണ് എല്ലോറ. കിഴുക്കാം തൂക്കായികിടന്ന അഗ്‌നിശൈല പ്രദേശമാണ് കൈലാസത്തിന് രൂപം നല്‍കിയത്. ദ്രാവിഡ പല്ലവ ചാലൂക്യ ശൈലികള്‍ ഇഴചേര്‍ന്ന ശില്പകലാചാതുരി എല്ലോറയുടെ രചനയില്‍ പ്രകടമാണ്. ഹിന്ദു ബുദ്ധ ജൈന ദര്‍ശനങ്ങളുടെ പ്രതിഫലനം പാറക്കെട്ടുകളില്‍ വിരിഞ്ഞ ഗുഹാവാസ്തുവിദ്യയില്‍ നമുക്ക് വായിച്ചെടുക്കാം.
ഭീമാകാരമായ ഒരു പാറയുടെ പുറംപാളി മൂന്നായി പൊഴിച്ച് ശില്പവിന്യാസം നിറവേറ്റിയതാണ് നാമിന്നു കാണുന്ന എല്ലോറയിലെ കൈലാസം. മാജിക് മൗണ്ടൈന്‍ എന്നറിയപ്പെടുന്ന എല്ലോറ കൈലാസനാഥക്ഷേത്രം എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഔറംഗാബാദ് ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ കൃഷ്ണന്‍ ഒന്നാമന്‍ പണിതീര്‍ത്തതാണത്രേ.
പ്രധാന ഗോപുരത്തിന്റെ പ്രദക്ഷിണവഴിയില്‍ പതിനെട്ടുമീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള രണ്ടു കല്‍ത്തൂണുകള്‍ കാണാം. കൈലാസത്തിന്റെ പ്രധാനകവാടം തുറക്കുമ്പോള്‍ ദൃശ്യമാകുന്ന ഈ സ്ഥാണുക്കളും ഇരുവശങ്ങളിലായി കരിങ്കല്ലില്‍ വിടര്‍ന്നുനിന്ന തലയെടുപ്പുള്ള ഗജവീരന്‍മാരും അകത്തളത്തിലെ ശില്പമഹിമക്കു മകുടംചാര്‍ത്തി. പില്‍ക്കാലത്ത് ശത്രുരാജാക്കന്മാരുടെ ഹിംസയില്‍ തകര്‍ന്ന ശിലകളുടെ കൂട്ടത്തില്‍ നഷ്ടപ്പെട്ട തുമ്പിക്കൈകളുമായി ശിലയിലുറഞ്ഞുനിന്ന ആനകള്‍ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടെയും വേദനയായി. അര്‍ദ്ധവൃത്തത്തില്‍ അപ്രദിക്ഷിണമായി നടന്നു നീങ്ങുമ്പോള്‍ എല്ലോറയുടെ ശിലകളില്‍ ഉളിപ്പാട് തീര്‍ത്ത ശില്പികളെ മനസ്സാ ധ്യാനിച്ചു.
പ്രൌഡിയുടെ ആകരമായി എല്ലോറയിലെ ഗുഹാമന്ദിരങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നു. മുപ്പത്തിനാല് ഗുഹാക്ഷേത്രങ്ങളുള്ളതില്‍ പതിനേഴും ഹൈന്ദവമാതൃകയില്‍ പണി തീര്‍ത്തവയാണ്. പന്ത്രണ്ടെണ്ണം ബുദ്ധചൈത്യങ്ങളും അവശേഷിച്ചവ ജൈനവിഹാരങ്ങളുമാണ്.
ഗുഹാക്ഷേത്രങ്ങളുടെ മേല്‍ത്തട്ടുകളും ചുമരും വര്‍ണാലംകൃതവും സ്വാഭാവിക സവിശേഷതകളാല്‍ സമ്പന്നവുമായിരുന്നു. ഹിമവെണ്മയാര്‍ന്ന മാര്‍ബിള്‍ ക്കല്ലുകള്‍ പാകിയ ഗുഹാന്തര്‍ഭാഗങ്ങള്‍ ശില്പികളുടെ ഉളിപ്പാടുകള്‍ തീര്‍ത്ത ജീവസുറ്റ ശില്പങ്ങളാല്‍ ശ്രദ്ധേയങ്ങളുമായിരുന്നു. പലതിനും ഗ്രീക്ക് ശില്പങ്ങളെ ഓര്‍മിപ്പിക്കും വിധം സമാനതയും മിഴിവും ഉണ്ടായിരുന്നു. ഗോഥിക് ശൈലിയുടെ പ്രഭാവം ചരിത്രാതീതമായ സൗന്ദര്യം പകരുന്നു.ശില്‍പങ്ങളുടെ നില, വടിവ്, മുദ്രകളുടെയും കരണങ്ങളുടെയും സമമിതി ,കണ്ണുകളുടെ തിളക്കം, സജീവമായ ചലനാത്മകത, സഹജമായ ലയാത്മകത എന്നിങ്ങനെ സര്‍ഗവൈഭവം തുടിക്കുന്ന മുദ്രകളാല്‍ കാലതീതമായൊരു ചൈതന്യം എല്ലോറക്കുണ്ടായിരുന്നു.മുഗള്‍രാജവംശം ഡക്കാന്‍സമതലം ആക്രമിക്കുന്ന കാലം 'രംഗ് മഹല്‍' എന്ന പേരിലറിയപ്പെട്ട എല്ലോറ ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്രതാപങ്ങളുടെ തിരസ്‌കരണി യില്‍ അമര്‍ന്നുപോയി.
നിറങ്ങളുടെയും പ്രകാശത്തിന്റെയും സംയോജനം സാധ്യമാക്കുന്ന അപൂര്‍വഭംഗിയുള്ള കാഴ്ച ശിലയില്‍ കൊത്തിയെടുത്തത് എത്ര സമ്മോഹനമായാണ് എല്ലോറയുടെ പ്രാകാരചുറ്റില്‍ ദൃശ്യമാകുന്നത്? അതെ,കല്ലില്‍ കൊത്തിവെച്ച കവിതയാണ് എല്ലോറ.
https://www.facebook.com/Malayalivartha