ധ്യാനത്തിന്റെ ശിലാഗൃഹങ്ങള്‍
കറുത്ത പാറക്കൂട്ടങ്ങളില്‍ കൊത്തിയെടുത്ത കാര്‍ലാഗുഹകളില്‍ ഒരു കാലത്ത് ബുദ്ധമതത്തിന്റെ മന്ത്രങ്ങള്‍ നിറഞ്ഞു. ധ്യാനവും മനവും നിറഞ്ഞു... ലോനാവാലയ്ക്ക് ഇപ്പോള്‍ പഴയ പകിട്ടല്ല. മുംബൈയുടെ തിളച്ചു മറിയുന്ന ജീവിതച്ചൂടില് നിന്നും ഒളിച്ചോടിയെത്തുന്നവരുടെ സ്വര്ഗമായിരുന്നു ഒരു കാലത്ത് ഈ പര്‍വത പാര്‍ശ്വം. ജീവിതത്തോടൊപ്പം ഭൂമിയ്ക്കും ചൂട് കൂടിയപ്പോള്‍ ലോനാവാലയിലെ ഹരിതകാന്തി മറഞ്ഞു. ജലധാരകള്‍ വറ്റി. തണുത്ത തടങ്ങള്‍ വെയിലില്‍ വെന്തു. ഒറ്റ നോട്ടത്തില്‍ തന്നെ ഇന്ന് ഇവിടം ഒരു വരണ്ട മേട് മാത്രം.
വര്‍ത്തമാന കാലത്തിന്റെ ചൂടേറ്റ് കൊണ്ട് ലോനാവാലയുടെ അടരുകളിലേക്കിറങ്ങിയാല്‍ തണുത്തുറഞ്ഞു കിടക്കുന്ന ഏകാന്തമായ ചിലയിടങ്ങള്‍ കാണാം. കാര്‍ലയിലെ കല്‍്ഗുഹകളാണ് ഇതില്‍ പ്രധാനം. പ്രധാനപാതയില്‍ നിന്നും വഴിമാറി കുന്നിന് മുകളില്‍ ഈ ഗുഹകള്‍ രണ്ടായിരത്തിലധികം വര്‍ഷങ്ങളൂടെ സ്പന്ദനങ്ങളുമായി കാല പ്രവാഹത്തിലേക്ക് കണ്‍തുറന്ന് നില്ക്കുന്നു.
ചെരുവില്‍ കൊത്തിയെടുത്ത എഴുന്നൂറിലധികം പടവുകള്‍കയറി വേണം കാര്‍ല ഗുഹയിലെത്താന്‍. വഴിയോരത്ത് വലുതും ചെറുതുമായ വാണിഭ ശാലകള്‍,വനവിഭവങ്ങള്‍നിലത്തു വെച്ച് വില്‍ക്കുന്ന ആദിവാസികള്‍, കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള യാചകര്‍, കൊച്ചു കോവിലുകള്‍
കുന്നുകയറി കിതയ്ക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് തണുത്ത മണ്‍കുടത്തില്‍ അമൃതിനു സമാനമായ മോരുമായി മറാത്തി സ്ത്രീകള്‍, അലഞ്ഞു നടക്കുന്ന നായ്ക്കള്‍.. ആ വഴി കയറി മുകളിലെത്തുമ്പോള്‍ വൃത്തിയുള്ള മുറ്റത്തിന്റെ മുകളിലായി കറുത്ത ശിലയില്‍ ജാലകങ്ങള്‍ പോലെ ഗുഹകള്‍.
ക്രിസ്തുവിന് മുമ്പ് രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണ് ഈ ബൗദ്ധ ഗുഹകള്‍, നിര്‍മ്മിക്കപ്പെട്ടത്. തേരാവാദ ബുദ്ധ മത വിഭാഗത്തിലെ ഭിക്ഷുക്കളായിരുന്നു കാര്‍ലാ ഗുഹയിലെ താപസര്‍.അറബിക്കടലില്‍ നിന്നും ഡക്കാണിലേക്ക് നീളുന്ന പുരാതനമായ ഈ വാണിജ്യ പാതയില്‍ അക്കാലം മതവും സഞ്ചാരവും വ്യവസായവും കൂടിക്കുഴഞ്ഞ് കിടന്നു. ഈ ഗുഹാ വിഹാരങ്ങളും ചൈത്യങ്ങളും വഴിയാത്രികര്‍ക്ക് തണലും തല ചായ്ക്കാന്‍ ഇടവും നല്കിയിരിക്കണം. ഒപ്പം, ഇരുട്ട് നിറഞ്ഞ കൊച്ചു ഗൂഹകളില്‍ധ്യാനത്തിന്റെ പത്മദളങ്ങള് വിടര്‍ന്നു.
ഒറ്റ മുറി ഗുഹകളാണ് ഏറെയും ഒരാള്‍ക്ക് അവയില്‍ ഒതുങ്ങിക്കൂടാം.ചിലതില്‍ ചതുരത്തില്‍ കൊത്തിയെടുത്ത ചുമരലമാരകള്‍ കാണാം. വിളക്കു വെക്കാനുള്ള ഇടങ്ങളും അജ്ഞാതമായ ലിപികളിലുള്ള എഴുത്തുകളും അവിടവിടെയുണ്ട്. ഗുഹകളിലേക്ക് കയറുന്ന ഗോവണി പാറ തുരന്ന് ഉണ്ടാക്കിയതാണ്. മുകളിലേക്ക് ഇഴഞ്ഞിഴഞ്ഞ് കയറുന്ന ആ വഴിയില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴകിയ ഇരുട്ട്, നരച്ചീറിന്റെ ചിറകൊടിയൊച്ച, തണുത്ത കല്ലിന്റെ ഗന്ധം.
ചൈത്യഗൃഹമാണ് കാര്‍ലയിലെ കാഴ്ച.കല്ലില്‍ കൊത്തിയ കൂറ്റന്‍ ആനകള്‍ കാവല്‍ നില്ക്കുന്ന കവാടം കടന്നാല്‍ വലിയൊരു ഹാളാണ്. വിലാസവതികളായ നര്‍ത്തകികളുടെ ശില്പ്പം കൊത്തിയ അലംകൃതമായ തൂണുകള്‍ ഇരുവശത്തും. ബുദ്ധശാന്തതയുടെ തളത്തിലേക്ക് തുളുമ്പുന്ന ക്യാമറ ദൃശ്യങ്ങള്‍! ഹാളിന്റെ അങ്ങേയറ്റം സാരനാഥിനെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള സ്തൂപം.
ഈ ചൈത്യഗൃഹത്തിന്റെ മുകളിലാണ് വിസ്മയം കൂടു വെച്ചിരിക്കുന്നത്. കമാന ആകൃതിയില്‍ തീര്‍ത്ത മരപ്പലകകള്‍ പാറയില്‍ പ്രകൃതി തീര്‍ത്ത ആ മേല്ക്കൂരയില്‍ഘടിപ്പിച്ചിരിക്കുന്നു. രണ്ടായിരത്തിലധികം വര്‍ഷമായി ആ മരങ്ങള്‍ അങ്ങിനെ തന്നെ നില്ക്കുകയാണ്; കാലത്തെ വെല്ലുന്ന കാതലുറപ്പോടെ!
https://www.facebook.com/Malayalivartha