ഹൊഗനക്കല്‍ ഇന്ത്യയുടെ 'നയാഗ്ര'
കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ലോകപ്രശസ്തമാണ്. ഒരിക്കലെങ്കിലും നയാഗ്രയെ നേരിട്ട് കാണാന്‍ മോഹിക്കാത്തവരുമുണ്ടാവില്ല. എന്നാല്‍ നയാഗ്രയെപ്പോലെ വരില്ലെങ്കിലും സൗന്ദര്യത്തില്‍ അത്ഭുതമാകുന്ന ഒരു വെളളച്ചാട്ടം തെന്നിന്ത്യയിലുമുണ്ട്. ഇന്ത്യന്‍ നയാഗ്ര എന്ന വിളിപ്പേരും ഈ വെള്ളച്ചാട്ടത്തിനുണ്ട്. ഹൊഗനക്കല്‍ വെള്ളച്ചാട്ടമാണ് ഈ ഇന്ത്യന്‍ നയാഗ്ര. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് ഉത്ഭവിക്കുന്ന കാവേരി നദിയിലാണ് ഹൊഗനക്കല്‍ വെള്ളച്ചാട്ടം.
കാവേരിയിലാണ് വെള്ളച്ചാട്ടമെങ്കിലും ഹൊഗനക്കല്‍ തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടിലെ ധരംപുരി ജില്ലയിലാണ് ഹൊഗനക്കല്‍. ഹൊഗനക്കല്‍ എന്ന കന്നഡ വാക്കിന്റെ അര്‍ഥം പുകപ്പാറ എന്നാണ്. അതായത് വെള്ളച്ചാട്ടം താഴെ പാറയില്‍ തട്ടി പുക പോലെ വെള്ളത്തുള്ളികള്‍ ഉയരുന്നു. ഈ അനുപമമായ കാഴ്ചകൊണ്ടാണ് ഹൊഗനക്കലിന് ഇന്ത്യന്‍ നയാഗ്ര എന്ന വിളിപ്പേര് വീണത്.
ഇനി ഹൊഗനക്കലിന്റെ പ്രത്യേകതകളിലേക്ക് പോകാം. കാവേരിയിലെ ഔഷധക്കുളിയും കാവേരി നദിയിലൂടെ സാഹസികമായ കുട്ടവഞ്ചി യാത്രയും പിന്നെ അസാധാരണമായ പ്രകൃതിയുടെ കാഴ്ചകളും. ഹൊഗനക്കലിലേക്ക് എത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് ഇതെല്ലാമാണ്.
നൂറു കണക്കിന് കിലോമീറ്ററുകള്‍ കാടിനു നടുവിലൂടെ ഒഴുകുന്ന കാവേരിയുടെ വെള്ളം ഔഷധഗുണമുള്ളതാണെന്നാണ് വിശ്വാസം. അപൂര്‍വങ്ങളായ പച്ചമരുന്നുകള്‍ നിറഞ്ഞ കാടിനെ തഴുകി ഒഴുകുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിശ്വാസം. അതുകൊണ്ടു തന്നെ ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ ഏത് രോഗവും ശമിക്കുമെന്ന് വിശ്വാസം.
ഹൊഗനക്കലില്‍ ബോട്ടിംഗ് ഇല്ല. പകരം കുട്ടവഞ്ചിയിലാണ് അതിസാഹസികമായ യാത്ര. അഞ്ഞൂറ് കുട്ടവഞ്ചികളെങ്കിലും ഓരോ സീസണിലും റെഡിയാണ്. കുട്ടവഞ്ചി തുഴഞ്ഞ് പോകാന്‍ കൈക്കരുത്തും മനക്കരുത്തുമുള്ള തുഴക്കാരുമുണ്ട് ഇവിടെ. കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതാണ് കുട്ടവഞ്ചിയുടെ യാത്ര.
തടാകങ്ങളിലെ ബോട്ടിംഗിനെ എല്ലാം അപേക്ഷിച്ച് അസാധാരണമായ സാഹസിക അനുഭവമാണ് കുട്ടവഞ്ചി യാത്ര. എന്നാല്‍ തുഴക്കാര്‍ പ്രഗത്ഭരായതിനാല്‍ അപകടഭയം വേണ്ട. ഒരു വഞ്ചിയില്‍ തുഴക്കാരനടക്കം പരമാവധി ആറു പേര്‍ക്ക് കയറാം. നൂറടി വെള്ളത്തിലൂടെയാണ് ഈ കുട്ടവഞ്ചിയിലെ യാത്ര. തമിഴില്‍ ഈ വഞ്ചിക്ക് പരിശല്‍ എന്നാണ് പേര്. യാതൊരു സാങ്കേതിക വിദ്യയും വിളക്കിചേര്‍ക്കാത്ത തനി നാടന്‍ ഏര്‍പ്പാട്.
ഹൊഗനക്കിലിലെ നദിയിലൂടെ കുട്ടവഞ്ചില്‍ പോകുമ്പോള്‍ 20 മീറ്റര്‍ ഉയരത്തില്‍ ഇരുവശത്തും പാറക്കെട്ടുകളുണ്ട്. ഒരു ഹോളിവുഡ് സിനിമയിലെ ദൃശ്യഭംഗിയാണ് ഇവിടെ. ഈ ഒരൊറ്റ യാത്ര മതിയാകും ഹൊഗനാക്കലിനെ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ .
കുട്ടവഞ്ചിയിലെ യാത്ര കഴിഞ്ഞാല്‍ ഒരു ഉശിരന്‍ ഭക്ഷണമുണ്ട് ഹൊഗനക്കലില്‍. നദിയില്‍ നിന്നും ചൂണ്ടയിട്ട് പിടിക്കുന്ന കട്‌ല മീന്‍ പൊരിച്ചത്. 50 കിലോ തൂക്കമുള്ള മീനിനെ വരെ നദിയില്‍ നിന്നും കിട്ടും. വഴിയോരത്തെ കടകളില്‍ മീന്‍ കഷ്ണങ്ങളാക്കി മുളക്പുരട്ടി വെച്ചിരിക്കും. കഷ്ണം കാണിച്ചു കൊടുത്താല്‍ അപ്പോള്‍ തന്നെ പൊരിച്ച് തരും. കട്‌ല മീന്‍ പൊരിച്ചത് കഴിക്കാതെ ഹൊഗനക്കല്‍ യാത്ര ഒരിക്കലും പൂര്ണമാകില്ല . അപ്പോള്‍ ഇനി നയാഗ്രയെ കണ്ടിട്ടില്ലെന്ന നഷ്ടബോധം വേണ്ട. തനി നടന്‍ നയാഗ്ര ഇവിടെ കാവേരി ഒരുക്കിയിട്ടുണ്ട്. ഒപ്പം കുട്ടവഞ്ചിയില്‍ ഒരു ഗംഭീര യാത്രയും.
https://www.facebook.com/Malayalivartha