കാശ്മീര്‍ യാത്രയ്‌ക്കൊരുങ്ങാം
ഓരോ സഞ്ചാരിയുടെയും സ്വപ്നലോകമാണ് കാശ്മീര്‍.എന്നാല്‍ എങ്ങനെ പോകണം, എപ്പോള്‍ പോകണം, എവിടെയൊക്കെ പോകണം എന്നിങ്ങനെ സംശയങ്ങള്‍ ധാരാളം.
കാശ്മീരിലേക്ക് പോകാന്‍ ഏറ്റവും എളുപ്പവും സുഖകരവുമായ മാര്‍ഗം വിമാനം തന്നെയാണ്. മുന്‍ കൂട്ടി ബുക്ക് ചെയ്താല്‍ കൊച്ചിയില്‍നിന്ന് 13000 രൂപ മുതല്‍ റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെ ലഭിക്കും. കേരളത്തില്‍ നിന്ന് പോകുന്ന ജമ്മുതാവി എക്‌സ്പ്രസ്സില്‍ ജമ്മുവഴിയും (65 മണിക്കൂര്‍ യാത്ര) അവിടെനിന്ന് ശ്രീനഗറിലേക്ക് 10 മുതല്‍ 20 മണിക്കൂര്‍വരെ (ac 2 tier Rs. 3700- 3 tier Rs. 2460). ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ്, ജമ്മു വഴി ബസ്സിലും കാറിലും ശ്രീനഗറില്‍ എത്തിചേരാം. ഈ വഴി പോയാല്‍ ജമ്മുവിലെയും പഞ്ചാബിലേയും കാഴ്ചകള്‍ കാണാം.
ജമ്മുവില്‍ ഹിന്ദു പൈതൃകങ്ങളും ശ്രീനഗറില്‍ മുസ്ലിം പൈതൃകങ്ങളുമാണ് കൂടുതല്‍. കാശ്മീരില്‍ ബസ് യാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. സമയനഷ്ടം കൂടും. ചെറിയ റോഡുകളും ട്ട്രാഫിക്കും നിറഞ്ഞ സിറ്റിയാണ് ശ്രീനഗര്‍. കാറിലാണെങ്കില്‍ സമയവും പൊടിപടലങ്ങളില്‍ നിന്ന് രക്ഷയും നേടാം. ചെറിയ കാറുകള്‍ക്ക് ഒരുദിവസത്തേക്ക് ആയിരം രൂപ മുതലും ഇന്നോവയ്ക്ക് രണ്ടായിരം മുതലും വാടകക്ക് വിളിക്കാം.
ഏതു കാലത്തും കാശ്മീരില്‍ പോകാം. സമ്മറില്‍ കാശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകി തീര്‍ന്ന് നദികളും തടാകങ്ങളും അരുവികളും തണുത്ത നീല ജലത്താല്‍ സജീവമായിരിക്കും. അസഹനീയമായ ചൂടോ തണുപ്പോ അനുഭവപ്പെടുകയില്ല. ഈ കാലഘട്ടത്തിലാണ് കാര്‍ഗിലേക്കും ലേയിലേക്കുമുള്ള റോഡുകള്‍ തുറക്കുന്നത്. പക്ഷെ വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞില്‍കുളിച്ച കാശ്മീര്‍ കാണണമെങ്കില്‍ വിന്ററിലോ അതിനടുത്ത മാസങ്ങളിലോ പോകണം. നല്ല തണുപ്പും ഭൂമിയാകെ മഞ്ഞില്‍കുളിച്ച് മരങ്ങളില്‍ ഇലകളെല്ലാം കൊഴിഞ്ഞ് നദികളില്‍ വെള്ളം കുറവുമാകും.
കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പല്‍ഗാമും ശ്രീനഗറുമാണ്. ശ്രീനഗറില്‍നിന്ന് ഒന്ന് രണ്ട് മണിക്കൂറില്‍ എത്താവുന്ന സ്ഥലങ്ങളാണ് ഇവിടങ്ങള്‍. ശ്രീനഗറില്‍ ഹൗസ്‌ബോട്ടിലും ഥാല്‍ തടാകക്കരകളിലുമായി ഒരുപാട് നല്ല താമസസൗകര്യങ്ങളുണ്ട്. 1500 മുതല്‍ 5000 വരെയാണ് ചാര്‍ജ്.ഏപ്രില്‍ മാസത്തിലാണ് ഏഷ്യയിലെ രണ്ടാമത്തെ ടുലിപ് ഗാര്‍ഡന്‍ ശ്രീനഗറില്‍ സജീവമാകുക. ഓഗസ്റ്റിലും സെപ്റ്റംബറിലും ആപ്പിള്‍ മരങ്ങള്‍ പൂക്കുന്ന സമയവുമാണ്.
ഗുല്‍മര്‍ഗ്ഗ് (Meadow of Flowers)
ശ്രീനഗര്‍ ടൗണില്‍ നിന്ന് 50 കിലോമീറ്ററില്‍ കൂടുതലുള്ള ഗുല്‍മര്‍ഗ്ഗ് കാശ്മീരിലെ ബരാമുള്ള ജില്ലയിലാണ്. സുപ്രധാന ടൂറിസ്റ്റ് കേന്ദ്രം. കാറില്‍ ട്രാഫിക്കില്ലെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ എത്തിച്ചേരാം. ചുരം കേറിക്കഴിഞ്ഞാല്‍ ഒരു ചെറിയ ചെക്‌പ്പോസ്റ്റ് ഫീസ് ഈടാക്കുന്നതാണ്. ഗുല്‍മര്‍ഗ്ഗിലെ കുതിരക്കാരും കച്ചവടക്കാരും പിടിച്ചു പറിക്കാരും ടൂറിസ്റ്റുകളെ പരമാവധി പിഴിയുന്നവരുമാണ്.
മഞ്ഞിലേക്ക് ഇറങ്ങാനുള്ള സജ്ജീകരണങ്ങല്‍ കയ്യില്‍ കരുതുക. ഗൊണ്ണ്‌ടോലാ റോപ്പ് വേയ്ക്കുള്ള ടിക്കറ്റിന് നല്ലതിരക്കും ഒരുമണിക്കൂറിലേറെ സമയവും പിടിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടെ സീസണ്‍. ലോകത്തിലെ എറ്റവും ചിലവ് കുറഞ്ഞ ഐസ് സ്‌കേറ്റിങ് ഇവിടെയാകും. മൂന്ന് ഘട്ടങ്ങളിലായി നിജപ്പെടുത്തിയിരിക്കുന്ന റോപ് വേ കാലാവസ്ഥയ്ക്ക് അനുസരിച്ചു മാത്രമേ തുറക്കൂ.
ഭൂമിയിലെ സ്വര്‍ഗ്ഗമാണ് കാശ്മീരെങ്കില്‍ ആ സ്വര്‍ഗ്ഗത്തിലെ ഒരു താഴ്വരയാണ് ഗുല്‍മര്‍ഗ്ഗ്. നിരവധി ബോളിവുഡ് സിനിമകള്‍ക്ക് ലൊക്കെഷനായ മനോഹരഭൂമി. ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങളായ സ്വിറ്റ്‌സര്‍ലാന്റിനോടും ന്വൂസിലാന്റിനോടും കിടപിടിക്കും ഈ താഴ്വര. ആറു മാസം മഞ്ഞില്‍ മൂടികിടക്കുന്ന ഈ പ്രദേശത്ത് സ്ഥിരതാമസക്കാരായ നാട്ടുകാര്‍ കുറവാണ്. 1000 രൂപ മുതല്‍ റൂമുകള്‍ ലഭ്യമാണ്. താമസിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അന്നുതന്നെ തിരിച്ച് ശ്രീനഗറിലേക്ക് പോകാം.
സോനാമാര്‍ഗ് (Valley of Shepherds)
ശ്രീനഗറില്‍നിന്ന് തൊണ്ണൂറ് കിലോമീറ്റര്‍ ലഡാക്ക് റൂട്ടില്‍ സഞ്ചരിച്ചാല്‍ സോനാമാര്‍ഗിലെത്താം. ഇന്ത്യയും ചൈനയും തമ്മില്‍ ബന്ധിപ്പിക്കുന്ന സില്‍ക് റോഡാണിത്. വര്‍ഷത്തില്‍ ആറുമാസം മാത്രമേ ഈ റോഡ് തുറക്കുകയുള്ളൂ. സോനാമാര്‍ഗില്‍ സ്ഥിരതാമസക്കാര്‍ വളരെക്കുറവാണ്. ടൂറിസ്റ്റ് സീസണില്‍ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള കച്ചവടക്കാരും കുതിരക്കാരും ടാക്‌സികളും ഹോട്ടലും മാത്രമേയുള്ളൂ.
കാശ്മീരിലേ ഏറ്റവും സൗന്ദര്യം നിറഞ്ഞ റോഡുകളില്‍ ഒന്നാണ് സില്‍ക്ക് റോഡ്. നീലപുതച്ച നദികളും വശ്യമനോഹരമായ താഴ്വാരങ്ങളും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ച്ചകളാണ്. കുതിരക്കാരുടെ ശല്യം ഇവിടെയും അസഹനീയമാണ്.
പോകുന്നവഴികളിലെ ആപ്പിള്‍ തോട്ടങ്ങളും കാശ്മീരി പുല്‍മേടുകളും ഏറെ ഹരം പിടിപ്പിക്കുന്ന കാഴ്ചകളാണ്. കാശ്മീര്‍ സന്ദര്‍ശനത്തില്‍ സോനാമാര്‍ഗ് ഒരിക്കലും ഒഴിവാക്കരുത്.
പല്‍ഗാം (Valley of Shepherds)
ശ്രീനഗറില്‍ നിന്ന് 90 കിലോമീറ്റര്‍ യാത്രയുണ്ട്. മിനിസ്സിസ്സര്‍ലാണ്ട് എന്നറിയപെടുന്ന, പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയും കൂടിച്ചേര്‍ന്ന സ്ഥലം. ജമ്മുവില്‍നിന്ന് വരുന്നവര്‍ക്ക് വരുന്ന വഴിയില്‍ നിന്ന് തന്നെ തിരിഞ്ഞ് വരാം. വഴികളിലെല്ലാം ആപ്രികോട്ട് മരങ്ങളും ആപ്പിള്‍ മരങ്ങളും കായ്കളാല്‍ സജീവമാണ്. വലിയ ഉരുണ്ട കല്ലുകള്‍ ചിന്നിച്ചിതറിയ നദികളില്‍ തട്ടിത്തെറിച്ചു പോകുന്ന ഒരുപാട് നദികളുള്ള വഴിയാണ്. ബേത്താബ് വാലിയും മിനി സ്വിറ്റ്‌സര്‍ലാന്റും സഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചകളാണ്.
ഏഷ്യയിലെ പ്രശസ്തമായതും വലിപ്പത്തില്‍ രണ്ടാം സ്ഥാനമുള്ളതുമാണ് ഇവിടത്തെ ടുലിപ് ഗാര്‍ഡന്‍. ധാല്‍ തടാകവും അതിനെ വട്ടമിട്ട് നില്‍ ക്കുന്ന ശ്രീനഗറും ഒരുപാട് ആക്രമണങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും സാക്ഷിയാണ് നഗരമാണ്. പ്രധാന ആകര്‍ഷണം ധാല്‍ തടാകം തന്നെയാണ്. വൈകുന്നേരങ്ങളില്‍ ചെറിയ വഞ്ചികളിലെ യാത്ര മറക്കാനാവാത്ത അനുഭവമാണ്. ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റും ഹൗസ് ബോട്ടും ലേക്കിന്റെ ഹരംകൂട്ടുന്നു.
സ്ഥലത്തെ പ്രധാനപ്പെട്ട നിര്‍മ്മിതിയാണ് ധാല്‍ തടാകത്തിന്റെ അരികിലുള്ള ഹസ്രത്ത്ഭാല്‍ മസ്ജിദ്. ഉദ്യാനങ്ങളായ നിഷാന്ത് ബാഗും ഷാലിമാര്‍ബാഗും ബോട്ടാണിക്കല്‍ ഗാര്‍ഡനും കാശ്മീരിലെ നല്ല കാഴ്ചകളാണ്. ശ്രീനഗര്‍ ഓള്‍ഡ് സിറ്റിയിലുള്ള ജാമിയ മസ്ജിത് മരത്തിന്റെ ഒറ്റത്തൂണില്‍ നിര്‍മിക്കപ്പെട്ട മസ്ജിദിന്റെ അകത്തളം വിശാലവും ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ചതുമാണ്.
ലേക്കും ലഡാക്കും ശ്രീനഗ്ഗറില്‍നിന്ന് ടാക്‌സിയില്‍ മൂന്ന് ദിവസം കൊണ്ട് പോയിവരാം; റോഡ് തുറക്കുന്ന സമയത്ത് മാത്രം. സാഹസിക സഞ്ചാരികള്‍ക്ക് മണാലിവഴിയാണ് കൂടുതല്‍ മൊട്ടക്കുന്നുകളും അരുവികളുമുള്ളത് കാഴ്ചകളും സമ്മാനിക്കുക.
കാശ്മീര്‍ ഒരു സ്വര്‍ഗ്ഗനഗരം തന്നെയാണ്. ഏതൊരു ഭാരതീയനും കാണേണ്ടതും അനുഭവിക്കേണ്ടതുമായ സ്ഥലം. കാശ്മീരില്‍ യാതൊരു വേവലാതിയും പേടിയും കൂടാതെ നിങ്ങള്‍ക്കു സഞ്ചരിക്കാം. എങ്ങും പട്ടാളവും ചെക്‌പോസ്റ്റുകളുമുണ്ട്. ഒരു പാട് മലയാളികള്‍ ഇന്ന് കാശ്മീര്‍ കാണാനെത്തുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയും ട്രാഫിക്കും ഒരു പക്ഷെ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം.
https://www.facebook.com/Malayalivartha