മൗലിന്നോങ്, ദൈവത്തിന്റെ സ്വന്തം പൂന്തോപ്പ്
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖല ജൈവവൈവിധ്യത്തിന്റെയും ഹരിതഭംഗികളുടെയും നിലവറ. മേഘാലയയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വൃത്തിയുടെയും പരിശുദ്ധിയുടെയും മികവുറ്റ മാതൃകകളാണ് . കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം പൂന്തോപ്പാണ് മൌലിന്യോംഗ്. ഏഷ്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി സൌഹൃദ ഗ്രാമമാ ണ് മേഘാലയിലുള്ള മൌലിന്യോംഗ്. ഷില്ലോങ്ങില്‍ നിന്ന് ഏകദേശം 80 കി.മീ അകലെ , ബംഗ്ലാദേശിന്റെ അതിര്‍ത്തിയിലാണ് ഈ മനോഹാരിത. ഒരു വാന്‍ഗോഗ് ചിത്രം പോലെ സുന്ദരം.
ആകപ്പാടെ നൂറില്‍ താഴെ വീടുകള്‍. മരക്കുടിലുകള്‍ എന്ന് പറയുന്നതാവും ശരി. തൂണുകളില്‍ കെട്ടിയുയര്‍ത്തി പണിത കുടിലുകള്‍, മേല്‍ക്കൂരയിലെ പുകയോടുകള്‍ , വളപ്പിലെ നാനാജാതി ഫലവൃക്ഷങ്ങള്‍ ,പൂന്തോപ്പുകള്‍ , ഉയരങ്ങളില്‍ നിന്ന് മുളം കുഴലിലൂടെ ഒഴുകി എത്തുന്ന ശുദ്ധജലം, സദാ ഉല്‍സാഹഭരിതരായ ഗ്രാമീണര്‍ .. ആകപ്പാടെ ഒരു ഉള്‍നാടന്‍ കേരളീയ ഗ്രാമത്തിന്റെ പ്രതീതി. പക്ഷെ വൃത്തിയുടെയും വെടുപ്പിന്റെയും കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണിവിടം. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്ന പുരസ്‌കാരം മൗലിന്നോങ്ങിന് രണ്ടു തവണ ലഭിച്ചു. 2003 ലും 2005 ലും .
വീടുകള്‍ തമ്മില്‍ അതിരുകളില്ല. വീടും പരിസരവും എല്ലായ്‌പ്പോഴും കമനീയം. ഒരില വീണാല്‍ ഉടനെ പെറുക്കി മാറ്റുന്ന കുട്ടികള്‍. വൃത്തിയെപ്പറ്റി കുട്ടികളില്‍ ചെറുപ്പത്തിലെ ബോധവത്കരണം നടത്തുന്നത് ഈ ഗ്രാമത്തിലെ പ്രത്യേകതയാണ്. മാലിന്യനിര്‍മാജനത്തെപ്പറ്റി ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കും. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെയും വൃത്തിയെപ്പറ്റി ഗ്രാമവാസികള്‍ ബോധവത്കരിക്കും. നിരവധി നിര്‍ദേശങ്ങളാണ് വിനോദസഞ്ചാരികള്‍ക്കായി ഗ്രാമവാസികള്‍ ഒരുക്കിയിരിക്കുന്നത്.വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചൂരല്‍ക്കൊട്ടകള്‍ സന്ദര്‍ശകര്‍ക്ക് അവരുടെ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കാനുള്ളതാണ് . ഇതു കാരണം ഗ്രാമത്തില്‍ ഒരിക്കലും മാലിന്യം കുന്നുകൂടുകയില്ല. ഇടവഴികളും , നാട്ടുപാതകള്‍ പോലും എപ്പോഴും തൂത്തുവാരുന്ന സ്ത്രീകള്‍. പ്ലാസ്റ്റിക് എന്നൊരു വസ്തു മഷിയിട്ടു നോക്കിയാലും കാണില്ല. ഇക്കോടൂറിസമാണ് ഖാസി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ നടപ്പാക്കുന്നത്.
മാലിന്യം നിക്ഷേപിക്കാനായി എല്ലാ വീടുകളിലും മുളകൊണ്ടു നിര്‍മിച്ച ബാസ്‌കറ്റുകളുണ്ട്. ഇതു നിറയുമ്പോള്‍ ആര്‍ക്കും ശല്യമുണ്ടാകാത്ത രീതിയില്‍ സംസ്‌കരിക്കുന്നു .ചുറുചുറു ക്കോടെ പണിയെടുക്കുന്ന പുരുഷന്മാരും, എളിമയോടെ പെരുമാറുന്ന കുട്ടികളും ആദ്യംമുതല്‍ തന്നെ നമ്മുടെ മനം കവരും. പള്ളിക്കൂടങ്ങള്‍, കുട്ടികളുടെ കളിചിരി ശബ്ദങ്ങള്‍ ,അധ്യാപകരുടെ വിനീതമായ പെരുമാറ്റം എല്ലാം നമ്മെ വല്ലാതെ ആകര്‍ഷിക്കും.
എപ്പോഴും പൂത്തു നില്‍ക്കുന്ന ചെടികള്‍ നിറഞ്ഞതാണ് മൗലിന്നോങ് ഗ്രാമം. പപ്പായ, മുന്തിരി , ഓറഞ്ച്, പൈന്‍ആപ്പിള്‍, മറ്റു സമൃദ്ധമായ ഫലവര്‍ഗങ്ങള്‍ ....തികച്ചും ലളിതമായ ജീവിതം. ആര്‍ഭാടങ്ങളില്ല. പുകവലി,മദ്യപാനം എല്ലാം വര്‍ജ്യം. ആഴ്ചച്ചന്തകള്‍ ഒഴികെ മറ്റു കച്ചവട കേന്ദ്രങ്ങളും ഇല്ലെന്നുതന്നെ പറയാം. ചൂരലും മുളയും പുകയിലയും ,പച്ചക്കറി പഴവര്‍ഗങ്ങളും പ്രധാന വരുമാന മാര്‍ഗങ്ങളാണ്. അവരുടെ ലളിത ജീവിതം കാണുമ്പോള്‍ നമുക്ക് , നമ്മുടെ ആര്‍ഭാടം നിറഞ്ഞ വ്യവഹാരങ്ങളെ ഓര്‍ത്ത് അല്പം കുറ്റബോധം തോന്നാതിരിക്കില്ല. ഞങ്ങള്‍ ഷില്ലോങ്ങില്‍ നിന്ന് വാങ്ങികൊണ്ടുപോയ മധുര പലഹാരങ്ങള്‍ മടിയോടെയാണ് കുട്ടികള്‍ പോലും സ്വീകരിച്ചത്. ഗ്രാമ മുഖ്യന് ഞങ്ങള്‍ കൊടുത്ത എളിയ സംഭാവനക്ക് അദ്ദേഹം രശീത് നല്‍കി നന്ദി രേഖപ്പെടുത്തുകയും സന്ദര്‍ശകപുസ്തകത്തില്‍ അഭിപ്രായം എഴുതി വാങ്ങുകയും ചെയ്തു.
ഗ്രാമീണര്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കും. മേഘാലയയുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലിഷ്, ഉള്‍നാടന്‍ ഗ്രാമാന്തരങ്ങളിലും പ്രയോഗത്തിലുള്ളത് സന്ദര്‍ശകരെ ആകര്‍ഷിക്കും. ക്രിസ്ത്യന്‍ മിഷനറിമാരുടെ കഴിഞ്ഞ നൂറ്റാണ്ടിലെ അവിശ്രമമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങളില്‍ ഒന്ന്.
വെള്ളച്ചാട്ടങ്ങളും കൊച്ചരുവികളുമാണ് മൗലിന്നോങ്ങിന്റെ മറ്റൊരു പ്രത്യേകത. ഈ അരുവികള്‍ക്ക് മുകളിലൂടെ മരത്തിന്റെ വേരുകളില്‍ തീര്‍ത്ത പാലങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വേരു പാലങ്ങളിലൂടെ യാത്ര ചെയ്യാന്‍ വേണ്ടി മാത്രം ഗ്രാമത്തിലെത്തുന്നവരും നിരവധി.മുളകളില്‍ തീര്‍ത്ത നിരവധി വീടുകളും ഏറുമാടങ്ങളും വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ വേണ്ടി ഇവിടെയുണ്ട്.
മൌലിന്യോംഗ് ഇന്നും മധുരിക്കുന്ന ഓര്‍മയായി നില്‍ക്കുന്നു.
https://www.facebook.com/Malayalivartha-Travel-Leisure-568381993333344/
https://www.facebook.com/Malayalivartha